ഓസീസ് ഹുങ്ക് തകര്‍ത്ത വിന്‍ഡീസ് പ്രതികാരം | Watch

Wait 5 sec.

2003ലെ ഓസ്ട്രേലിയയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനം. സ്റ്റീവ് വോയുടെ ഓസീസ് പട, ലോകം അതിനെ മറ്റൊരു പേരിലാണ് വിളിച്ചിരുന്നത്, മൈറ്റി ഓസീസ്. റിക്കി പോണ്ടിംഗ് മാത്യു ഹെയ്ഡന്‍, ആദം ഗില്‍ക്രിസ്റ്റ്, ഡാരന്‍ ലീമാന്‍, ഗ്ലെന്‍ മഗ്രാത്ത്, ജേസണ്‍ ഗില്ലസ്പി, ബ്രെറ്റ് ലീ.. ഈ പേരുകള്‍ മാത്രം മതി അന്നത്തെ ഓസ്ട്രേലിയന്‍ ടീം എന്തായിരുന്നുവെന്ന് അറിയാന്‍. ആദ്യ ടെസ്റ്റില്‍ ലാന്‍ഗറിന്റെ സെഞ്ചുറിയും രണ്ടാം ടെസ്റ്റില്‍ പോണ്ടിങ്ങിന്റെ ഡബിള്‍ സെഞ്ച്വറിയും മൂന്നാം ടെസ്റ്റില്‍ സ്റ്റുവര്‍ട്ട് മക്ഗില്ലിന്റെ ബൗളിംഗ് പ്രകടനവും ഓസ്ട്രേലിയയെ വിജയത്തില്‍ എത്തിച്ചു. കരീബിയന്‍ മണ്ണില്‍ കാര്യമായൊന്ന് വിയര്‍ക്കേണ്ടി പോലും വന്നിരുന്നില്ല മൈറ്റി ഓസീസിന്. അതുകൊണ്ട് തന്നെ പരമ്പര സ്വന്തമാക്കിയ ഓസ്ട്രേലിയക്ക് നാലാം ടെസ്റ്റെന്നത് ജയം ഉറപ്പായ വെറും ചടങ്ങ് മാത്രമായിരുന്നു. അവരുടെ കണക്കിലെ അനേകം വൈറ്റ് വാഷില്‍ ഒന്നുകൂടി. എന്നാല്‍ സ്വന്തം മണ്ണില്‍ കരഞ്ഞുതളരാതിരിക്കാനായി ഒരു ജയമെങ്കിലും ആഗ്രഹിച്ചിരുന്ന വെസ്റ്റ് ഇന്‍ഡീസ് പോലും അന്ന് വിചാരിച്ചു കാണില്ല ലോക ക്രിക്കറ്റിന്റെ റെക്കോര്‍ഡ് പുസ്തകത്തിലേക്കാണ് നാലാം ടെസ്റ്റ് തങ്ങളെ എത്തിക്കാന്‍ പോകുന്നതെന്ന്.2003 മെയ് 9നായിരുന്നു ആ ചരിത്രത്തിലേക്ക് ഇടം നേടിയ നാലാം മത്സരം. ടോസ് നേടിയ സ്റ്റീവ് വോ ബാറ്റിംഗ് തെരഞ്ഞെടുത്തു. വലിയ കൂട്ടുകെട്ടുകളോ, ബാറ്റിംഗ് പ്രകടനങ്ങളോ ഓസീസില്‍ നിന്നുണ്ടായില്ല. ഒന്നാം ദിനം തന്നെ വെറും 240 റണ്‍സിന് ഓസീസ് പുറത്ത്. എന്നാല്‍ അത് അവരെ ഭയപ്പെടുത്തുന്ന കാര്യമായിരുന്നില്ല. മഗ്രാത്തും ബ്രെറ്റ് ലീയും മക്ഗില്ലും ഒന്നാഞ്ഞിറങ്ങിയാല്‍ ഒരു ദിവസം തന്നെ മതിയായിരുന്നു തിരിച്ച് അവരെ വീഴ്ത്താനും. അത് പിറ്റേന്ന് ശരിയുമായി. കാപ്റ്റന്‍ ബ്രയന്‍ ലാറയുടെ ഒരു