ചേര്‍ത്തലയില്‍ സ്വകാര്യ കമ്പനിയുടെ ഗോഡൗണ്‍ നിര്‍മാണത്തിനിടെ കോണ്‍ക്രീറ്റ് തട്ട് ഇടിഞ്ഞുവീണു;നാലു പേര്‍ക്ക് പരുക്ക്

Wait 5 sec.

ചേര്‍ത്തല|ചേര്‍ത്തലയില്‍ സ്വകാര്യ കമ്പനിയുടെ ഗോഡൗണ്‍ നിര്‍മാണത്തിനിടെ കോണ്‍ക്രീറ്റ് തട്ട് ഇടിഞ്ഞുവീണു നാലു പേര്‍ക്ക് പരുക്ക്. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെ പള്ളിപ്പുറം പഞ്ചായത്ത് 16 -ാം വാര്‍ഡ് കാവുങ്കല്‍ വെള്ളിമുറ്റം ഭാഗത്താണ് അപകടമുണ്ടായത്. കൊച്ചിയിലെ ഒരു കോണ്‍ട്രാക്ടര്‍ക്കാണ് ഇതിന്റെ നിര്‍മാണ ചുമതല. ഇയാളുടെ തൊഴിലാളികള്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്.അപകട സമയത്ത് 30 ഓളം തൊഴിലാളികള്‍ സ്ഥലത്തുണ്ടായിരുന്നു. കെട്ടിടത്തിന്റെ മേല്‍തട്ടില്‍ കോണ്‍ക്രീറ്റ് മിശ്രിതം നിറക്കുന്നതിനിടയിലായിരുന്നു അപകടമുണ്ടായത്. തട്ട് ഇടിഞ്ഞു താഴെ വീണ് കമ്പിയും പട്ടികയും ആണിയും കുത്തിയേറ്റാണ് തൊഴിലാളികള്‍ക്ക് പരുക്കേറ്റത്. പരുക്കേറ്റ കൊച്ചി സ്വദേശിയായ ഒരാളുടെ നില ഗരുതരമാണ്. പരുക്കേറ്റവരെ വിവിധ ആശുപത്രികളിലായാണ് പ്രവേശിപ്പിച്ചത്.കെട്ടിട നിര്‍മാണത്തില്‍ അപാകതയുണ്ടെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. ഈ പ്രദേശം മുമ്പ് കൃഷിയിറക്കിയിരുന്ന പാടശേഖരമായിരുന്നു. പാടം നികത്തി അനധികൃതമായാണ് നിര്‍മാണം നടത്തുന്നത്. ചതുപ്പു പ്രദേശത്ത് യാതൊരു സുരക്ഷാമാനദണ്ഡങ്ങളും പാലിക്കാതെയാണ് നിര്‍മാണം നടക്കുന്നതെന്നും ആക്ഷേപമുണ്ട്.