വാഷിങ്ടണ്‍ | ഇന്ത്യക്ക് തീരുവ ചുമത്തിയതില്‍ വിട്ടുവീഴ്ചയില്ലാതെ അമേരിക്ക. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച 25 ശതമാനം അധിക തീരുവയടക്കം മൊത്തം 50 ശതമാനം തീരുവ നടപടിയില്‍ മാറ്റമില്ലെന്ന് അറിയിച്ചു കൊണ്ടുള്ള നോട്ടീസ് അമേരിക്ക പുറത്തിറക്കി. ഇന്ത്യയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് ട്രംപ് പ്രഖ്യാപിച്ച അധിക തീരുവ ബുധനാഴ്ച അര്‍ധരാത്രി (ഇന്ത്യന്‍ സമയം വ്യാഴാഴ്ച രാവിലെ 9:30) പ്രാബല്യത്തില്‍ വരുമെന്ന് യു എസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ വകുപ്പ് പുറത്തിറക്കിയ നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.റഷ്യ-യുക്രൈന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിലും ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നത് അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് നോട്ടീസില്‍ പറയുന്നു.അതേസമയം, തീരുവ വര്‍ധനയ്ക്ക് മറുപടിയായി യു എസ് ഉത്പന്നങ്ങള്‍ക്ക് മേല്‍ പ്രതികാര തീരുവകള്‍ ഏര്‍പ്പെടുത്തുന്നത് പരിഗണനയിലാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം സൂചന നല്‍കി. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തില്ലെന്ന് ഇന്ത്യ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.