അര്‍ദ്ധ സെഞ്ചുറി ഒഴിച്ചാല്‍ കാര്യമായി പൊരുതാന്‍ ആര്‍ക്കും ആ ഇന്നിംഗ്‌സില്‍ കഴിഞ്ഞില്ല. വെസ്റ്റ് ഇന്‍ഡീസും രണ്ടാം ദിനം പാതിയെത്തിയപ്പോഴേ 240 റണ്‍സിന് തന്നെ വീണു. ടെസ്റ്റ് ക്രിക്കറ്റിലെ അപൂര്‍വമായി സംഭവിക്കുന്ന ഒന്ന്. രണ്ട് ടീമുകളുടെയും ആദ്യ ഇന്നിംഗ്‌സ് സ്‌കോര്‍ ഒന്ന് തന്നെ, 240 റണ്‍സ്. അതുകൊണ്ട് തന്നെ രണ്ടാം ഇന്നിംഗ്‌സ് ആയിരിക്കും പൂര്‍ണമായി വിധി നിശ്ചയിക്കുന്നതെന്ന് ഉറപ്പായി.മൂന്ന് ദിവസം ബാക്കി നില്‍ക്കുന്ന ഒരു മത്സരം, ആര്‍ക്കും ലീഡില്ല, ഇനിയുള്ള കളി എങ്ങനെ മുതലെടുക്കുമെന്നത് അനുസരിച്ചായിരിക്കും വിജയം. അത് മനസിലാക്കിയ ഓസീസ് പട രണ്ടാം ഇന്നിംഗ്‌സില്‍ കരുതിക്കളിച്ചു. ഓപ്പണര്‍മാരായ ജസ്റ്റിന്‍ ലാന്‍ഗറും മാത്യു ഹെയ്ഡനും ചേര്‍ന്ന് മികച്ച തുടക്കമാണ് ടീമിന് ല്‍കിയത്. 242 റണ്‍സിലായിരുന്നു വെസ്റ്റ് ഇന്‍ഡീസിന് ആദ്യ വിക്കറ്റ് കണ്ടത്. അപ്പോഴേക്കും തന്നെ നാലാം മത്സരത്തിലെ തോല്‍വി, സമ്പൂര്‍ണ സീരീസ് തോല്‍വി കരീബിയന്‍ ദ്വീപ് മൊത്തം അടുത്തു കണ്ടിരുന്നു. എന്നാല്‍ ആദ്യ വിക്കറ്റ് നഷ്ടപ്പെട്ട ഓസീസിന് എന്തുകൊണ്ടോ താളം തെറ്റിയിരുന്നു. ഹെയ്ഡന് പിന്തുണ നല്‍കാന്‍ മധ്യനിരക്ക് കഴിഞ്ഞില്ല. സ്റ്റീവ് വോ നേടിയ 45 റണ്‍സ് മാത്രമാണ് സ്‌കോറിങ്ങിന് വേഗത കൂട്ടിയത്. എന്നിരുന്നാലും മൂന്നാം ദിനം തന്നെ 417 റണ്‍സ് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തായിരുന്നു ഓസീസ് ഓളൗട്ടായത്. പക്ഷേ അറിയാമല്ലോ, വെസ്റ്റ് ഇന്‍ഡീസാണ്, ക്രിക്കറ്റ് കളിക്കാന്‍ വേണ്ടി മാത്രം ഒത്തൊരുമിച്ച രാജ്യമാണ്. പണ്ടൊരിക്കല്‍ ഇഴയുമെന്ന് പറഞ്ഞ ഇംഗ്ലീഷ് പടയെ ഗ്രൗണ്ടില്‍ കരയിപ്പിച്ചുവിട്ട ചരിത്രമുള്ളവരാണ്. അവര്‍ക്ക് സാധിക്കാത്തതായിട്ടെന്തുണ്ടാകാനാണ്.418 റണ്‍സ് വിജയലക്ഷ്യം. അത് കരീബിയന്‍ പടയോട് ആവശ്യപ്പെടുന്നത് ഒന്നായിരുന്നു. രണ്ട് ദിവസം ബാക്കിയുണ്ട്. പറ്റുമെങ്കില്‍ നിങ്ങള്‍ മഗ്രാത്തിനോടും ബ്രെറ്റ് ലീയോടും മക്ഗില്ലിനോടും മുട്ടി നോക്ക്. ജയിച്ചാല്‍ അത് വെറും ജയമല്ല, ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാം ഇന്നിംഗ്‌സ് ചേസിനുള്ള ലോക റെക്കോര്‍ഡാണ്.