പഞ്ചസാര ചേർത്ത പാനീയങ്ങളുടെ എക്‌സൈസ് നികുതിയിൽ മാറ്റം

Wait 5 sec.

അബൂദബി| പഞ്ചസാര ചേർത്ത പാനീയങ്ങൾക്ക് ഈടാക്കുന്ന എക്‌സൈസ് നികുതിയുടെ രീതി മാറ്റാൻ ധനകാര്യ മന്ത്രാലയവും ഫെഡറൽ ടാക്‌സ് അതോറിറ്റിയും തീരുമാനിച്ചു. 2026 മുതൽ പഞ്ചസാരയുടെ അളവിനനുസരിച്ച് നികുതി ഈടാക്കും. നിലവിൽ ഉത്പന്ന വിഭാഗത്തെ അടിസ്ഥാനമാക്കി 50 ശതമാനം എക്‌സൈസ് നികുതിയാണ് ഈടാക്കുന്നത്. യു എ ഇയിലെ ഭക്ഷണങ്ങൾ കൂടുതൽ ആരോഗ്യകരമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നീക്കം. ഈ മാറ്റത്തിന് മുന്നോടിയായി നിർമാതാക്കൾക്ക് ഉത്പന്നങ്ങളുടെ ഘടനയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിന് മതിയായ സമയം നൽകിയിട്ടുണ്ട്.പുതിയ രീതി അനുസരിച്ച്, ഓരോ 100 മില്ലീ ലിറ്ററിലും അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവിനനുസരിച്ച് ഒരു ലിറ്റർ പാനീയത്തിനുള്ള നികുതിയുടെ നിരക്ക് വ്യത്യാസപ്പെടും. പഞ്ചസാരയുടെ അളവ് കൂടുന്തോറും നികുതിയും കൂടും. ഉത്പന്നങ്ങളിലെ പഞ്ചസാരയുടെ അളവ് കുറക്കാൻ ഈ പുതിയ നിയമം വഴിതുറക്കും. അതുവഴി ഉപഭോക്താക്കൾക്ക് ആരോഗ്യകരമായ ഭക്ഷണക്രമം തിരഞ്ഞെടുക്കാനും സാധിക്കും. ഈ നയം നേരത്തെ തന്നെ പ്രഖ്യാപിച്ചത് വിതരണക്കാർക്കും ഇറക്കുമതിക്കാർക്കും മറ്റ് ബന്ധപ്പെട്ടവർക്കും അവരുടെ സിസ്റ്റങ്ങൾ മാറ്റാനും ഉത്പന്നങ്ങളുടെ ഘടന പുനഃപരിശോധിക്കാനും അടുത്ത വർഷം നിയമം നടപ്പാക്കുന്നതിന് തയ്യാറെടുക്കാനും മതിയായ സമയം നൽകുന്നതിനുമാണ്. പുതിയ സംവിധാനത്തെക്കുറിച്ച് എല്ലാവർക്കും ശരിയായ ധാരണ ലഭിക്കുന്നതിന് ബോധവത്കരണ ക്യാമ്പയിനുകൾ ആരംഭിക്കും. യു എ ഇയിലെ ബിസിനസുകൾക്ക് ഈ മാറ്റത്തിന് തയ്യാറെടുക്കാൻ മതിയായ സമയം നൽകുമെന്നും മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.പൊതുജനാരോഗ്യത്തിന് ഹാനികരമായ ഉത്പന്നങ്ങളുടെ ഉപഭോഗം കുറക്കുക, അതുപോലെ സുപ്രധാനമായ പൊതുസേവനങ്ങളിൽ പുനഃനിക്ഷേപം നടത്താൻ കഴിയുന്ന സർക്കാർ വരുമാനം നേടുക എന്നിവയാണ് എക്‌സൈസ് നികുതിയുടെ ലക്ഷ്യം. യു എ ഇ 2017ൽ കാർബണേറ്റഡ് പാനീയങ്ങൾ, എനർജി ഡ്രിങ്കുകൾ, പുകയില ഉത്പന്നങ്ങൾ എന്നിവക്ക് ഈ നികുതി ഏർപ്പെടുത്തി. 2019ൽ ഇത് ഇലക്ട്രോണിക് സിഗരറ്റ് ഉപകരണങ്ങൾ, അവയിൽ ഉപയോഗിക്കുന്ന ദ്രാവകങ്ങൾ, മധുരമുള്ള പാനീയങ്ങൾ എന്നിവയിലേക്കും വ്യാപിപ്പിച്ചു.