സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച മിഥുന്റെ സംസ്‌കാരം ഇന്ന്; വിദേശത്തുള്ള മാതാവ് രാവിലെയോടെ എത്തും

Wait 5 sec.

കൊല്ലം | തേവലക്കര ബോയ്‌സ് സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച മിഥുന്റെ സംസ്‌കാരം ഇന്ന് വൈകീട്ട് നാലുമണിയോടെ വീട്ടുവളപ്പില്‍ നടക്കും. വിദേശത്തുള്ള മിഥുന്റെ മാതാവ് രാവിലെയോടെ കൊച്ചി വിമാനത്താവളത്തില്‍ എത്തും.ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ആദ്യം സ്‌കൂളിലും പിന്നീട് വീട്ടിലും പൊതുദര്‍ശനത്തിന് വയ്ക്കും. വീട്ടില്‍ നടക്കുന്ന സംസ്‌കാര ചടങ്ങുകളില്‍ മന്ത്രിമാര്‍ അടക്കമുള്ള ജനപ്രതിനിധികള്‍ പങ്കെടുക്കും.വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം അനുസരിച്ച് സ്‌കൂള്‍ പ്രധാനാധ്യാപികയെ ഇന്നലെ മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ തുടര്‍നടപടികള്‍ ഉണ്ടാകും. സ്‌കൂളില്‍ ഫിറ്റ്‌നസ് പരിശോധന നടത്തിയ ഉപവിദ്യാഭ്യാസ ഡയറക്ടര്‍ക്കെതിരെയും നടപടി വരും. ഇതിന് മുന്നോടിയായി വിശദീകരണം തേടിയിട്ടുണ്ട്.സുരക്ഷാ വീഴ്ച സംബന്ധിച്ച് ഡി ഇ ഒയുടെ ചുമതല വഹിച്ചിരുന്ന എ ഇ ഒ ആന്റണി പീറ്ററില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. ഇദ്ദേഹം ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. നടപടി എടുക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കാന്‍ മാനേജ്‌മെന്റിനും നോട്ടീസ് നല്‍കി. ഇതിനിടെ മിഥുന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി മൂന്നു ലക്ഷം രൂപ നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.