മനാമ: സ്വാതന്ത്ര്യ സമര സേനാനിയും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണത്തില്‍ നേതൃത്വം വഹിക്കുകയും ചെയ്ത പി കൃഷ്ണപിള്ള അനുസ്മരണം നടത്തി ബഹ്റൈന്‍ പ്രതിഭ. പ്രതിഭ ഹാളില്‍ നടന്ന അനുസ്മരണ പരിപാടിയില്‍ പ്രസിഡന്റ് ബിനു മണ്ണില്‍ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മറ്റി അംഗം ബിനു കരുണാകരന്‍ അനുസ്മരണ പ്രഭാഷണവും രക്ഷാധികാരി സമിതി അംഗം എന്‍കെ വീരമണി സമകാലിക രാഷ്ട്രീയ വിശദീകരണവും നടത്തി.കേവലം 42 വയസ്സുവരെ മാത്രം ജീവിച്ച് ഒരു ജനതയുടെ വിധി മാറ്റിയെഴുതുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മഹാനായ നേതാവായിരുന്നു പി കൃഷ്ണപിള്ള എന്ന് അനുസ്മരണ പ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടി. ലോകത്തിന് തന്നെ മാതൃകയായ ഇന്ത്യയിലെ ജനാധിപത്യത്തെഅട്ടിമറിക്കുന്ന തരത്തിലുള്ള സംഭവ വികാസങ്ങളാണ് വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളിലൂടെ വെളിവാകുന്നത് എന്നും ഇത്തരം ക്രമക്കേടുകളെ തുറന്നു കാണിക്കാനും ആവര്‍ത്തിക്കാതിരിക്കാനും മുഴുവന്‍ ജനാധിപത്യ വിശ്വാസികളും രംഗത്തിറങ്ങേണ്ടതുണ്ടെന്നും രാഷ്ട്രീയ വിശദീകരണത്തില്‍ ചൂണ്ടിക്കാട്ടി.പ്രതിഭ ജോയിന്റ് സെക്രട്ടറി മഹേഷ് കെവി സ്വാഗതം ആശംസിച്ചു. മുഖ്യ രക്ഷാധികാരി പി ശ്രീജിത്ത്, വനിതാ വേദി സെക്രട്ടറി റീഗ പ്രദീപ് എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. The post പി കൃഷ്ണപിള്ള അനുസ്മരണം നടത്തി ബഹ്റൈന് പ്രതിഭ appeared first on Bahrain Vartha ബഹ്റൈൻ വാർത്ത.