ഡല്‍ഹി | അഹമ്മദാബാദ് വിമാന ദുരന്തത്തിനു കാരണം ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫ് ആയത്. ടേക്ക് ഓഫിന് മുന്‍പ് തന്നെ സ്വച്ച് ഓഫായി. എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍.വിമാനം പറന്നത് 32 സെക്കന്‍ഡ് മാത്രമാണ്. വിമാനത്തിന്റെ ഒരു എന്‍ജിന്‍ പ്രവര്‍ത്തിച്ചത് സെക്കന്‍ഡുകള്‍ മാത്രം രണ്ടാമത്തെ എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കാനായില്ലെന്നും കണ്ടെത്തല്‍. പൈലറ്റുമാരുടെ സംഭാഷണവും പുറത്ത് വന്നു. എന്തിനാണ് ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫാക്കിയതെന്ന് പൈലറ്റ് സഹ പൈലറ്റിനോട് ചോദിക്കുന്നുണ്ട്. താന്‍ ഓഫാക്കിയിട്ടില്ലെന്ന് സഹപൈലറ്റിന്റെ മറുപടി. വിമാനം പക്ഷിയെ ഇടിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കാലാവസ്ഥ പ്രതികൂലമായിരുന്നില്ലെന്നും കണ്ടെത്തല്‍.രണ്ട് പേജുള്ള റിപ്പോര്‍ട്ടാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കൈമാറിയത്. ആദ്യ ഘട്ടത്തില്‍ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക റിപ്പോര്‍ട്ട് തയാറാക്കിയത്. അപകടം നടന്ന് പിറ്റേ ദിവസം തന്നെ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ സമിതി രൂപീകരിക്കുകയും നാലംഗ സംഘം അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ഈ അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് പുറത്തായിരിക്കുന്നത്. ജൂണ്‍ 12നായിരുന്നു അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ടേക്ക് ഓഫിന് പിന്നാലെ കെട്ടിടത്തില്‍ ഇടിച്ചിറങ്ങി കത്തിയമര്‍ന്ന് 260 പേര്‍ മരിച്ചത്.