നഷ്ടപ്പെട്ടത് കേരളത്തിന്റെ മകനെ; കർശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

Wait 5 sec.

കൊല്ലം തേവലക്കര ബോയ്സ് ഹൈസ്‌ക്കൂളിലെ വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കർശന നടപടി കൈക്കൊള്ളുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. നഷ്ടമായത് കേരളത്തിന്റെ മകനെയാണ്. അത് ഉൾക്കൊണ്ടാണ് നടപടി സ്വീകരിക്കുകയെന്നും മന്ത്രി പറഞ്ഞു.പ്രധാനാധ്യാപികയെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന് സ്‌കൂൾ മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാനേജ്മെന്റ് നടപടി സ്വീകരിച്ചില്ലെങ്കിൽ സർക്കാർ നടപടിയിലേക്ക് പോകും. സ്‌കൂൾ മാനേജ്മെന്റിന് നോട്ടീസ് നൽകും. മൂന്നു ദിവസത്തിനകം മറുപടി നൽകണം. സ്‌കൂൾ ചുമതലയുള്ള എ. ഇ. ഒയിൽ നിന്ന് വിശദീകരണം തേടും. കുട്ടിയുടെ കുടുംബത്തിന് സഹായം ലഭ്യമാക്കുന്നത് മാനേജ്മെന്റ് പരിഗണിക്കണമെന്ന് മന്ത്രി പറഞ്ഞു.സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ് മുഖേന മിഥുന്റെ കുടുംബത്തിന് വിദ്യാഭ്യാസ വകുപ്പ് വീട് വച്ചു നൽകും. മിഥുന്റെ സഹോദരന് പ്ലസ് ടു വരെ പരീക്ഷാ ഫീസ് ഉൾപ്പെടെ ഒഴിവാക്കി നൽകാൻ ഉത്തരവ് നൽകും. മിഥുന്റെ കുടുംബത്തിന് മൂന്നു ലക്ഷം രൂപ അടിയന്തര സഹായം നൽകും. മുഖ്യമന്ത്രിയുമായി ആലോചിച്ച് കൂടുതൽ സഹായം ലഭ്യമാക്കും. സ്‌കൂൾ പി. ടി. എ പുനസംഘടിപ്പിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. തദ്ദേശവകുപ്പിന്റെ നിലപാട് പരിശോധിക്കണമെന്ന് വകുപ്പ് മന്ത്രിയെ അറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.അപകടവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, ഡയറക്ടർ എന്നിവരുമായി മന്ത്രി ചർച്ച ചെയ്തു. സ്‌കൂളുകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് മെയ് 13ന് വിശദമായ സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ഇതിൽ വൈദ്യുതി ലൈൻ, വേലിയില്ലാത്ത ട്രാൻസ്ഫോർമർ, പോസ്റ്റ്, സ്റ്റേവയർ എന്നിവയുമായി ബന്ധപ്പെട്ട് കൃത്യമായ നിർദ്ദേശമുണ്ടായിരുന്നതായി മന്ത്രി പറഞ്ഞു.