പ്രഥമ സംസ്ഥാന ആയുഷ് കായകല്പ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ആയുഷ് സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുക ലക്ഷ്യം

Wait 5 sec.

തിരുവനന്തപുരം: പ്രഥമ സംസ്ഥാന ആയുഷ് കായകല്പ് അവാര്‍ഡുകള്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധാ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ ആവിഷ്‌കരിച്ച അവാര്‍ഡാണ് കേരള ആയുഷ് കായകല്പ്. സംസ്ഥാനത്തെ സര്‍ക്കാര്‍ ആയുഷ് സ്ഥാപനങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആയുഷ് മേഖലയുടെ പുരോഗതിയ്ക്കായി ഈ സര്‍ക്കാര്‍ വലിയ ഇടപെടലുകളാണ് നടത്തുന്നത്. അതിന്റെ ഫലമായി ഈ സര്‍ക്കാരിന്റെ കാലത്ത് 250 ആയുഷ് സ്ഥാപനങ്ങള്‍ക്കാണ് എന്‍ എ ബി എച്ച് അംഗീകാരം ലഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി.ഐ എസ് എം, ഹോമിയോപ്പതി വകുപ്പുകളില്‍ ജില്ലാ ആശുപത്രി, സബ് ജില്ലാ ആശുപത്രി, ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങള്‍ എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡ്. ജില്ലാ ആശുപത്രി വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തിന് 10 ലക്ഷം രൂപയും രണ്ടാം സ്ഥാനത്തിന് അഞ്ച് ലക്ഷം രൂപയുമാണ് അവാര്‍ഡ്. 1.5 ലക്ഷം രൂപ വീതമാണ് കമന്‍ഡേഷന്‍ അവാര്‍ഡ്. സബ് ജില്ലാ ആശുപത്രി തലത്തില്‍ ഒന്നാം സ്ഥാനം അഞ്ച് ലക്ഷം രൂപയും രണ്ടാം സ്ഥാനം മൂന്ന് ലക്ഷം രൂപയുമാണ്. ഒരു ലക്ഷം രൂപ വീതമാണ് കമന്‍ഡേഷന്‍ അവാര്‍ഡ്. ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങള്‍ക്ക് ജില്ലാതലത്തില്‍ ഒന്നാം സമ്മാനം ഒരു ലക്ഷം രൂപയും കമന്‍ഡേഷനായി 30,000 രൂപ വീതവും നല്‍കുന്നു.Read Also: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കേരളത്തിലെ ട്രെയിൻ സർവീസിലെ ഈ മാറ്റങ്ങൾ അറിയണംസംസ്ഥാന തലത്തില്‍ ജില്ലാ ആശുപത്രി വിഭാഗത്തില്‍ ഐ എസ് എം വകുപ്പില്‍ 95.91% മാര്‍ക്ക് നേടി എറണാകുളം ജില്ലാ ആയുര്‍വേദ ആശുപത്രി ഒന്നാം സ്ഥാനവും 94.61% മാര്‍ക്കോടെ കൊല്ലം ജില്ലാ ആയുര്‍വേദ ആശുപത്രി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഹോമിയോപ്പതി വകുപ്പ് ജില്ലാ ആശുപത്രികളില്‍ 99.17% മാര്‍ക്ക് നേടി തൃശൂര്‍ ജില്ലാ ഹോമിയോപ്പതി ആശുപത്രി ഒന്നാം സ്ഥാനവും 98.22% മാര്‍ക്കോടെ എറണാകുളം ജില്ലാ ഹോമിയോപ്പതി ആശുപത്രി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സംസ്ഥാന തലത്തില്‍ 80 ശതമാനത്തില്‍ കൂടുതല്‍ സ്‌കോര്‍ നേടിയ മൂന്ന് ഐ എസ് എം, മൂന്ന് ഹോമിയോപ്പതി ജില്ലാ ആശുപത്രികള്‍ കമന്‍ഡേഷന്‍ അവാര്‍ഡുകളും നേടിയിട്ടുണ്ട്.ഐ എസ് എം വകുപ്പ് സബ് ജില്ലാ ആശുപത്രികളില്‍ 98.97% മാര്‍ക്ക് നേടി പാലക്കാട് ഒറ്റപ്പാലം ഗവ. ആയുര്‍വേദ ആശുപത്രി ഒന്നാം സ്ഥാനവും 95.50% മാര്‍ക്കോടെ കണ്ണൂര്‍ ചെറുകുന്ന് ഗവ. ആയുര്‍വേദ ആശുപത്രി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഹോമിയോപ്പതി വകുപ്പ് സബ് ജില്ലാ ആശുപത്രികളില്‍ 92.86% മാര്‍ക്ക് നേടി കോട്ടയം കുറിച്ചി ഗവ. ഹോമിയോപ്പതി ആശുപത്രി ഒന്നാം സ്ഥാനവും 91.78% മാര്‍ക്കോടെ തിരുവനന്തപുരം നെയ്യാറ്റിന്‍കര ഗവ. ഹോമിയോപ്പതി ആശുപത്രി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സംസ്ഥാന തലത്തില്‍ 80 ശതമാനത്തില്‍ കൂടുതല്‍ സ്‌കോര്‍ നേടിയ മൂന്ന് വീതം ഐ എസ് എം, ഹോമിയോപ്പതി സബ് ജില്ലാ ആശുപത്രികള്‍ കമന്‍ഡേഷന്‍ അവാര്‍ഡുകളും നേടിയിട്ടുണ്ട്. കേരളത്തിലെ 14 ഐ എസ് എം, 14 ഹോമിയോപ്പതി ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങള്‍ ജില്ലാതലത്തില്‍ ഒന്നാം സ്ഥാനവും 42 വീതം ഐ എസ് എം, ഹോമിയോപ്പതി സ്ഥാപനങ്ങള്‍ കമന്‍ഡേഷന്‍ അവാര്‍ഡുകളും നേടി.കേരളത്തിലെ എല്ലാ ആയുര്‍വേദ, ഹോമിയോപ്പതി ജില്ലാ ആശുപത്രികള്‍, സബ് ജില്ലാ/താലൂക്ക് ആയുഷ് ആശുപത്രികള്‍, ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങള്‍ (എ എച്ച് ഡബ്ല്യൂ സി) എന്നിവയില്‍ നിന്ന് പല ഘട്ടങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ട മികച്ച ആരോഗ്യ സ്ഥാപനങ്ങള്‍ക്കാണ് ആയുഷ് കായകല്പ് അവാര്‍ഡ് നല്‍കുന്നത്. ആശുപത്രി പരിപാലനം, ശുചിത്വം, അണുബാധാ നിയന്ത്രണം, മാലിന്യ നിര്‍മാര്‍ജനം എന്നിവ ഉള്‍പ്പെടെയുള്ള വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ പരിശീലനം ലഭിച്ച അസ്സസര്‍മാര്‍ നടത്തിയ മൂല്യ നിര്‍ണയം ജില്ലാ/ സംസ്ഥാന കായകല്പ് കമ്മിറ്റികള്‍ വിലയിരുത്തി. സമാഹരിച്ച റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് കായകല്പ് അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയാണ് ഏറ്റവും മികച്ച സ്ഥാപനങ്ങളെ തെരഞ്ഞെടുത്തത്.The post പ്രഥമ സംസ്ഥാന ആയുഷ് കായകല്പ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ആയുഷ് സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുക ലക്ഷ്യം appeared first on Kairali News | Kairali News Live.