പത്തനംതിട്ട | യുട്യൂബ് ചാനലുകളും വേ്‌ളാഗര്‍മാരും ചേര്‍ന്ന് തന്നെയും ഒരു മാസം പ്രായമുള്ള കുഞ്ഞിനെയും കുറിച്ച് അപവാദം പ്രചരിപ്പിക്കുന്നുവെന്ന് പോക്‌സോ കേസ് അതിജീവതയുടെ പരാതി. 31 പേര്‍ക്കെതിരേ അടൂര്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും യുവതിയും അഭിഭാഷകരും പത്രസമ്മേളനത്തില്‍ ആരോപിച്ചു. അനാഥാലയത്തില്‍ വളര്‍ന്ന അതിജീവത 18 വയസ് തികഞ്ഞതിന് പിന്നാലെ നടത്തിപ്പുകാരിയുടെ ബന്ധുവായ യുവാവിനെ വിവാഹം കഴിച്ചിരുന്നു. ഏഴാം മാസം യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പാണ് യുവതി യുവാവുമായി ബന്ധം പുലര്‍ത്തിയതെന്ന സംശയത്തില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയുടെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി അടൂര്‍ പോലീസ് പോക്‌സോ കേസിന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം യുവാവിനെയും കേസില്‍ പ്രതി ചേര്‍ത്തു. ആദ്യം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ പ്രതിയായി ആരും ഉണ്ടായിരുന്നില്ല. എങ്കിലും അനാഥാലയം നടത്തിപ്പുകാരിയും യുവാവും ഒളിവില്‍പ്പോവുകയും മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് തനിക്കും കുഞ്ഞിനുമെതിരേ രൂക്ഷമായ സൈബര്‍ ആക്രമണം തുടങ്ങിയത്. പോക്‌സോ കേസാണെങ്കില്‍ ഇരയെ തിരിച്ചറിയുന്ന കാര്യങ്ങള്‍ വാര്‍ത്തയാക്കാനോ പ്രചരിപ്പിക്കാനോ പാടില്ല എന്നാണ് നിയമം. ഇത് ലംഘിച്ച് അതിജീവിതയുടെയും ഒരു മാസം പ്രായമുള്ള കുഞ്ഞിന്റെയും സ്വകാര്യത ലംഘിച്ച് ചിലര്‍ അപവാദങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് യുവതി ആരോപിച്ചു. അനാഥാലയം നടത്തിപ്പുകാരിയോട് പണം ചോദിച്ചിട്ട് കിട്ടാതെ വന്നപ്പോഴാണ് ഈ പ്രശ്‌നങ്ങള്‍ എല്ലാം തുടങ്ങിയത് എന്നും യുവതി പറഞ്ഞു. താന്‍ യുവാവുമായി ബന്ധം പുലര്‍ത്തിയത് പ്രായപൂര്‍ത്തിയാതിന് ശേഷമാണ്. തന്റെ പൂര്‍ണ സമ്മതത്തോടെയായിരുന്നു അത്. വിവാഹം കഴിച്ച് ഞങ്ങള്‍ സന്തോഷമായി ജീവിക്കുകയാണ്. അനാഥയായ തനിക്ക് ഒരു ജീവിതം തന്നത് ഈ യുവാവാണ്. അത് തച്ചു തകര്‍ക്കരുതെന്നും യുവതി അഭ്യര്‍ഥിച്ചു.കേസ് പോക്‌സോയുടെ പരിധിയില്‍ വരുമോ ഇല്ലയോ എന്ന കാര്യം അന്വേഷണം നടത്തി തീരുമാനിക്കട്ടെ എന്ന് അതീജീവതയുടെ അഭിഭാഷകരായ എസ് ദീപ, അരുണ്‍ എന്നിവര്‍ പറഞ്ഞു. അതു വരെ അതിജീവതയെ വെറുതെ വിടണം. ഇവരെ തിരിച്ചറിയുന്ന തരത്തില്‍ വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരേ പോക്‌സോ നിയമ പ്രകാരം കേസെടുക്കണമെന്നും അഭിഭാഷകര്‍ പറഞ്ഞു.