വോട്ട് കൊള്ള: രാഹുല്‍ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാന വ്യാപകമായി ഇന്ന് കോണ്‍ഗ്രസ് ഫ്രീഡം നൈറ്റ് മാര്‍ച്ച്

Wait 5 sec.

തിരുവനന്തപുരം | വോട്ട് കൊള്ള ആരോപണത്തില്‍ രാഹുല്‍ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് ഇന്ന് ഫ്രീഡം നൈറ്റ് മാര്‍ച്ച് സംഘടിപ്പിക്കും.പതിനാല് ഡി സി സികളും രാത്രി എട്ടുമണിക്കു മാര്‍ച്ച് സംഘടിപ്പിക്കണമെന്നാണ് കെ പി സി സി നിര്‍ദേശം.തിരുവനന്തപുരം മ്യൂസിയം ജംഗ്ഷനില്‍ നിന്ന് പാളയം രക്തസാക്ഷി മണ്ഡലത്തിലേക്കുള്ള നൈറ്റ് മാര്‍ച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ നിര്‍വഹിക്കും. കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് വയനാടും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എറണാകുളത്തും മാര്‍ച്ചിന് നേതൃത്വം നല്‍കും.രമേശ് ചെന്നിത്തല ആലപ്പുഴയിലും കെ സുധാകരന്‍ കണ്ണൂരിലും മാര്‍ച്ച് നയിക്കും. വോട്ട് കൊള്ളയ്ക്കും ബീഹാര്‍ വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനുമെതിരെ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് ‘വോട്ട് ചോരി’ മുദ്രാവാക്യം മുഴക്കി എല്ലാ ജില്ലകളിലും ഇന്നു മെഴുകുതിരി മാര്‍ച്ചുകള്‍ നടത്തും. സംസ്ഥാന തലങ്ങളിലും പ്രധാനപ്പെട്ട നഗരങ്ങളിലും മെഗാ റാലികളുമുണ്ട്. സെപ്റ്റംബര്‍ 15 മുതല്‍ ഒക്ടോബര്‍ 15 വരെ രാജ്യ വ്യാപകമായി ക്യാമ്പയിനുകളും നടത്തും.പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അഞ്ചു കോടി ഒപ്പുകള്‍ ശേഖരിക്കും. ഈ മാസം 17 ന് രാഹുല്‍ ഗാന്ധി നയിക്കുന്ന രണ്ടാഴ്ച നീണ്ട് നില്‍ക്കുന്ന യാത്ര ബിഹാറിലെ 30ലധികം ജില്ലകളിലൂടെ കടന്നു പോകും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, തേജസ്വി യാദവ് തുടങ്ങിയവര്‍ യാത്രയില്‍ അണിചേരും.