താനൂര്‍: ഒരു പാലം യാഥാര്‍ത്ഥ്യമായാല്‍ മാറുന്നത് ഒരു നാടിന്റെ മുഖഛായയാണെന്നും പാലം ഉദ്ഘാടന സമയത്തെ വന്‍ ജന പങ്കാളിത്തം ഇതിനുദാഹരണമാണെന്നും പൊതുമരാമത്തു വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. താനൂര്‍ മണ്ഡലത്തില്‍ തിരൂര്‍ പുഴയ്ക്ക് കുറുകെ പുതിയതായി നിര്‍മ്മിക്കുന്ന കോട്ടിലത്തറ പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിര്‍മ്മാണ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.പാലം പ്രവൃത്തികള്‍ക്ക് വന്‍ പ്രാധാന്യം സര്‍ക്കാര്‍ നല്‍കുന്നുണ്ട്. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ സംസ്ഥാനത്ത് നിരവധി പാലം നിര്‍മാണ ഉദ്ഘാടനങ്ങളും പൂര്‍ത്തീകരണ ഉദ്ഘാടനങ്ങളും നടന്നു കഴിഞ്ഞു. ഇത്തവണ പാലം പ്രവൃത്തി മാസം തോറും പരിശോധിക്കുന്ന യോഗങ്ങള്‍ സംഘടിപ്പിച്ചു. ഇതുവഴി ഒരുപാട് പാലങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനായി-മന്ത്രി പറഞ്ഞു.ന്യൂനപക്ഷ ക്ഷേമ-കായിക-വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ശിലാഫലക അനാച്ഛാദനവും അദ്ദേഹം നിര്‍വഹിച്ചു. കോട്ടിലത്തറ പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ ഇരിങ്ങാവൂരിലെയും സമീപപ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് വൈലത്തൂരിലെ ഗതാഗതക്കുരുക്കില്‍ പെടാതെ തിരൂര്‍ പട്ടണത്തിലെത്താന്‍ വളരെ എളുപ്പമാകുന്നുമെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. തിരൂര്‍ റെയില്‍വേ മേല്‍പ്പാലം അപ്പ്രോച്ച് റോഡിന്റെ നിര്‍മ്മാണത്തിന് മുപ്പത്തി നാലു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പ്രദേശത്തെ ബംഗ്ലാംകുന്ന് – മീശപ്പടി റോഡ് വളരെ ശോചനീയമാണ്. ഇത് ബിഎംബിസി ചെയ്ത് ഗതാഗത യോഗ്യമാക്കാനുള്ള നടപടികള്‍ നടക്കുന്നുണ്ട്. നാലു കോടി 10 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.വൈലത്തൂരിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി ബൈപ്പാസ് റോഡിന്റെ പൂര്‍ത്തീകരണം അധികം വൈകാതെ നടക്കും. അഞ്ചു കോടി രൂപ ചെലവഴിച്ച് പന്ത്രണ്ട് മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മ്മിക്കാനാണ് തീരുമാനം. സ്ഥലം വിട്ടു നല്‍കിയ ഭൂവുടമകള്‍ക്ക് പണം നല്‍കി വരികയാണ്. ഈ മാസം അവസാനത്തോടെ പണി ആരംഭിക്കും. അഞ്ചുടിയില്‍ പാലം നിര്‍മാണത്തിനായി 21 കോടിയും തകര്‍ന്ന ഉണ്ണിയാല്‍ പാലം പുതുക്കുന്നതിന്റെ ഭാഗമായി 16 കോടിയും വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കൂടാതെ ചെറിയമുണ്ടം പഞ്ചായത്തില്‍ ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായി ബഡ്സ് സ്കൂള്‍ നിര്‍മിക്കാന്‍ ഒരു കോടി രൂപ വകയിരുത്തിയതായും അറിയിച്ചു.മഅ്ദിന്‍ ഹറമൈന്‍ എക്സ്പോക്ക് ആയിരങ്ങള്‍; അനുഭൂതി നിറച്ച് ‘ദ പിലിഗ്രമേജ്’തിരൂര്‍ മുന്‍സിപ്പാലിറ്റിയിലെ പി.സി. പടിയെയും ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിലെ ഇരിങ്ങാവൂരിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമാണിത്. 13 കോടി 92 ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മ്മാണം നടക്കുന്നത്. എം/എസ് മലബാര്‍ ടെക് എന്ന കമ്പനിയാണ് പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നത്.98. 50 മീറ്റര്‍ നീളം വരുന്ന കോട്ടിലത്തറ പാലത്തിന് ആറു സ്പാനുകള്‍ ആണുള്ളത്. 7.50 മീറ്റര്‍ വീതിയുള്ള ക്യാരിയേജ് വേയും 1.50 മീറ്റര്‍ വീതി വരുന്ന ഇരുവശങ്ങളിലുമുള്ള രണ്ട് ഫുട്പാത്തുകളും കൂടി മൊത്തം 11.00 മീറ്റര്‍ വീതിയുണ്ട്. കൂടാതെ പി.സി പടി ഭാഗത്ത് അപ്രോച്ച് റോഡിന് 130 മീറ്റര്‍ നീളവും ഇരിങ്ങാവൂര്‍ ഭാഗത്ത് നൂറ് മീറ്റര്‍ നീളവുമുണ്ട്. പാലത്തിന്റെ അനുബന്ധ റോഡിനും ബിഎം ആന്റ് ബിസി സര്‍ഫെസിങ്, റോഡ് സേഫ്റ്റി പ്രവൃത്തികള്‍, വാഹനഗതാഗത സുരക്ഷാസംവിധാനം എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.ചടങ്ങില്‍ പിഡബ്ല്യുഡി പാലങ്ങള്‍ വിഭാഗം കോഴിക്കോട് ഉത്തരമേഖല സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ഇ ജി വിശ്വപ്രകാശ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈനബ ചേനാത്ത് , തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യു സൈനുദ്ദീന്‍, ചെറിയ മുണ്ടം ഗ്രാമപഞ്ചായത്ത് മെമ്പര്‍മരായ ഐ വി സമദ്, മുനീറനീസ, മന്‍സൂര്‍ മാസ്റ്റര്‍ , പിഡബ്ല്യുഡി പാലങ്ങള്‍ വിഭാഗം ചീഫ് എന്‍ജിനീയര്‍ ഹൈജീന്‍ ആല്‍ബര്‍ട്ട്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.