ഇനി അന്നത്തെ വെസ്റ്റ് ഇന്‍ഡീസ് ടീമിനെ പരിചയപ്പെട്ടാല്‍, പ്രതാപകാലത്തെ ക്രിക്കറ്റിലെ ആധിപത്യം അവസാനിച്ചിരുന്നിട്ട് വര്‍ഷങ്ങളായിരുന്നുവെങ്കിലും വെസ്റ്റ് ഇന്‍ഡീസ് അന്ന് ഒരു കുഞ്ഞന്‍ ടീമല്ല. ഓപ്പണിങ്ങില്‍ തുടക്കക്കാരനായ ഡെവോണ്‍ സ്മിത്തും, പിന്നീട് ലോകത്തെ ഏറ്റവും അപകടകാരിയായ ബാറ്ററായി മാറിത്തീര്‍ന്ന ക്രിസ് ഗെയ്‌ലും. മധ്യ നിരയില്‍ അന്ന് ആരെയും നേരിടാന്‍ കഴിയുന്ന നാല് ബാറ്റര്‍മാര്‍. സച്ചിനൊപ്പം അന്നും ഇന്നും കൂട്ടിവായിക്കുന്ന, താരതമ്യങ്ങളുള്ള പേര് വിന്‍ഡീസ് കാപ്റ്റന്‍ ബ്രയാന്‍ ലാറ, ഒപ്പം ഡാരന്‍ ഗംഗ, പിന്നീട് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിലെ മധ്യനിരയിലെ ഒഴിവാക്കപ്പെടാനാകാത്ത രണ്ട് തലക്കെട്ടുകാര്‍ രാം നരേഷ് സര്‍വനും, ശിവനരെയ്ന്‍ ചന്ദര്‍പോള്‍. എന്നാല്‍ ഇവര്‍ക്ക് മൈറ്റി ഓസീസിനെ വെല്ലുവിളിച്ച് ലോകറെക്കോര്‍ഡ് നേടാന്‍ കഴിയുമോ എന്ന് ചോദിച്ചാല്‍ ക്രിക്കറ്റിനായി തുന്നിക്കൂട്ടിയ ആ ദ്വീപസമൂഹത്തിലെ ആരും അതെയെന്ന് പറയാന്‍ സാധ്യതയില്ല. കാരണം ആദ്യ മൂന്ന് മത്സരങ്ങളിലെ അവരുടെ പ്രകടനം അങ്ങനെയായിരുന്നു. പക്ഷേ അറിയാമല്ലോ, വെസ്റ്റ് ഇന്‍ഡീസാണ്, ക്രിക്കറ്റ് കളിക്കാന്‍ വേണ്ടി മാത്രം ഒത്തൊരുമിച്ച രാജ്യമാണ്. പണ്ടൊരിക്കല്‍ ഇഴയുമെന്ന് പറഞ്ഞ ഇംഗ്ലീഷ് പടയെ ഗ്രൗണ്ടില്‍ കരയിപ്പിച്ചുവിട്ട ചരിത്രമുള്ളവരാണ്. അവര്‍ക്ക് സാധിക്കാത്തതായിട്ടെന്തുണ്ടാകാനാണ്. സാവധാനമായിരുന്നു വെസ്റ്റ് ഇന്‍ഡീസിന്റെ അന്നത്തെ തുടക്കം, ഗെയ്‌ലും സ്മിത്തും പതിയെ തുടങ്ങി. 24ആം ഓവറിലായിരുന്നു ആദ്യ വിക്കറ്റ് വീണത്. പക്ഷേ സ്‌കോര്‍ ബോര്‍ഡില്‍ വെറും 48 റണ്‍സേ ചേര്‍ത്തിട്ടുണ്ടായിരുന്നുള്ളു. