ഗോമൂത്രവും അശാസ്ത്രീയ അവകാശവാദങ്ങളും

Wait 5 sec.

ഐ ഐ ടി മദ്രാസ് ഡയറക്ടര്‍ വി കാമകോടിക്കും തലക്കു പിടിച്ചിരിക്കുന്നു ഗോമൂത്ര മാഹാത്മ്യ ചിന്ത. ആന്റി ബാക്ടീരിയ, ഫംഗസ്‌വിരുദ്ധ, ദഹന ഗുണങ്ങളടങ്ങിയതാണ് ഗോമൂത്രമെന്നാണ് കാമകോടിയുടെ പക്ഷം. പനിക്ക് ഉത്തമ ഔഷധമാണ് ഗോമൂത്രമെന്നും അദ്ദേഹം അവകാശപ്പെടുന്നു. മാട്ടുപൊങ്കല്‍ ദിനത്തില്‍ നടന്ന ഗോസംരക്ഷണവുമായി ബന്ധപ്പെട്ട പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദഹം ഗോമൂത്ര മാഹാത്മ്യം വിളമ്പിയത്. മൈക്രോസോഫ്റ്റ് ഹോട്ട്‌മെയില്‍ സഹസ്ഥാപകന്‍ സബീര്‍ ഭാട്ടിയ ചോദിച്ചത് പോലെ ഒരു ഉന്നത ശാസ്ത്ര വിദ്യാലയത്തിന്റെ തലപ്പത്തിരിക്കുന്ന കാമകോടിയെ പോലുള്ളവര്‍ ഇത്തരം വിഡ്ഢിത്തം വിളമ്പുകയാണെങ്കില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി അവര്‍ എടുക്കുന്ന തീരുമാനങ്ങളെ എങ്ങനെ വിശ്വസിക്കാനാകും?ഇതോട് ചേര്‍ത്തു വായിക്കേണ്ടതാണ് ഗോമൂത്രവും മറ്റു പശു ഉത്പന്നങ്ങളും ചേര്‍ത്ത് മരുന്നുകള്‍ നിര്‍മിക്കാനുള്ള ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാറിന്റെ പുതിയ പദ്ധതി. ഗോമൂത്രം, പശുവിന്‍പാല്‍, തൈര്, ചാണകം തുടങ്ങിയ പശു ഉത്പന്നങ്ങള്‍ ഉപയോഗിച്ച് സിറപ്പ്, തൈലം, ടൂത്ത്‌പേസ്റ്റ് തുടങ്ങിയ ആയുര്‍വേദ ഔഷധങ്ങള്‍ നിര്‍മിക്കാനാണ് തീരുമാനം. ഗോമൂത്രം ഉപയോഗിച്ചുള്ള ഉത്പന്നങ്ങള്‍ക്കായിരിക്കും പ്രാമുഖ്യമത്രെ. ഗോമൂത്രത്തിന് പ്രത്യേക രോഗശാന്തി ശക്തിയുണ്ടെന്നും ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍, പ്രമേഹം, സന്ധിവാതം, ആസ്ത്മ, സൈനസ് അണുബാധ, വിളര്‍ച്ച, ചര്‍മരോഗങ്ങള്‍ എന്നിവയുള്‍പ്പെടെ 19 രോഗങ്ങള്‍ക്ക് ഗോമൂത്രം ഫലപ്രദമാണെന്നുമാണ് ഉത്തര്‍പ്രദേശ് ഗൗസേവ കമ്മീഷന്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസര്‍ ഡോ. അനുരാഗ് ശ്രീവാസ്തവയുടെ അവകാശവാദം. ശാസ്ത്രീയ പരിശോധന നടത്തി ഇത് തെളിയിക്കുമെന്നും അദ്ദേഹം പറയുന്നു. ശാസ്ത്രീയ പരിശോധനക്ക് കാമകോടിയെ പോലുള്ളവരെ നിയോഗിച്ചാല്‍ അനുകൂല ഫലം ലഭിക്കാന്‍ പ്രയാസമുണ്ടാകില്ല.