ന്യൂഡൽഹി | അസമിലെ ഗോലാഘട്ട് ജില്ലയിലെ യുറിയാംഘട്ടിലും സമീപപ്രദേശങ്ങളിലും സംസ്ഥാന സർക്കാർ നടത്തുന്ന കുടിയൊഴിപ്പിക്കലിനെതിരെ സുപ്രീം കോടതി. പതിറ്റാണ്ടുകളായി ഈ പ്രദേശത്ത് താമസിക്കുന്ന ബംഗാളി മുസ്‌ലിംകളെ ലക്ഷ്യമിട്ട് സർക്കാർ നടത്തുന്ന കുടിയൊഴിപ്പിക്കൽ, കെട്ടിടം പൊളിച്ചുനീക്കൽ നടപടികൾ എന്നിവ നിർത്തിവെക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഗുവാഹതി ഹൈക്കോടതി ഉത്തരവിനെതിരെ സമർപ്പിച്ച ഹരജിയിലാണ് കോടതി നടപടി.ജസ്റ്റിസുമാരായ പി എസ് നരസിംഹ, അതുൽ എസ് ചന്ദൂർക്കർ എന്നിവരുടെ ബഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഹൈക്കോടതി ഹരജിക്കാരുടെ അപ്പീലുകൾ തള്ളുകയും കുടിയൊഴിപ്പിക്കൽ നടപടി ശരിവെക്കുകയും ചെയ്തതിനു പിന്നാലെയാണ് ഇവർ സുപ്രിംകോടതിയെ സമീപിച്ചത്.70 വർഷത്തോളായി തങ്ങൾ ഈ സ്ഥലത്ത് സ്ഥിരതാമസക്കാരാണെന്ന് ഹരജിക്കാർ വാദിച്ചു. 1891-ലെ അസം ഫോറസ്റ്റ് റെഗുലേഷൻ നിയമ ഭേദഗതി അനുസരിച്ച് 2025 ജൂലൈയിൽ അധികൃതർ ഇവർക്ക് നോട്ടീസ് നൽകിയിരുന്നു. ഇവരുടെ ഗ്രാമങ്ങൾ ദോയാങ്, സൗത്ത് നംബാർ റിസർവ് ഫോറസ്റ്റുകളുടെ പരിധിയിൽ വരുന്നതിനാൽ ഏഴ് ദിവസത്തിനകം ഒഴിഞ്ഞുപോകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടത്. ഈ നോട്ടീസിനെ ചോദ്യംചെയ്ത് ഹരജിക്കാർ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹരജിക്കാർ വനമേഖലയിൽ അതിക്രമിച്ചു കയറിയവരാണെന്ന് ആരോപിച്ച് സിംഗിൾ ബഞ്ച് ഹരജി തള്ളുകയായിരുന്നു.എന്നാൽ തങ്ങൾ പതിറ്റാണ്ടുകളായി ഇവിടെ താമസിച്ചുവരുന്നവരാണ് എന്നതിന് സർക്കാർരേഖകൾ ഇവർ തെളിവായി ചൂണ്ടിക്കാട്ടുന്നു. ഈ കുടിയൊഴിപ്പിക്കൽ നടപടി 2013-ലെ ഭൂമി ഏറ്റെടുക്കൽ, പുനരധിവാസം, പുനരധിവാസ നിയമം, 2015-ലെ അസം നിയമങ്ങൾ എന്നിവയുടെ ലംഘനമാണെന്നും ഇവർ വാദിക്കുന്നു.