ന്യൂഡൽഹി | പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കാൻ നിലവിൽ കേന്ദ്രസർക്കാരിന് പദ്ധതിയില്ലെന്ന് കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന സഹമന്ത്രി എസ് പി സിങ് ബഘേൽ പാർലമെന്റിൽ അറിയിച്ചു. ഭരണഘടനയുടെ 246(3) വകുപ്പ് അനുസരിച്ച് മൃഗസംരക്ഷണം സംസ്ഥാന വിഷയമാണെന്നും അതിനാൽ ഈ വിഷയത്തിൽ നിയമം നിർമ്മിക്കാൻ സംസ്ഥാന നിയമസഭകൾക്കാണ് അധികാരമെന്നും അദ്ദേഹം വ്യക്തമാക്കി. ബി ജെ പി നേതാവും മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായ ത്രിവേന്ദ്ര സിങ് റാവത്ത് ലോക്‌സഭയിൽ ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.പശുക്കളുടെ സംരക്ഷണം, പരിപാലനം എന്നിവയ്ക്കായി കേന്ദ്ര ഭരണപ്രദേശങ്ങൾ കൈക്കൊണ്ട വിവിധ പദ്ധതികളെക്കുറിച്ചും മന്ത്രി സഭയിൽ സൂചിപ്പിച്ചു. 2014 ഡിസംബർ മുതൽ കേന്ദ്ര സർക്കാർ രാഷ്ട്രീയ ഗോകുൽ മിഷൻ നടപ്പാക്കിവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.2024-ൽ രാജ്യത്തെ 239.30 ദശലക്ഷം ടൺ പാൽ ഉത്പാദനത്തിൽ 53.12 ശതമാനവും പശുവിൻ പാലാണെന്നും 43.62 ശതമാനം എരുമപ്പാലാണെന്നും ബഘേൽ പാർലമെന്റിനെ അറിയിച്ചു.