അഭിമാനം വാനോളം; ശുഭാന്‍ശുവു സംഘവും പേടകത്തില്‍ നിന്ന് പുറത്തിറങ്ങി

Wait 5 sec.

കാലിഫോര്‍ണിയ | രാജ്യത്തിന്റെ അഭിമാനം വാനോളമുയര്‍ത്തുന്ന ചരിത്ര ദൗത്യം പൂര്‍ത്തിയാക്കി ഇന്ത്യയുടെ ബഹിരാകാശ സഞ്ചാരി ശുഭാന്‍ശു ശുക്ല പേടകത്തില്‍ നിന്ന് പുറത്തിറങ്ങി. രണ്ടാമതായാണ് ശുഭാന്‍ശു പേടകത്തില്‍ നിന്ന് ഇറങ്ങിയത്. അമേരിക്കന്‍ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സണ്‍ ആണ് ആദ്യം പുറത്തെത്തിയത്. മൂന്നാമതായി പോളണ്ടിന്റെ സ്ലാവോസ് ഉസ്നാന്‍സ്‌കിയും നാലാമതായി ഹംഗറിയില്‍ നിന്നുള്ള ടിബോര്‍ കാപുവും പുറത്തെത്തി.ആക്‌സിയം 4 ബഹിരാകാശ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയാണ് സംഘത്തിന്റെ വരവ്. പസഫിക് സമുദ്രത്തിലിറങ്ങിയ പേടകം ഉയര്‍ത്തിയെടുത്ത് ഒരു പ്ലാറ്റ്ഫോമിലേക്ക് ഇറക്കി സംഘാംഗങ്ങളെ പുറത്തിറക്കി ബോട്ടില്‍ കയറ്റിയ ശേഷമാണ് തീരത്തെത്തിച്ചത്.ഏഴ് ദിവസം പ്രത്യേക നിരീക്ഷണത്തിലായിരിക്കും സംഘം. അതിനു ശേഷമാകും ഇവര്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുക.ഇന്ന് വൈകിട്ട് 3.01ഓടെയായിരുന്നു വിജയകരമായ സ്പ്ലാഷ് ഡൗണ്‍. പസഫിക് സമുദ്രത്തില്‍, കാലിഫോര്‍ണിയന്‍ തീരത്തായിരുന്നു സംഘത്തെ വഹിച്ച സ്പേസ് എക്സ് ഡ്രാഗണ്‍ പേടകത്തിന്റെ ലാന്‍ഡിംഗ്. രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ (ISS) 18 ദിവസത്തെ ദൗത്യം പൂര്‍ത്തിയാക്കിയാണ് ശുഭാന്‍ഷു ശുക്ലയും സംഘവും ഭൂമിയിലേക്ക് യാത്ര തിരിച്ചത്.