ബി ജെ പിയുടെ രാഷ്ട്രീയ ആയുധവും ഹിന്ദുത്വ ആശയ പ്രചാരണത്തിനുള്ള വക്രമാര്‍ഗവുമെന്നതില്‍ കവിഞ്ഞ് പശുവിന് പ്രത്യേകം മാഹാത്മ്യമോ ഗോമൂത്രത്തിന് ഔഷധഗുണമോ ഇല്ലെന്ന് മൂത്രത്തെക്കുറിച്ച് സാമാന്യ അറിവെങ്കിലുമുള്ള ആര്‍ക്കും അറിയാവുന്നതാണ്. ആഹാര ദഹന പ്രക്രിയക്കു ശേഷം വൃക്കയുടെ അരിക്കല്‍ നടന്ന് പുറത്തുവരുന്ന ദ്രാവക രൂപത്തിലുള്ള “വേസ്റ്റ്’ (മാലിന്യം) ആണ് മൂത്രം; മനുഷ്യന്റേതായാലും പശു ഉള്‍പ്പെടെയുള്ള മൃഗങ്ങളുടേതായാലും. വെള്ളത്തില്‍ ലയിക്കുന്ന പല തരം മാലിന്യങ്ങളെ ശരീരം പുറന്തള്ളുന്നത് മൂത്രത്തിലൂടെയാണ്. അതില്‍ നൈട്രജന്‍ അടങ്ങിയ മാലിന്യങ്ങളായ യൂറിയ, യൂറിക് ആസിഡ്, ക്രിയാറ്റിന്‍ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ഇതിനെങ്ങനെ ഔഷധ ഗുണമുണ്ടാകും? ഒരു ജീവിയുടെ വൃക്ക അരിച്ച് തിരസ്‌കരിച്ച മാലിന്യങ്ങള്‍ക്ക് ഔഷധ ഗുണം അവകാശപ്പെടുന്നതും വേറൊരു ജീവിക്ക് കുടിക്കാന്‍ നല്‍കുന്നതും സാമാന്യബുദ്ധിക്ക് നിരക്കുന്നതാണോ?അപകടകരമായ സന്ദേശമെന്നാണ് കാമകോടിയുടെ ഗോമൂത്ര മാഹാത്മ്യം സംബന്ധിച്ച് ഡോക്ടേഴ്‌സ് അസ്സോസിയേഷന്‍ ഫോര്‍ സോഷ്യല്‍ ഇക്വാലിറ്റി (ഡി എ എസ് ഇ) ജനറല്‍ സെക്രട്ടറി ഡോ. ജി ആര്‍ രവീന്ദ്രനാഥിന്റെ പ്രതികരണം. ഇത് പൊതുജനാരോഗ്യത്തെ അപകടത്തിലാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. അപകടകരമായ ബാക്ടീരിയകള്‍ അടങ്ങിയ ഗോമൂത്രവും ചാണകവും കഴിക്കുന്നത് ടൈഫോയിഡ്, ഇ കോളി അണുബാധ, ടേപ് വോം ബാധ തുടങ്ങിയ രോഗങ്ങള്‍ക്കിടയാക്കുമെന്ന് പഠനങ്ങള്‍ കണ്ടെത്തിയതായി അദ്ദേഹം പറയുന്നു.ആസ്‌ത്രേലിയയിലെ സിഡ്‌നി യൂനിവേഴ്‌സിറ്റി അസ്സോസിയേറ്റ് പ്രൊഫസര്‍ നവ്‌നീത് ദന്ത് ഇത് നേരത്തേ ചൂണ്ടിക്കാട്ടിയതാണ്. ഗോമൂത്രം കുടിച്ചാല്‍ രോഗം മാറുമെന്ന് തെളിയിക്കാന്‍ കാമകോടിയെ വെല്ലുവിളിക്കുകയും ചെയ്തു ഡോ. രവീന്ദ്രനാഥ്. ഇക്കാര്യത്തില്‍ ഒരു പൊതുസംവാദത്തിന് സന്നദ്ധത പ്രകടിപ്പിച്ച അദ്ദേഹം ഹിന്ദുത്വ പ്രചാരണത്തിന് ഐ ഐ ടി ഡയറക്ടര്‍ പദവി ദുരുപയോഗം ചെയ്ത കാമകോടിയെ പദവിയില്‍ നിന്ന് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടു.