ഉത്തര കൊറിയക്കെതിരേ സുരക്ഷാ സഖ്യമുണ്ടാക്കരുത്; യു എസിനും ദക്ഷിണ കൊറിയക്കും ജപ്പാനും റഷ്യയുടെ മുന്നറിയിപ്പ്

Wait 5 sec.

സോള്‍ | ഉത്തര കൊറിയക്കെതിരേ സുരക്ഷാ സഖ്യമുണ്ടാക്കരുതെന്ന് യു എസ്, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ക്ക് റഷ്യയുടെ മുന്നറിയിപ്പ്. ഉത്തര കൊറിയയില്‍ പര്യടനം നടത്തുന്നതിനിടെ റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജെയി ലാവ്‌റോവാണ് മുന്നറിയിപ്പ് നല്‍കിയത്.സൈനിക മേഖലയിലുള്‍പ്പെടെ ഉഭയകക്ഷി സഹകരണം ശക്തമാക്കുക ലക്ഷ്യമിട്ടുള്ള ചര്‍ച്ചകള്‍ക്കാണ് ലാവ്‌റോവ് ഉത്തര കൊറിയയിലെത്തിയത്. കഴിഞ്ഞ ദിവസം ഉത്തര കൊറിയയിലെ കിഴക്കന്‍ നഗരമായ വൊന്‍സാനിലെത്തിയ ലാവ്‌റോവ്, വിദേശകാര്യമന്ത്രി ഷോയെ സൊന്‍ ഹുയിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.അടുത്ത കാലത്തായി റഷ്യയും ഉത്തര കൊറിയയും പരസ്പര സഹകരണം ശക്തിപ്പെടുത്തിയിരുന്നു. യുക്രൈന്‍ യുദ്ധത്തിനു പിന്നാലെ റഷ്യയും, ആണവ മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തിയതിന് ഉത്തര കൊറിയയും ആഗോളതലത്തില്‍ നയതന്ത്ര ഒറ്റപ്പെടലിനെ അഭിമുഖീകരിക്കുന്ന സാഹചര്യത്തിലായിരുന്നു ഇത്. യുക്രൈനെതിരായ യുദ്ധത്തിന് ഉത്തര കൊറിയ, റഷ്യയ്ക്ക് സൈനിക-ആയുധ സഹായങ്ങള്‍ നല്‍കിയിരുന്നു. ഇതിനു പകരമായി സൈനിക, സാമ്പത്തിക, സാങ്കേതിക സഹായങ്ങള്‍ റഷ്യ, ഉത്തരകൊറിയയ്ക്കും വാഗ്ദാനം ചെയ്തു.