‘ജീവിതത്തിൽ ഒരിക്കലും മറക്കില്ല മാഡത്തിനെയും, ഈ സർക്കാരിനെയും’: മകളുടെ ഹൃദയ ശാസ്ത്രക്രിയയുമായി ബന്ധപ്പെട്ട് കമന്‍റ്ബോക്സിൽ സഹായമഭ്യർഥിച്ച് പിതാവ്; ഉടൻ നടപടിയെടുത്ത് മന്ത്രി വീണാ ജോർജ്

Wait 5 sec.

ഹൃദ്യം പദ്ധതിയിൽ ഉൾപ്പെടുത്തി ഹൃദയ ശസ്ത്രക്രിയക്ക് വിധേയയായ ആറ് വയസുകാരിക്ക്, തുടർചികിത്സക്കുള്ള നടപടികൾ വൈകിയതിനെ തുടർന്ന് മന്ത്രിയോട് സഹായം അഭ്യർഥിച്ച പിതാവിന് സാന്ത്വനമായി മന്ത്രി വീണാ ജോർജ്. വീണാ ജോർജിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റിലെ കമന്‍റ് ബോക്സിലാണ് മകളുടെ ചികിത്സ തുടരുന്നതിലുണ്ടായ ആശങ്ക പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ പിതാവ് പങ്കുവച്ചത്. തന്‍റെ ആറു വയസുകാരിയായ മകളുടെ ശസ്ത്രക്രിയ ഹൃദ്യം പദ്ധതിയിൽ ഉൾപ്പെടുത്തി വിജയകരമായി പൂർത്തിയാക്കിയിരുന്നു. തുടർന്ന് കാത്ത് ചെയ്യാനായി രജിസ്ട്രേഷൻ ചെയ്‌തെങ്കിലും കാലതാമസം ഉണ്ടാവുകയായിരുന്നു എന്നാണ് രക്ഷിതാവ് അറിയിച്ചത്. മകൾക്ക് വേഗത്തിൽ ചികിത്സ പൂർത്തിയാക്കാൻ ഇടപെടണം എന്ന് അഭ്യർഥിച്ച ഉടൻ തന്നെ ആരോഗ്യമന്ത്രി വീണാ ജോർജ് മറുപടിയുമായെത്തി. സ്റ്റേറ്റ് നോഡൽ ഓഫീസർ അങ്ങയെ ഉടൻ ബന്ധപ്പെടുമെന്നും എന്താണ് ഉണ്ടായതെന്ന് പരിശോധിച്ച് പരിഹരിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി മറുപടി നൽകി. അദ്ദേഹത്തിനുണ്ടായ ബുദ്ധിമുട്ടിൽ മന്ത്രി ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ആദ്യം ശസ്ത്രക്രിയ ചെയ്ത ആശുപത്രി ഹൃദ്യം പദ്ധതിയിൽ നിലവിൽ ഉണ്ടോ എന്ന ആശയക്കുഴപ്പം രക്ഷിതാവ് പ്രകടിപ്പിച്ചിരുന്നു. ആശുപത്രി ഇപ്പോഴും എംപാനൽഡ് ആണെന്നും മന്ത്രി മറുപടി നൽകി. ALSO READ; ഗതാഗതക്കുരുക്കിൽപെട്ട് ആംബുലൻസ്; വഴിയൊരുക്കാൻ മുന്നേയോടി വനിതാ എഎസ്ഐ, തരംഗമായി ദൃശ്യങ്ങൾതുടർന്ന് പാലക്കാട് നോഡൽ ഓഫീസർ ഉടൻ കുട്ടിയുടെ പിതാവുമായി ബന്ധപ്പെടുകയും ആവശ്യമായ വിവരങ്ങൾ മനസിലാക്കി ഉടനടി സഹായം ഉറപ്പാക്കുകയായിരുന്നു. ചൊവ്വാ‍ഴ്ച തന്നെ കാത്തിനുള്ള അപ്പോയിന്‍റ്മെന്‍റ് നൽകുകയും ചെയ്തു. ‘ജീവിതത്തിൽ മറക്കില്ല മാഡത്തിനെയും ഈ സർക്കാരിനെയും’ എന്നാണ് നോഡൽ ഓഫീസറുമായി ബന്ധപ്പെട്ട ശേഷം അദ്ദേഹം കമന്‍റിൽ കുറിച്ചത്. വീണാ ജോർജിന് അദ്ദേഹം ഹൃദയപൂർവ്വം നന്ദി അറിയിക്കുകയും ചെയ്തു. രക്ഷിതാക്കളുടെ താത്പര്യമനുസരിച്ചുള്ള ആശുപത്രി കാത്ത് ചെയ്യാനായി തെരഞ്ഞെടുക്കാനുള്ള നിർദേശം നൽകിയെന്ന് നോഡൽ ഓഫീസർ ഡോ. യുആർ രാഹുൽ കൈരളി ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. രക്ഷിതാക്കൾക്ക് സാങ്കേതികപരമായി ഉണ്ടായിട്ടുള്ള ആശയക്കുഴപ്പങ്ങൾക്ക് എല്ലാം വ്യക്തത വരുത്തിയിട്ടുണ്ട്. തുടർന്നുള്ള ചികിൽസ നടപടികൾ എത്രയും പെട്ടെന്ന് ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.നിരവധി ആളുകളാണ് ഒരൊറ്റ കമന്‍റിലൂടെ ഉടനടി നടപടിയെടുക്കുകയും അർഹമായ സഹായം അതിവേഗത്തിൽ ലഭ്യമാക്കുകയും ചെയ്ത മന്ത്രി വീണാ ജോർജിന്‍റെ സേവനത്തിൽ അഭിനന്ദനം അറിയിച്ച് രംഗത്തെത്തുന്നത്.The post ‘ജീവിതത്തിൽ ഒരിക്കലും മറക്കില്ല മാഡത്തിനെയും, ഈ സർക്കാരിനെയും’: മകളുടെ ഹൃദയ ശാസ്ത്രക്രിയയുമായി ബന്ധപ്പെട്ട് കമന്‍റ്ബോക്സിൽ സഹായമഭ്യർഥിച്ച് പിതാവ്; ഉടൻ നടപടിയെടുത്ത് മന്ത്രി വീണാ ജോർജ് appeared first on Kairali News | Kairali News Live.