വിദേശ ജോലി ആഗ്രഹിക്കുന്നവർക്ക്  രണ്ടു ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്ന ‘നോര്‍ക്ക ശുഭയാത്ര’ പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

Wait 5 sec.

വിദേശ ജോലി എന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന് സാമ്പത്തികമായി ബുദ്ധിമുട്ടുളളവരെ സഹായിക്കുന്നതിന്  രണ്ടു ലക്ഷം രൂപ വരെ വായ്പ  ലഭ്യമാക്കുന്ന ‘നോര്‍ക്ക ശുഭയാത്ര’ പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.വിദേശ രാജ്യത്ത് തൊഴില്‍ നേടുന്നതിനായുളള നൈപുണ്യ പരിശീലനത്തിനായി പ്രവാസി നൈപുണ്യ വികസന സഹായ പദ്ധതി, വിദേശ തൊഴിലിനായുള്ള യാത്രാ സഹായ പദ്ധതി എന്നീ ഉപപദ്ധതികള്‍ ചേര്‍ന്നതാണ് ‘നോര്‍ക്ക ശുഭയാത്ര’.പലിശ ഇളവോടുകൂടി ധനകാര്യ സ്ഥാപനങ്ങള്‍ മുഖേനയാണ് വായ്പ ലഭ്യമാക്കുക. താല്പര്യമുളളവര്‍ നോര്‍ക്ക റൂട്ട്സ് വെബ്സൈറ്റ് (https://subhayathra.norkaroots.kerala.gov.in/)   സന്ദര്‍ശിച്ച് 2025 സെപ്റ്റംബര്‍ രണ്ടിനകം അപേക്ഷ നല്‍കേണ്ടതാണ്. നിര്‍ദിഷ്ട പ്രൊഫോമയില്‍   അപേക്ഷകരുടെ വിശദാംശങ്ങള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം രജിസ്റ്റര്‍ ചെയ്യണം. ഉപ പദ്ധതികളില്‍ ഒന്നില്‍ മാത്രമേ ഒരു അപേക്ഷകന്‍ രജിസ്റ്റര്‍ ചെയ്യാന്‍ പാടുള്ളൂ. നോര്‍ക്കയുടെ മറ്റ് പദ്ധതികള്‍ മുഖേന സഹായം ലഭിച്ചവരെ ഈ പദ്ധതിയില്‍ പരിഗണിക്കില്ല. 18 നും 55 നും മധ്യേ പ്രായമുളളര്‍ക്ക് പദ്ധതിയുടെ  പ്രയോജനം ലഭിക്കും.വിദേശഭാഷാ പരിശീലനം, വിവിധ പരീക്ഷാഫീസുകള്‍, മറ്റു റഗുലേറ്ററി പരീക്ഷകള്‍ക്കുള്ള പരിശീലനം, പരിശീലന കാലയളവിലെ ഹോസ്റ്റല്‍- ഭക്ഷണം തുടങ്ങിയ ചെലവുകള്‍ അംഗീകൃത റിക്രൂട്ടിംഗ് ഏജന്‍സികള്‍ക്കുള്ള സേവന നിരക്കുകള്‍, വീസ സ്റ്റാമ്പിംഗ് നിരക്കുകള്‍, മെഡിക്കല്‍ പരിശോധന, വിമാന ടിക്കറ്റ്, വാക്‌സിന്‍,  വീസ സ്റ്റാമ്പിംഗ്, എച്ച്ആര്‍ഡി/എംബസി അറ്റസ്റ്റേഷന്‍, ഇമിഗ്രേഷന്‍ ക്ലിയറന്‍സ്, എയര്‍ ടിക്കറ്റുകള്‍, വാക്‌സിനേഷന്‍, ആര്‍ടിപിസിആര്‍, ഒഇടി/ ഐഇഎല്‍ടിഎസ്, ജര്‍മ്മന്‍, ജാപ്പനീസ്, അറബിക് തുടങ്ങിയ ഭാഷാ കോഴ്‌സുകള്‍ മുതലായവയ്ക്കുള്ള ചെലവുകള്‍ക്കായി ഈ വായ്പ ലഭ്യമാകും.പരമാവധി 36 മാസമാണ് വായ്പാ തിരിച്ചടവിനുളള കാലാവധി.  കൃത്യമായ വായ്പ  തിരിച്ചടവിന് നാലു ശതമാനം പലിശ ഇളവിനും  അര്‍ഹതയുണ്ടാകും. ആദ്യത്തെ ആറ് മാസത്തെ മുഴുവന്‍ പലിശയും നോര്‍ക്ക റൂട്ട്‌സ് വഹിക്കുമെന്നതും പ്രത്യേകതയാണ്. നിലവില്‍  കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ (വനിതകള്‍ മാത്രം), ട്രാവന്‍കൂര്‍ പ്രവാസി ഡെവലപ്മെന്റ് കോ. ഓപ്പറേറ്റീവ് സൊസൈറ്റി, മലപ്പുറത്തെ കേരള സംസ്ഥാന പ്രവാസി ക്ഷേമ വികസന സഹകരണ സംഘം എന്നിവ മുഖേനയാണ് വായ്പ ലഭ്യമാവുക. വായ്പ അനുവദിക്കുന്നതിനുള്ള എല്ലാ വിവേചനാധികാരവും ധനകാര്യ സ്ഥാപനത്തില്‍ നിക്ഷിപ്തമായിരിക്കും. നിലവില്‍ നോര്‍ക്ക റൂട്ട്‌സ് നടപ്പാക്കി വരുന്ന എന്‍.ഡി.പി.ആര്‍.ഇ.എം (NDPREM) പദ്ധതിയുടെ’ പൊതുവായ മാനദണ്ഡങ്ങള്‍ നോര്‍ക്ക ശുഭയാത്ര പദ്ധതിക്കും ബാധകമാണ്.The post വിദേശ ജോലി ആഗ്രഹിക്കുന്നവർക്ക്  രണ്ടു ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്ന ‘നോര്‍ക്ക ശുഭയാത്ര’ പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു appeared first on Arabian Malayali.