തിരുവനന്തപുരം | പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ ക്ഷണം സ്വീകരിച്ച് ഔദ്യോഗിക വസതിയായ റോസ് ഹൗസിലെത്തിയ അഫ്ഗാനിൽ നിന്നുള്ള കുഞ്ഞുങ്ങൾക്ക് ഊഷ്മള സ്വീകരണം. തിരുവനന്തപുരം കാര്യവട്ടം സ്കൂളിലെ വിദ്യാർഥികളായ കുട്ടികളെ മന്ത്രിയും ജീവിതപങ്കാളി പാർവതി ദേവിയും ചേർന്ന് സ്വീകരിച്ചു. അഫ്ഗാൻ പൗരരായ ഷഫീഖ് റഹീമി – സർഘോന റഹീമി ദമ്പതികളുടെ മക്കളാണിവർ. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കേരളത്തിലാണ് താമസം.കേരള സർവകലാശാലയിൽ ഗവേഷണ പഠനത്തിനായാണ് ഷഫീഖ് റഹീമി തിരുവനന്തപുരത്ത് എത്തിയത്. ഇതോടെ ഈ കുരുന്നുകളുടെ പഠനവും കേരളത്തിലായി. കുട്ടികളും നന്നായി മലയാളം പറയും. സ്കൂളും ടീച്ചര്‍മാരും നല്ലപോലെയാണ് പരിഗണിക്കുന്നതെന്ന് കുട്ടികള്‍ മന്ത്രിയോട് കുശലം പറഞ്ഞു. സ്കൂളില്‍ നിരവധി കൂട്ടുകാരുണ്ടെന്നും കുറേ നല്ല ടീച്ചര്‍മാരെ കിട്ടിയെന്നും കുട്ടികള്‍ പറഞ്ഞു.കുറച്ചു ദിവസങ്ങൾക്കു മുമ്പ് കാര്യവട്ടം സ്കൂളിൽ എത്തിയപ്പോഴാണ് കുരുന്നുകളെ വിദ്യാഭ്യാസ മന്ത്രി പരിചയപ്പെട്ടത്. തുടർന്ന് മന്ത്രി ഇവരെ കുടുംബസമേതം ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ചു. അഞ്ച് പേരിൽ മർവ റഹീമിയും അഹമ്മദ് മൊസമ്മൽ റഹീമിയും ആറാം ക്ലാസ് വിദ്യാർത്ഥികളാണ്. അഹമ്മദ് മൻസൂർ റഹീമി മൂന്നാം ക്ലാസിലും. അഹമ്മദ് മഹർ റഹീമി, മഹനാസ് റഹീമി എന്നിവർ ശ്രീകാര്യം സ്കൂളിൽ തന്നെ പ്രവേശനം നേടും.കുടുംബത്തോടൊപ്പം സ്കൂൾ അധ്യാപകരായ ബീന എം വി, ലത ആർ, പി ടി എ പ്രസിഡൻ്റ് ഗോപകുമാർ കെ, എസ് എം സി ചെയർമാൻ സുരേഷ് കുമാർ എസ് എ എന്നിവരുമുണ്ടായിരുന്നു. ആദ്യമായാണ് ഇത്തരമൊരു അനുഭവം എന്നാണ് കുട്ടികളുടെ പിതാവ് ഷഫീഖ് പറഞ്ഞത്. മന്ത്രിയോടൊപ്പമുള്ള പ്രഭാത ഭക്ഷണത്തിനുശേഷം മന്ത്രിമന്ദിരം ചുറ്റിക്കണ്ട ശേഷമാണ് കുടുംബം മടങ്ങിയത്.