വാഷിംഗ്ടൺ: ഹമാസ് നിരായുധീകരിക്കാനും ശേഷിക്കുന്ന എല്ലാ ബന്ദികളെ മോചിപ്പിക്കാനും ഇസ്രായേലിന്റെ നിബന്ധനകൾക്ക് വിധേയമായി യുദ്ധം അവസാനിപ്പിക്കാനും സമ്മതിച്ചില്ലെങ്കിൽ ഗാസ നഗരം നശിപ്പിക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രിയുടെ ഭീഷണി. ഗാസയിൽ ഇസ്രായേൽ വിപുലമായ ആക്രമണത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് മുന്നറിയിപ്പ്. ഉടൻ തന്നെ ഗാസയിലെ ഹമാസിന്റെ കൊലപാതകികളുടെയും ബലാത്സംഗികളുടെയും തലയ്ക്ക് മുകളിൽ നരകത്തിന്റെ വാതിലുകൾ തുറക്കും. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഇസ്രായേലിന്റെ വ്യവസ്ഥകൾ അംഗീകരിക്കണമെന്നും എല്ലാ ബന്ദികളെയും മോചിപ്പിക്കുകയും ഹമാസ് നിരായുധീകരിക്കുകയും വേണമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. നിബന്ധനകൾക്ക് വഴങ്ങിയില്ലെങ്കിൽ ഹമാസിന്റെ തലസ്ഥാനമായ ഗാസ റഫയും ബെയ്ത് ഹനൂനും ആയി മാറുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേൽ ആക്രമണങ്ങളിൽ ഗാസയിലെ രണ്ട് നഗരങ്ങൾ വലിയതോതിൽ തകർന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.ഗാസ നഗരം പിടിച്ചെടുക്കാൻ സൈന്യത്തിന് അധികാരം നൽകുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചതിന് ശേഷമാണ് അദ്ദേഹത്തിന്റെ പ്രസ്താവന വന്നത്. ഗാസയിൽ അവശേഷിക്കുന്ന എല്ലാ ബന്ദികളെയും മോചിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നെതന്യാഹു അടിയന്തര ചർച്ചകൾക്ക് ഉത്തരവിട്ടു. ഗാസ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനും ഹമാസിന്റെ ശക്തികേന്ദ്രം നശിപ്പിക്കാനുമുള്ള ഓപ്പറേഷനോടൊപ്പം ബന്ദികളെ മോചിപ്പിക്കാനുള്ള ശ്രമവും ഉണ്ടാകുമെന്ന് നെതന്യാഹു പറഞ്ഞു. ഗാസ നഗരം പിടിച്ചെടുക്കാൻ സഹായിക്കുന്നതിനായി ഏകദേശം 60,000 റിസർവ് പട്ടാളക്കാരെ വിളിക്കാൻ ഇസ്രായേൽ പ്രതിരോധ മന്ത്രാലയം അനുമതി നൽകി.ഹമാസിനെ പരാജയപ്പെടുത്തുകയും എല്ലാ ബന്ദികളെ മോചിപ്പിക്കുകയും ചെയ്യുമെന്നും നെതന്യാഹു ഒരു വീഡിയോ പ്രസ്താവനയിൽ പറഞ്ഞു. ഈ ആഴ്ച ആദ്യം ഹമാസ് അംഗീകരിച്ച പുതിയ വെടിനിർത്തൽ നിർദ്ദേശത്തോടുള്ള ഇസ്രായേലിന്റെ ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല. എ.എഫ്.പി റിപ്പോർട്ട് പ്രകാരം, പുതിയ കരാറിൽ ബന്ദികളെ ഘട്ടം ഘട്ടമായി മോചിപ്പിക്കുന്നത് ഉൾപ്പെടുന്നുണ്ടെങ്കിലും എല്ലാ ബന്ദികളെയും ഒരേസമയം മോചിപ്പിക്കണമെന്ന് ഇസ്രായേൽ നിർബന്ധിക്കുന്നു. പോരാട്ടം വ്യാപിപ്പിക്കാനും ഗാസ നഗരം പിടിച്ചെടുക്കാനുമുള്ള ഇസ്രായേലിന്റെ പദ്ധതികൾ അന്താരാഷ്ട്ര പ്രതിഷേധത്തിനും ആഭ്യന്തര എതിർപ്പിനും കാരണമായിട്ടുണ്ട്