സൗദി അറേബ്യയിൽ വിവിധ അഴിമതി കേസുകളുമായി ബന്ധപ്പെട്ട് നിരവധി പേരെ അറസ്റ്റ് ചെയ്തതായി കൺട്രോൾ ആൻഡ് ആന്റി കറപ്ഷൻ അതോറിറ്റി വക്താവ് അറിയിച്ചു.പിടിയിലായവരിൽ സർക്കാരിന്റെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും, സൈനിക ഉദ്യോഗസ്ഥരും, സാധാരണ പൗരന്മാരും ഉൾപ്പെടുന്നു. ഈ കേസുകളിൽ നിയമനടപടികൾ പൂർത്തിയായി വരികയാണെന്നും അധികൃതർ അറിയിച്ചു.ഹജ്ജ് സുരക്ഷാ നടപടികൾ അട്ടിമറിച്ച് അനധികൃതമായി ഹാജിമാരെ കടത്തിവിടാൻ ശ്രമിച്ചതിനാണ് ആഭ്യന്തര, പ്രതിരോധ, ഇസ്ലാമിക കാര്യ മന്ത്രാലയങ്ങളിലെ 30 ഉദ്യോഗസ്ഥർ അറസ്റ്റിലായത്.ഒരു യൂണിവേഴ്സിറ്റിയിലെ മുൻ ഉദ്യോഗസ്ഥൻ 100,800 റിയാൽ തട്ടിയെടുത്തതിനും, പാസ്‌പോർട്ട്, സിവിൽ ഡിഫൻസ്, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയതിനും പിടിയിലായി.കൂടാതെ, താൽക്കാലിക വിസകൾ നീട്ടി നൽകാനും നിയമലംഘനങ്ങൾ കണ്ടില്ലെന്ന് നടിക്കാനും നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനധികൃത അനുമതി നൽകാനും പണം കൈപ്പറ്റിയതിന് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തു.നിയമവിരുദ്ധമായി പുകയില ഉൽപ്പന്നങ്ങൾ പുറത്തുകടത്താൻ കസ്റ്റംസ് ഉദ്യോഗസ്ഥന് കൈക്കൂലി നൽകാൻ ശ്രമിച്ച ഒരു പ്രവാസിയും, കോടതിയിലെ കേസുകളെക്കുറിച്ചുള്ള വിവരങ്ങൾ ചോർത്തി നൽകിയതിന് ഒരു ജുഡീഷ്യൽ ഉദ്യോഗസ്ഥനും കോടതി ക്ലർക്കും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.വാട്ടർ കമ്പനിയിലെ ഉദ്യോഗസ്ഥൻ ഉപഭോക്താക്കളുടെ വിവരങ്ങൾ പണത്തിന് വേണ്ടി വിറ്റതിനും, ഒരു പോലീസ് ഉദ്യോഗസ്ഥൻ പിടിച്ചെടുത്ത വാഹനത്തിന്റെ നമ്പർ പ്ലേറ്റ് സ്വന്തം വാഹനത്തിൽ ഉപയോഗിച്ച് നിയമലംഘനം നടത്തിയതിനും പിടിയിലായി.അഴിമതിയെ ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ലെന്ന് അതോറിറ്റി വക്താവ് വ്യക്തമാക്കി. പൊതുമുതൽ ദുരുപയോഗം ചെയ്യുന്നവർക്കെതിരെയും ജോലി ദുരുപയോഗം ചെയ്ത് വ്യക്തിപരമായ നേട്ടങ്ങൾ ഉണ്ടാക്കുന്നവർക്കെതിരെയും ശക്തമായ നിയമനടപടികൾ തുടരുമെന്ന് അതോറിറ്റി മുന്നറിയിപ്പ് നൽകി.അഴിമതി കേസുകൾക്ക് കാലഹരണപ്പെടൽ ഇല്ലെന്നും നിയമലംഘകർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്നും അതോറിറ്റി അറിയിച്ചു.The post സൗദിയിൽ സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേർ അഴിമതിക്കേസിൽ അറസ്റ്റിൽ appeared first on Arabian Malayali.