കൺസ്യൂമർ ഫെഡിന്റെ 1800 ഓണച്ചന്തകൾക്ക് തുടക്കം

Wait 5 sec.

എല്ലാ വിഭാഗം ജനങ്ങൾക്കും സമൃദ്ധമായ ഓണം സർക്കാർ ഉറപ്പാക്കും: മുഖ്യമന്ത്രികൺസ്യൂമർ ഫെഡ് ഓണച്ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിർവഹിച്ചു. സമൃദ്ധമായ ഓണം ഉറപ്പാക്കുന്നതിന്  അവശ്യസാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ വലിയ ഇടപെടലുകളാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.നമ്മുടെ കേരളീയ ജീവിതത്തിന്റെ ഊഷ്മളതയും സമൃദ്ധിയും വിളിച്ചോതുന്ന ഓണക്കാലം വീണ്ടും വന്നെത്തി. ഈ ആഘോഷവേളയിൽ  സപ്ലൈകോ, കൺസ്യൂമർഫെഡ്, സഹകരണ സംഘങ്ങൾ എന്നിവയിലൂടെ നമ്മൾ നടത്തുന്ന വിപണന മേളകൾ കേരളത്തിലെ ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.ഈ വർഷവും പതിവുപോലെ, കൺസ്യൂമർഫെഡിന്റെ ഓണച്ചന്തകൾ ഇവിടെ സജ്ജമായിക്കഴിഞ്ഞു. ഈ സഹകരണ സംഘങ്ങളിലൂടെ 1800-ലധികം ഓണച്ചന്തകളാണ് സംസ്ഥാനത്തുടനീളം 10 ദിവസത്തേക്ക് പ്രവർത്തിക്കുന്നത്. സാധാരണ വിപണി വിലയേക്കാൾ കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഗുണനിലവാരത്തിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ, നമ്മുടെ സഹകരണ സംഘങ്ങളുടെ തന്നെ ഉൽപ്പന്നങ്ങളും ഈ ചന്തകളിൽ ലഭ്യമാക്കുന്നുണ്ട്.ഈ ഓണച്ചന്തകളിലെ വിലനിലവാരം നിങ്ങൾക്ക് നേരിട്ടറിയാൻ കഴിയും. ഉദാഹരണത്തിന്, പുറത്ത് കിലോയ്ക്ക് 40 രൂപയിലധികം വിലയുള്ള അരി ഇവിടെ 33 രൂപയ്ക്ക് ലഭിക്കും. അതുപോലെ, ചെറുപയർ 90 രൂപയ്ക്കും വെളിച്ചെണ്ണ 349 രൂപയ്ക്കും ലഭ്യമാകുന്നുണ്ട്. വിലക്കയറ്റത്തിന്റെ ഈ കാലത്ത് ഇത് സാധാരണക്കാർക്ക് വലിയ ആശ്വാസമാകും. ഈ വർഷം ഏകദേശം 300 കോടി രൂപയുടെ വിറ്റുവരവ് ഈ ഓണച്ചന്തകളിലൂടെ പ്രതീക്ഷിക്കുന്നു.ഓണക്കാലത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. AAY (മഞ്ഞ) കാർഡ് ഉടമകൾക്കും ക്ഷേമസ്ഥാപനങ്ങൾക്കും 14 ഇനം ഓണക്കിറ്റുകൾ സൗജന്യമായി വിതരണം ചെയ്തു കഴിഞ്ഞു. എല്ലാ വിഭാഗത്തിലുള്ള കാർഡുടമകൾക്കും അധികമായി അരി ലഭ്യമാകുന്നതിനുള്ള ക്രമീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്. മണ്ണെണ്ണ വിഹിതവും  ലഭ്യമാകും.സർക്കാരിന്റെ ഈ ഇടപെടലുകൾ ഓണക്കാലം സമൃദ്ധമാക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്. ഇതിന്റെ ഭാഗമായി 60 ലക്ഷം കുടുംബങ്ങൾക്ക് 3200 കോടി രൂപയുടെ ക്ഷേമ പെൻഷനുകൾ വിതരണം ചെയ്തു.  നെൽകർഷകരുടെ കാര്യത്തിൽ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെട്ടു കൊണ്ട് കർഷകരിൽ നിന്ന് സംഭരിച്ച നെല്ലിന്റെ സബ്‌സിഡി തുകയുടെ വിതരണം പൂർത്തിയാക്കി. ഇത് നമ്മുടെ കർഷകർക്ക് വലിയ ആശ്വാസമാണ് നൽകിയത്.കേരളത്തിന്റെ നിത്യജീവിതത്തിലെ ഓരോ ഘട്ടത്തിലും സഹകരണ മേഖല വലിയ പങ്കുവഹിച്ചിട്ടുണ്ട്. ആഘോഷവേളകളിലും സഹകരണ മേഖല ജനങ്ങൾക്ക് ഒപ്പമുണ്ടാകും. ഈ ഓണം നമുക്കെല്ലാവർക്കും സന്തോഷവും സമൃദ്ധിയും നിറഞ്ഞതാകട്ടെ എന്ന് ആശംസിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ആദ്യവിൽപ്പന നിർവഹിച്ചു. സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ   ജി ആർ അനിൽ ആന്റണി രാജു എം എൽ എ ,കൺസ്യൂമർ ഫെഡ് ചെയർമാൻ പി എം ഇസ്മായിൽ, സഹകരണ സംഘം രജിസ്ട്രാർ ഡി  സജിത്ത് ബാബു,സഹകരണ ഓഡിറ്റ് വകുപ്പ് ഡയറക്ടർ ഷെറിൻ എം എസ് എന്നിവർ സംബന്ധിച്ചു.