പാലക്കാട് | 32ാമത് കേരള സാഹിത്യോത്സവിൽ അടയാളം എന്ന പ്രമേയത്തെ ആവിഷ്കരിച്ച് നഗരി. പ്രധാന വേദികളും പ്രവേശന കവാടങ്ങളും വ്യത്യസ്ത നിർമിതികളും മനുഷ്യന്റെ ജീവിത സഞ്ചാരങ്ങളെ സമ്പൂർണമായി അടയാളപ്പെടുത്തുന്നതാണ്. ഇസ്‌ലാമിന്റെ മനോഹാരിത നിലനിൽക്കുന്നതിൽ അടയാളപ്പെടുത്തലുകളുടെ പ്രസക്തി പ്രധാനമാണ്.പ്രവാചകർ തുടങ്ങിവെച്ച ജീവിതചര്യകളെ നിഴൽ പോലെ പിന്തുടർന്നാണ് ദർശനങ്ങൾ പടർന്നു പിടിച്ചത്. ആ പാരമ്പര്യത്തെയാണ് ഇത്തവണത്തെ കേരള സാഹിത്യോത്സവ് അടയാളപ്പെടുത്തുന്നത്.മനുഷ്യ സ്പർശങ്ങളെ അടയാളപ്പെടുത്തുന്ന പ്രതീകങ്ങളാണ് വേദികളുടെ ആവിഷ്കാരം.മുദ്രകൾ, ചിഹ്നങ്ങൾ, ദൃഷ്ടാന്തം, ആർകിടെക്ചർ, സിഗ്നേച്ചർ, വ്യക്തിത്വം തുടങ്ങിയ 16 അടയാളങ്ങളെയാണ് ആവിഷ്കരിച്ചിരിക്കുന്നത്. പ്രധാന വേദിയിലേക്കുള്ള പ്രവേശന കവാടം മനുഷ്യ സഞ്ചാരങ്ങളെയാണ് സൂചിപ്പിക്കുന്നത്. ആർകിടെക്ചറുകൾ രൂപപ്പെടുത്തിയ മനോഹരമായ സംസ്കാരത്തെ പ്രതിനിധീകരിക്കുകയാണ് രണ്ടാം വേദിയുടെ പ്രവേശന കവാടം.ചരിത്രത്തെ ഇല്ലാതാക്കാനാളുള്ള ഗൂഢതന്ത്രങ്ങൾക്കുള്ള മറുപടി കൂടിയാണ് ഈ ആശയം.വ്യത്യസ്ത ദഅ്വ ക്യാമ്പസുകൾ നഗരിയുടെ വിവിധ ഭാഗങ്ങളിലായി സജ്ജീകരിച്ച നിർമിതികൾ സാഹിത്യോത്സവിന്റെ പ്രമേയത്തെ ആവിഷ്കരിക്കുന്നുണ്ട്. പാലക്കാടിനെ ചരിത്രത്തിൽ അടയാളപ്പെടുത്തിയ സംഭവങ്ങളെയും സാഹിത്യ സംഭാവനകളെയും ഈ നിർമിതികൾ സൂചിപ്പിക്കുന്നുണ്ട്.പാലക്കാടിന്റെ തനിമയെ സ്പർശിക്കുന്നതോടൊപ്പം സാംസ്കാരിക ലോകത്തെ പൈതൃകത്തെ വരച്ചുവെക്കുന്നതുമാണ് ഈ നിർമിതികൾ.