സമാന്തര പ്രവര്‍ത്തനങ്ങള്‍ നടത്തി ഹജ് സംവിധാനങ്ങളെ തകര്‍ക്കരുത്-വി. അബ്ദുറഹ്‌മാന്‍

Wait 5 sec.

മലപ്പുറം: ഹജ്ജ് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന പ്രവര്‍ത്തനങ്ങളെ തകര്‍ക്കുന്ന രീതിയിലുള്ള പ്രവൃത്തികള്‍ ചില വ്യക്തികളില്‍ നിന്നും ഉണ്ടാവുന്നതായും ഇത്തരം പ്രവൃത്തികളില്‍ നിന്ന് വിട്ട് നില്‍ക്കണമെന്നും കായിക – ന്യൂനപക്ഷക്ഷേമ – ഹജ്ജ് – വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. കൊണ്ടോട്ടി ഹജ്ജ് ഹൗസില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 35 കിലോവാട്ടിന്റെ സോളാര്‍ പ്ലാന്റ് ഉള്‍പ്പെടെ മൂന്ന് പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പരിപാടിയില്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഡോ: ഹുസൈന്‍ സഖാഫി ചുള്ളിക്കോട് അധ്യക്ഷനായി.രാജ്യത്ത് തന്നെ ഏറ്റവും മികച്ച രീതിയിലുള്ള പ്രവര്‍ത്തനമാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി നടത്തി വരുന്നത്. എന്നാല്‍ സംവിധാനങ്ങള്‍ക്ക് അകത്തു നിന്നുകൊണ്ടുതന്നെ ചില വ്യക്തികള്‍ സമാന്തര പ്രവര്‍ത്തനങ്ങള്‍ നടത്തി ഇവിടെയുള്ള സംവിധാനങ്ങളെ തകര്‍ക്കുന്ന സമീപനങ്ങളാണ് സ്വീകരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഹജ്ജ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയം കാണരുതെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നാല്‍ ഭാവിയില്‍ നമുക്ക് വലിയ നഷ്ടങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ ഹജ്ജ് നിര്‍വഹിക്കുന്നതിന് തുരങ്കം വയ്ക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളായി ഇത് മാറും. സര്‍ക്കാറിന്റെ ഭാഗത്തുനിന്നും വളരെ ശ്രദ്ധയോടെയാണ് കാര്യങ്ങള്‍ ചെയ്യുന്നത്. പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.യാത്രാ നിരക്കിലുള്ള അന്തരം മൂലം കരിപ്പൂര്‍ പുറപ്പെടല്‍ കേന്ദ്രം തിരഞ്ഞെടുത്തവര്‍ കുറവാണെന്നത് ