ക്ഷേമ പെൻഷൻ ഗുണഭോക്താക്കളുടെ വാർഷിക മസ്‌റ്ററിങ്ങിനുള്ള സമയപരിധി സെപ്‌തംബർ 10 വരെ നീട്ടി. ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ ആണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്‌ച അവസാനിക്കുന്ന സമയപരിധി നീട്ടിനൽകണമെന്ന ആവശ്യം പരിഗണിച്ചാണ് തീരുമാനം. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് സമയപരിധിക്കുള്ളിൽ അക്ഷയ കേന്ദ്രങ്ങൾ വഴി മസ്‌റ്ററിങ്ങ് നടത്താനാകും.ക്ഷേമ പെൻഷൻ മസ്റ്ററിങ് എന്നത് പെൻഷൻ വാങ്ങുന്ന ഗുണഭോക്താക്കൾ ജീവിച്ചിരിപ്പുണ്ടെന്ന് ഉറപ്പാക്കുന്ന ഒരു പ്രക്രിയയാണ്. അക്ഷയ കേന്ദ്രങ്ങളിൽ ബയോമെട്രിക് സംവിധാനം ഉപയോഗിച്ചോ, അക്ഷയ കേന്ദ്ര പ്രതിനിധിയെ വീട്ടിലേക്ക് വിളിപ്പിച്ചോ മസ്റ്ററിങ് പൂർത്തിയാക്കാം. സമയബന്ധിതമായി മസ്റ്ററിങ് ചെയ്യാത്തവർക്ക് ആ മാസത്തെ പെൻഷൻ ലഭിക്കില്ല.പെൻഷൻ സ്വീകരിക്കുന്ന ഗുണഭോക്താവ് യഥാർത്ഥത്തിൽ ജീവിച്ചിരിപ്പുണ്ടെന്ന് ഉറപ്പാക്കുന്നതിനായുള്ള ഒരു സാക്ഷ്യപ്പെടുത്തൽ പ്രക്രിയയാണ് ഇത്. ഇതിലൂടെ ആധാർ വിവരങ്ങളോ കൃഷ്ണമണിയുടെ ഘടനയോ ഉപയോഗിച്ചുള്ള ബയോമെട്രിക് സംവിധാനം വഴിയാണ് വിവരങ്ങൾ ശേഖരിക്കുന്നത്.അക്ഷയ കേന്ദ്രങ്ങളിൽ നേരിട്ട് പോയി മസ്റ്ററിങ് നടത്താം. അക്ഷയ കേന്ദ്രങ്ങളിൽ എത്താൻ കഴിയാത്ത കിടപ്പുരോഗികൾ, ശാരീരിക/മാനസിക വെല്ലുവിളി നേരിടുന്നവർ, വയോജനങ്ങൾ എന്നിവർക്ക് അക്ഷയ കേന്ദ്രങ്ങളിൽ അറിയിച്ചാൽ അക്ഷയ കേന്ദ്ര പ്രതിനിധി വീട്ടിലെത്തി മസ്റ്ററിങ് നടത്തും. ഗുണഭോക്താവിന്റെ വിരലടയാളമോ, കൃഷ്ണമണിയുടെ ഘടനയോ ഉപയോഗിച്ചാണ് മസ്റ്ററിങ് നടത്തന്നത്.