പാലക്കാട് | നിപ ബാധിച്ച് കുമരംപുത്തൂര്‍ സ്വദേശി മരിച്ചതിനു പിന്നാലെ രണ്ടുപേരെ ലക്ഷണങ്ങളോടെ പാലക്കാട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും സമ്പര്‍ക്കപ്പട്ടികയില്‍ ഹൈ റിസ്‌ക് വിഭാഗത്തിലുള്ളവരാണ് ഇവരെന്നും ജില്ലാ കലക്ടര്‍ ജി പ്രിയങ്ക പറഞ്ഞു.ആറാംതീയതി ലക്ഷണങ്ങള്‍ കണ്ടതിന് ശേഷം മരിച്ചയാള്‍ സ്വകാര്യ വാഹനത്തിലും ബൈക്കിലുമാണ് യാത്ര ചെയ്തത്. രോഗലക്ഷണങ്ങള്‍ തുടങ്ങിയ ശേഷം പൊതുഗതാഗതം ഉപയോഗിച്ചിട്ടില്ലെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി. പാലക്കാട് ജില്ലയിലുള്ളവര്‍ മാസ്‌ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും കലക്ടര്‍ പറഞ്ഞു. ചങ്ങലീരി സ്വദേശിയായ 57 കാരന്‍ യാത്രക്ക് ഉപയോഗിച്ചത് കെഎസ്ആര്‍ടിസി ബസിലാണെന്നായിരുന്നെന്ന് വാര്‍ത്ത പുറത്ത് വന്നിരുന്നു. കുമരംപുത്തൂര്‍ ചങ്ങലീരി സ്വദേശിയുടെ വിപുലമായ റൂട്ട് മാപ്പാണ് ആരോഗ്യ വകുപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഈ മാസം ആറിനാണ് ഇയാള്‍ രോഗലക്ഷങ്ങളോടെ ആദ്യം മണ്ണാര്‍ക്കാട്ടെ ആശുപത്രിയില്‍ എത്തുന്നത്.പനി കൂടിയപ്പോള്‍ മറ്റൊരു ആശുപത്രിയില്‍ കൂടി ചികിത്സ തേടി. ശനിയാഴ്ചയാണ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. അന്ന് വൈകീട്ട് തന്നെ മരിച്ചു. രോഗി ആശുപത്രിയിലേക്ക് ഉള്‍പ്പെടെ സഞ്ചരിക്കാന്‍ പൊതുഗതാഗതം ഉപയോഗിച്ചു എന്നത് ഏറെ ആശങ്കയുണര്‍ത്തിയിരുന്നു.നിലവില്‍ 46 പേരാണ് ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുള്ളത്. പേരക്കുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍ താല്‍ക്കാലികമായി അടച്ചിട്ടുണ്ട്. കൂടാതെ, മരിച്ചയാള്‍ ചികിത്സ തേടിയ മൂന്ന് ആശുപത്രികളിലെ ജീവനക്കാരും നിരീക്ഷണത്തിലാണ്. കരിമ്പുഴ, കാരാകുറിശ്ശി, കുമരംപുത്തൂര്‍ പഞ്ചായത്തുകളിലെയും മണ്ണാര്‍ക്കാട് നഗരസഭയിലെയും ഉള്‍പെട 17 വാര്‍ഡുകളാണ് കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്. നിപ ഉറവിടം കണ്ടത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്.