പാമ്പുകടിയേറ്റത് അറിഞ്ഞില്ല; ശാരീരിക അസ്വസ്ഥതയുമായി ആശുപത്രിയില്‍ എത്തിയ 16കാരി മരിച്ചു

Wait 5 sec.

മാനന്തവാടി| പാമ്പുകടിയേറ്റത് അറിയാതെ ശാരീരിക അസ്വസ്ഥതയുമായി ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിച്ച 16കാരി മരിച്ചു. വള്ളിയൂര്‍ക്കാവ് കാവ്കുന്ന് പുള്ളില്‍ വൈഗ വിനോദ് ആണ് മരിച്ചത്. ആറാട്ടുതറ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് വൈഗ. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് മാനന്തവാടി ഗവ.മെഡിക്കല്‍ കോളജില്‍ എത്തിച്ച വൈഗയെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് വിഷബാധയേറ്റതായി കണ്ടെത്തിയത്. ഉടന്‍ വിഷത്തിനുള്ള ചികിത്സ നല്‍കിയെങ്കിലും സ്ഥിതി ഗുരുതരമായി.തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാമ്പു കടിയേറ്റ വിവരം വൈഗയോ വീട്ടുകാരോ അറിഞ്ഞിരുന്നില്ലെന്നാണു പ്രാഥമിക വിവരം. ആശുപത്രിയിലെത്തിച്ചപ്പോഴാണ് വൈഗയുടെ കാലില്‍ പാമ്പു കടിയേറ്റ പാടുള്ളതായി കണ്ടത്. പിതാവ്: വിനോദ്, മാതാവ്: വിനീത. സഹോദരി: കൃഷ്ണപ്രിയ.