തൃശൂര്‍ | സി പി ഐ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയായി കെ ജി ശിവാനന്ദനെ തിരഞ്ഞെടുത്തു. ശിവാനന്ദന്റെ ജില്ലാ സെക്രട്ടറി സ്ഥാനത്തിനെതിരെ ജില്ലാ കൗണ്‍സിലില്‍ എതിര്‍പ്പ് ഉയര്‍ന്നെങ്കിലും ഒടുവില്‍ സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം അംഗീകരിക്കുകയായിരുന്നു. നിലയില്‍ എ ഐ ടി യുസി ജില്ലാ സെക്രട്ടറിയാണ് കെ ജി ശിവാനന്ദന്‍.നാല് ദിവസമായി ഇരിങ്ങാലക്കുടയില്‍ നടക്കുന്ന സി പി ഐ ജില്ലാ സമ്മേളനത്തിന് ഇന്ന് സമാപനമാകും. ശിവാനന്ദന് പകരം വി എസ് സുനില്‍ കുമാര്‍, ടി ആര്‍ രമേഷ് കുമാര്‍ എന്നിവരുടെ പേരുകള്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ഒരു വിഭാഗം നിര്‍ദേശിച്ചിരുന്നു. നാട്ടിക എം എല്‍ എ. സി സി മുകുന്ദനെ ജില്ലാ കൗണ്‍സിലില്‍ നിന്ന് നേതൃത്വം ഒഴിവാക്കിയിരുന്നു. ഇതോടെ എം എല്‍ എ സമ്മേളനം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി.ജില്ലാ സമ്മേളനത്തില്‍ മുകുന്ദനെതിരെ രൂക്ഷ വിമര്‍ശമാണ് ഉയര്‍ന്നത്. മുകുന്ദനും പാര്‍ട്ടിയുമായി കഴിഞ്ഞ കുറച്ച് കാലങ്ങളായി അഭിപ്രായഭിന്നത നിലനിന്നിരുന്നു.ഇറങ്ങിപ്പോയതല്ല അഭിപ്രായം പറഞ്ഞ് പോരുകയായിരുന്നു എന്ന് സി സി മുകുന്ദന്‍ പ്രതികരിച്ചു.