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ അത് 3 വിക്കറ്റിന് 74 റണ്‍സ് എന്ന നിലയിലെത്തി. ബ്രെറ്റ് ലീയും മഗ്രാത്തും മിനിറ്റുകള്‍ക്കുള്ളില്‍ ആഞ്ഞടിച്ചു. ഓസീസ് വിന്‍ഡീസിനെ വീണ്ടും തകര്‍ത്തുവെന്ന് ഉറപ്പിച്ചു തുടങ്ങി. എന്നാല്‍ നാലാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ബ്രയന്‍ ലാറയും രാംനരേഷ് സര്‍വ്വനും ചേര്‍ന്നുള്ള പ്രതിരോധം, 100 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പ്. സ്പിന്നേഴ്‌സിനെ സ്റ്റെപ് ഔട്ട് ചെയ്ത് മിഡോണില്‍ സിക്‌സര്‍ പറത്തുന്ന ലാറയുടെ ക്ലാസിക് ഷോട്ടുകളും സര്‍വന്റെ അളന്ന് മുറിച്ചുള്ള കട്ടറുകളും അന്ന് ലോകം വീണ്ടും കണ്ടു. എന്നാല്‍ സ്‌കോര്‍ ബോര്‍ഡ് 165ല്‍ നില്‍ക്കേ ലാറയ്ക്ക് പിഴച്ചു. മഗ്കില്ലിനെ സ്റ്റെപ്പ് ഔട്ട് ചെയ്‌തെങ്കിലും പന്ത് ലാറയെ കബളിപ്പിച്ച് സ്റ്റംപില്‍ പതിച്ചു. ഓസീസ് ആഗ്രഹിച്ച വിക്കറ്റ്. പിന്നാലെയെത്തിയത് ശിവ്‌നരെയ്ന്‍ ചന്ദര്‍ പോള്‍. അധികമൊന്നും അഗ്രസീവായി പറഞ്ഞു കേട്ടിട്ടില്ലാത്ത അയാള്‍ അന്ന് വന്നപാടെ മഗ്രാത്തിനെ പുള്‍ഷോട്ടിലൂടെ ബൗണ്ടറിയിലേക്ക് പറത്തിയായിരുന്നു തുടങ്ങിയത്. പില്‍ക്കാലത്ത് രാം നരേഷ് സര്‍വ്വനും ശിവ്‌നരെയ്ന്‍ ചന്ദര്‍പോളും എതിര്‍ടീമുകളെ പേടിപ്പിക്കുന്ന ഒരു കൂട്ടുകെട്ടായി മാറിയതിന് പിന്നില്‍ ആ ഇന്നിംഗ്‌സ് കൂടി കാരണമാണ്. ദ്രാവിഡും ലക്ഷ്മണും പോലെ, ജയവര്‍ധനെയും സംഗക്കാരെയും പോലെ ടെസ്റ്റ് ക്രിക്കറ്റിലെ ഭയക്കേണ്ടുന്ന കൂട്ടുകെട്ടുകളിലൊന്നായിരുന്നു അവര്‍. ഇരുവരും വളരെ ശ്രദ്ധയോടെയാണ് ഓസ്ട്രേലിയന്‍ പന്തുകളെ നേരിട്ടത്. നല്ല പന്തുകളെ ബഹുമാനിച്ചും മോശം പന്തുകളെ പ്രഹരിച്ചും അവര്‍ സ്‌കോര്‍ ബോര്‍ഡ് ഉയര്‍ത്തി. സ്റ്റീവ് വോ ബൗളര്‍മാരെ മാറിമാറി പരീക്ഷിച്ചിരുന്നുവെങ്കിലും സര്‍വ്വന്‍ ഒരിടത്ത് ഉറച്ചു നിന്നും ചന്ദര്‍ പോള്‍ പ്രഹരിച്ചുമെല്ലാം വളരെ പതിയെ മാത്രമായിരുന്നു വിന്‍ഡീസ് സ്‌കോര്‍ ബോര്‍ഡ് ഉയര്‍ത്തിയത്. പിന്നീട് സര്‍വ്വന്റെ സെഞ്ചുറി. കാണികള്‍ക്കും ലോകത്തിനും മുന്നില്‍ അയാള്‍ ഹെല്‍മറ്റ് ഉയര്‍ത്തി തന്റെ രണ്ടാം സെഞ്ചുറി ആഘോഷിച്ചപ്പോള്‍, അയാളുടെ ഹെഡ്ബാന്റ് അണിഞ്ഞ തല ലോകത്തിന് മുന്നില്‍ ഐക്കണായപ്പോള്‍ വിന്‍ഡീസ് സ്വപ്നം കണ്ട് തുടങ്ങിയിരുന്നു ലോകറെക്കോര്‍ഡ് ഉള്‍പ്പെട്ട ആ വിജയം. എന്നാല്‍ ആ സ്വപ്നം അധിക സമയം നിലനിന്നില്ല., ബ്രെറ്റ് ലിയുടെ ഷോട് ബോള്‍ പുള്‍ ചെയ്യാന്‍ ശ്രമിച്ച സര്‍വ്വന് പിഴച്ചു. പന്ത് എഡ്ജ് ചെയ്ത് ഫീല്‍ഡറുടെ കൈയിലേക്ക്. സ്വയം പഴിച്ചുകൊണ്ട് അയാള്‍ ഡഗ് ഔട്ടിലേക്ക് നടന്നു. തൊട്ടടുത്ത പന്തില്‍ ടീമിലെ അവസാന ബാറ്ററായ റെഡ്‌ലി ജേക്കബിന്റെ ദേഹത്ത് തട്ടിയ പന്ത് ഗില്‍ക്രിസ്റ്റിന്റെ കൈയിലേക്ക്. ഓസീസ് പട അപ്പീല്‍ ചെയ്തു. അംപയര്‍ ഔട്ട് എന്ന് കാണിച്ചതോടെ കളിയുടെ ഗതി മിനിറ്റുകള്‍ക്കുള്ളില്‍ മാറി. വിന്‍ഡീസ് ജയം 130 റണ്‍സിനപ്പുറമാണ്. ഓസീസിനോ വെറും നാല് വിക്കറ്റുകളും മാത്രം. എന്നാല്‍ 7-ാം വിക്കറ്റില്‍ ഒമറി ബാങ്ക്സിനെ കൂട്ടു പിടിച്ചു ചന്ദ്രപോള്‍ ടീമിന്റെ രക്ഷാ പ്രവര്‍ത്തനം തുടങ്ങി. അയാളില്‍ അര്‍ഹിക്കപ്പെട്ട ദൗത്യം. ബാറ്റ് ഒന്നാഞ്ഞുകുടഞ്ഞ് ക്രീസില്‍ പ്രത്യേക ഒരു ശൈലിയില്‍ നൃത്തം വെക്കുന്ന പോലെ ശരീരമൊന്നനക്കി പന്തിനെ തന്റെ ലൈനിലേക്ക് കൊണ്ടുവന്ന് ബാറ്റ് ചെയ്യുന്ന ചന്ദര്‍പോളിന്റെ ബാറ്റിംഗ് ശൈലി എത്ര നേരം വേണമെങ്കിലും കണ്ടിരിക്കാവുന്ന ഒന്നാണ്. ഏഴാം വിക്കറ്റില്‍ 70 റണ്‍സോളം കൂട്ടിച്ചേര്‍ക്കപ്പെട്ടപ്പോള്‍ അതില്‍ 50 റണ്‍സും ചന്ദര്‍പോളിന്റെ ബാറ്റില്‍ നിന്നായിരുന്നു. മഗ്കില്ലിനെ ബൗണ്ടറിയിലേക്ക് കടത്തി എട്ടാം സെഞ്ചുറി അയാള്‍ കുറിച്ചിട്ട് തന്റെ സ്ഥിരം ശൈലിയില്‍ ചന്ദര്‍പോള്‍ ഭൂമിയെ ചുംബിച്ചു. വിന്‍ഡീസ് ജയം വെറും 57 റണ്‍സ് അകലെ. നാലാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ അവരത് സ്വപനം കണ്ടുറങ്ങിയിട്ടുണ്ടാകും.