അബൂദബി|54-ാമത് ഈദുല്‍ ഇത്തിഹാദിന്റെ (ദേശീയ ദിനം) ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. യൂണിയന്‍ പ്രതിജ്ഞാ ദിനമായ ഇന്നലെയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടന്നത്. 1971ല്‍ ശൈഖ് സായിദും മറ്റ് രാഷ്ട്രപിതാക്കന്മാരും ചേര്‍ന്ന് യൂണിയന്‍ പ്രഖ്യാപനവും യു എ ഇ ഭരണഘടനയും ഒപ്പുവെച്ചതിന്റെ ഓര്‍മ പുതുക്കിയ ദിവസമാണ് ഇന്നലെ ആചരിച്ചത്.പ്രതിജ്ഞാ ദിനം ഒരു പ്രതീകാത്മക തീയതി മാത്രമല്ലെന്നും ആഘോഷത്തിന്റെയും സഹകരണത്തിന്റെയും കൂട്ടായ്മയുടെ തുടക്കം കുറിക്കുന്നതാണെന്നുമാണ് എന്ന് ഈദുല്‍ ഇത്തിഹാദ് ടീമിലെ സ്ട്രാറ്റജിക് ആന്‍ഡ് ക്രിയേറ്റീവ് അഫയേഴ്സ് ഡയറക്ടര്‍ ഈസ അല്‍ സുബൂസി പറഞ്ഞു. യു എ ഇയുടെ സ്ഥാപനം ഔദ്യോഗികമായി 1971 ഡിസംബര്‍ രണ്ടിനാണ് നടന്നത്. ഈ ദിവസം ഈദുല്‍ ഇത്തിഹാദായി രാജ്യം ആഘോഷിക്കുന്നു.കഴിഞ്ഞ വര്‍ഷം 53-ാമത് ഈദുല്‍ ഇത്തിഹാദ് ഔദ്യോഗിക ചടങ്ങ് അല്‍ ഐനിലെ ജെബല്‍ ഹഫീത്തിന്റെ മനോഹരമായ പ്രകൃതിദൃശ്യങ്ങളുടെ പശ്ചാത്തലത്തിലാണ് നടന്നത്. ഇതിന്റെ പിന്നാമ്പുറ ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു പുതിയ വീഡിയോയും ഇന്നലെ പുറത്തിറങ്ങി.