ക്യാന്‍സറിനു ഫലപ്രദമാണ് ഗോമൂത്രമെന്ന് അവകാശവാദമുന്നയിക്കാറുണ്ട് ഹിന്ദുത്വര്‍. ഗോമൂത്രം കുടിച്ചതു കൊണ്ടാണ് തന്റെ സ്തനാര്‍ബുദം മാറിയതെന്നും ബി പി കുറയാന്‍ പശുവിനെ തടവിയാല്‍ മതിയെന്നും ബി ജെ പി നേതാവും മലേഗാവ് സ്‌ഫോടന കേസിലെ പ്രതിയുമായ പ്രഗ്യാസിംഗ് ഠാക്കൂര്‍ അവകാശപ്പെട്ടിരുന്നു. രാജ്യത്ത് പല മരുന്നുകളും നിര്‍മിക്കാന്‍ ഗോമൂത്രം ഉപയോഗിക്കുന്നതായും ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങളുടെ ചികിത്സക്ക് ഗോമൂത്രം ഉപയോഗിക്കുന്നതിന്റെ സാധ്യത പരിഗണിച്ചു വരികയാണെന്നും 2020ന്റെ തുടക്കത്തില്‍ ആരോഗ്യമന്ത്രി അശ്വിനി കുമാര്‍ ചൗബേ പ്രസ്താവിക്കുകയുണ്ടായി. എന്നാല്‍ അമേരിക്കയിലെ പ്രശസ്ത ക്യാന്‍സര്‍ ഗവേഷകന്‍ ഡോ. ഡൊണാള്‍ഡ് ഹെന്‍സ്രഡ് പറയുന്നത്, “ഗോമൂത്രമെന്നല്ല ഒരു മൂത്രവും ക്യാന്‍സറിന് ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടില്ലെ’ന്നാണ്.ഗോമൂത്രം, ചാണകം, പശുവിന്‍പാല്‍, നെയ്യ്, തൈര് എന്നിവ ചേര്‍ത്തു നിര്‍മിക്കുന്ന “പഞ്ചഗവ്യ’മെന്ന മരുന്നിന് ശാസ്ത്രീയമായി സാധൂകരണം കണ്ടെത്താനായി 2017ല്‍ മോദി സര്‍ക്കാര്‍ ഒരു ഗവേഷക സംഘത്തെ നിയോഗിക്കുകയുണ്ടായി. ഈ ഗവേഷണ ശാസ്ത്രജ്ഞന്മാരില്‍ പലരും ഏറെ താമസിയാതെ അതില്‍ നിന്ന് പിന്മാറുകയും ഗോമൂത്രത്തില്‍ ആരോഗ്യപരമായ ഗുണങ്ങളൊന്നുമില്ലെന്നും ഇത്തരമൊരു പഠനത്തില്‍ യാതൊരു കഴമ്പുമില്ലെന്നും കേന്ദ്ര സര്‍ക്കാറിനെ അറിയിക്കുകയും ചെയ്തു. ക്യാന്‍സര്‍, രക്ത സമ്മര്‍ദം, പ്രമേഹം തുടങ്ങിയ മേഖലകളില്‍ ഒട്ടേറെ പഠനങ്ങള്‍ നടന്നുവെങ്കിലും രോഗശമനത്തിന് ഗോമൂത്രത്തെക്കുറിച്ചുള്ള സൂചനകള്‍ എവിടെയും കണ്ടില്ലെന്നും ശാസ്ത്രത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യാന്‍ മാത്രമേ ഈ പഠനം സഹായിക്കുകയുള്ളൂവെന്നും അവര്‍ അഭിപ്രായപ്പെട്ടു.അശാസ്ത്രീയ നടപടികളിലൂടെ പൊതുജനങ്ങളില്‍ അന്ധവിശ്വാസം വളര്‍ത്തുന്നതാണ് കേന്ദ്രം പ്രഖ്യാപിച്ച ഗവേഷണമെന്നും ഗവേഷണ നീക്കം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് അഞ്ഞൂറിലധികം ശാസ്ത്രജ്ഞന്മാര്‍ ചേര്‍ന്ന് കേന്ദ്രത്തിനയച്ച ഓണ്‍ലൈന്‍ കത്തില്‍ ആവശ്യപ്പെടുകയുമുണ്ടായി. പശുവിന് ഇല്ലാത്ത മാഹാത്മ്യം കല്‍പ്പിക്കാനുള്ള ആസൂത്രിത നീക്കമെന്നതില്‍ കവിഞ്ഞ് ഗോമൂത്രത്തിന് ഔഷധഗുണം അവകാശപ്പെടുന്നതിനു പിന്നില്‍ യാതൊരു അടിസ്ഥാനവുമില്ലെന്ന് ആരോഗ്യ വിദഗ്ധരുടെ നിലപാടുകളില്‍ നിന്ന് വ്യക്തം.