തിരുവനന്തപുരം| മുതിര്‍ന്ന കുട്ടികളുടെ പീഡനം സഹിക്കാനാകാതെ ശ്രീചിത്ര ഹോമിലെ മൂന്ന് കുട്ടികള്‍ ആത്മഹത്യക്ക് ശ്രമിച്ചു. 16, 15 , 12 വയസ്സുള്ള പെണ്‍കുട്ടികളാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്നലെ രാത്രിയാണ് കുട്ടികള്‍ ഗുളിക കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. രണ്ടുപേര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും ഒരാള്‍ എസ് എ റ്റി ആശുപത്രിയിലും ചികിത്സയിലാണ്. മെഡിക്കല്‍ കോളജിലെ പതിനാലാം വാര്‍ഡിലാണ് രണ്ടു കുട്ടികള്‍ ചികിത്സയിലുള്ളത്.ശ്രീചിത്ര ഹോമിലെ മുതിര്‍ന്ന കുട്ടികളുടെ പീഡനം സഹിക്കാന്‍ കഴിയാതെ വന്നതോടെയാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് കുട്ടികളുടെ പരാതി. വിഷയം ശ്രീചിത്ര ഹോമിലെ അധികാരികളോട് പരാതിപ്പെട്ടിട്ടും ഇടപെടല്‍ ഉണ്ടായില്ലെന്നും കുട്ടികളുടെ പരാതിയില്‍ പറയുന്നു. സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ളതാണ് ശ്രീചിത്ര ഹോം.