അജ്മാൻ|യൂണിയൻ പ്രതിജ്ഞാ ദിനത്തോടനുബന്ധിച്ച് അജ്മാനിൽ ഒരു റോഡിന് “അഹ്ദ് അൽ ഇത്തിഹാദ്’ എന്ന് പേരിട്ടു. അജ്മാൻ മുനിസിപ്പാലിറ്റി ആൻഡ് പ്ലാനിംഗ് വകുപ്പ് ആണ് ഇത് നടപ്പാക്കിയത്. അൽ റഖീബ് 2 മേഖലയിലേക്കുള്ള പ്രധാന കവാടമാണ് ഈ റോഡ്. യു എ ഇയുടെ ചരിത്രവും ദേശീയ സ്വത്വവുമായി ബന്ധപ്പെട്ട സംരംഭങ്ങൾ കൊണ്ട് സമ്പന്നമാണ് ഈ പ്രദേശം. യുണൈറ്റഡ് ഹോം, 1971 സ്ട്രീറ്റ്, നിരവധി പാർപ്പിട പദ്ധതികൾ, യു എ ഇ പൗരന്മാരുടെ ജീവിത നിലവാരം ഉയർത്തുന്നതിനും നൈപുണ്യ വികസനം ലക്ഷ്യമിട്ടുള്ള അപ്ലൈഡ് സ്‌കൂളുകൾ എന്നിവയുമുണ്ട്.പ്രതിജ്ഞാ ദിനം ആഘോഷിച്ച് നേതാക്കൾ54 വർഷം മുമ്പ് യൂണിയൻ പ്രഖ്യാപനവും യു എ ഇ ഭരണഘടനയും ഒപ്പുവെച്ച ചരിത്രപരമായ ദിനമായ യൂണിയൻ പ്രതിജ്ഞാ ദിനത്തിൽ യു എ ഇ ഭരണാധികാരികൾ സന്ദേശം പങ്കുവെച്ചു.പ്രസിഡന്റ്ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ് യാൻ ആശംസകൾ അർപ്പിച്ച്, രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്്യാന്റെയും സഹോദര ഭരണാധികാരികളുടെയും ഐക്യത്തിനായുള്ള പ്രവർത്തനങ്ങളെയും അനുസ്മരിച്ചു. ഐക്യമാണ് നമ്മുടെ രാജ്യത്തിന്റെ ശക്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ഈ ദിവസത്തെ അറബ് ലോകം കണ്ട ഏറ്റവും വലിയ ഐക്യ ദർശനത്തിന്റെ ദിവസമായി വിശേഷിപ്പിച്ചു. ഇതേ മനസ്സോടെയും ദൃഢനിശ്ചയത്തോടെയും ഭാവിയിലേക്കുള്ള ആഗോള ലക്ഷ്യങ്ങളോടെയും മുന്നോട്ട് പോകാൻ പ്രതിജ്ഞയെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.അജ്മാൻ ഭരണാധികാരി ശൈഖ് ഹുമൈദ് ബിൻ റാശിദ് അൽ നുഐമി രാഷ്ട്രത്തിന് കൂടുതൽ സ്ഥിരതയും സുരക്ഷിതത്വവും സമൃദ്ധിയും ഉണ്ടാകട്ടെ എന്ന് പ്രാർഥിച്ചു. ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം, ദുബൈ ഒന്നാം ഡെപ്യൂട്ടി ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം, വിവിധ എമിറേറ്റുകളിൽ ഭരണാധികാരികൾ, കിരീടാവകാശികൾ തുടങ്ങിയവരും ഈ ദിനത്തിൽ നേതൃത്വത്തെയും ജനങ്ങളെയും അഭിനന്ദിച്ചു.