എന്നാല്‍ അഞ്ചാം ദിനം കളി തുടങ്ങുമ്പോഴേ മുന്‍പേ ചന്ദര്‍പോളിനെ പുറത്താക്കി ബ്രെറ്റ് ലീ കളി വീണ്ടും തിരിച്ചു. ഒരുനിമിഷം കൊണ്ട് കളി കൈവിട്ടുപോയെന്ന് വിചാരിച്ച് കാണികള്‍ നിശബ്ദമായി. എന്നാല്‍ മിനിറ്റുകള്‍ കൊണ്ട് ഓസീസ് പടയുടെ കണക്കൂട്ടല്‍ തെറ്റി. ഓമാരി ബാങ്ക്‌സ് മറക്കാന്‍ ആഗ്രഹിക്കാത്ത ഇന്നിംഗ്‌സ്, എട്ടാം വിക്കറ്റില്‍ വാസ്ബര്‍ട്ട് ഡ്രേക്ക്‌സുമായി ചേര്‍ന്ന് അയാള്‍ സ്‌കോര്‍ ബോര്‍ഡ് ഉയര്‍ത്തി. മുട്ടിക്കളിക്കുമെന്ന് വിചാരിച്ചിരുന്നിടത്ത് നിന്ന് ഫോറും സിക്‌സും ചേര്‍ത്തുള്ള ഇന്നിംഗ്‌സ്. അയാളന്ന് നേടിയ 47 റണ്‍സിന് ഒരു സെഞ്ചുറിയുടെ കനമുണ്ട്. ഒടുവില്‍ സ്റ്റുവര്‍ട്ട് മക്ഗില്‍ എറിഞ്ഞ 128-ാം ഓവറിലെ അഞ്ചാം പന്ത് ഓഫ് സൈഡിലൂടെ ബൗണ്ടറി കടത്തിയ േ്രഡക്‌സ് വെസ്റ്റ് ഇന്‍ഡീസിന് സമ്മാനിച്ചത് ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ചേസിങ്ങ് ജയമാണ്. അതും മൈറ്റി ഓസീസിനെതിരെ. എല്ലാ തോല്‍വികളും മറക്കാനും, ക്രിക്കറ്റില്‍ വീണ്ടുമൊരു ഉയര്‍ത്തെഴുന്നേല്‍പ്പിനുമെല്ലാം വിന്‍ഡീസിന് ആ ജയം മതിയായിരുന്നു.അതിന് മുന്‍പ് നടന്ന മൂന്ന് മത്സരങ്ങളില്‍ വിന്‍ഡീസിനെ പരാജയപ്പെടുത്തിയതും, സീരീസ് കപ്പുയര്‍ത്തിയതുമൊന്നും അന്ന് രാത്രി ഓസീസ് പടയ്ക്ക് ഉറക്കം സമ്മാനിച്ചിട്ടുണ്ടാവില്ല. കാരണം ആ തോല്‍വി തിരുത്തിയത് 27 വര്‍ഷം മുന്‍പുള്ള ലോകറെക്കോര്‍ഡായിരുന്നു. എല്ലായ്‌പ്പോഴും റെക്കോര്‍ഡ് പുസ്തകത്തില്‍ വിജയടീമിന്റെ പേരിന്റെ സ്ഥാനത്ത് ചേര്‍ക്കപ്പെട്ടിട്ടുള്ള ഓസീസ് പേര് അന്ന് പക്ഷേ തോല്‍വിയുടെ പട്ടികയിലായിരുന്നുവെന്ന് മാത്രം. ആ വിജയം വിന്‍ഡീസ് പട സ്വന്തമാക്കിയത് ശേഷം ഇരുത്തിരണ്ട് വര്‍ഷം പിന്നിട്ടു കഴിഞ്ഞു. 950ഓളം ടെസ്റ്റ് മത്സരങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. പക്ഷേ റെക്കോര്‍ഡ് ഇന്നും തിരുത്തപ്പെട്ടിട്ടില്ല. വിന്‍ഡീസ് ക്രിക്കറ്റിന്റെ പ്രതാപകാലത്തിന്റെ ശേഷിപ്പോ ചരിത്രമോ ഒക്കെ പോലെ, റെക്കോര്‍ഡ് പട്ടികയില്‍ അതൊരു ഓര്‍മയായി നിലനില്‍ക്കുന്നു.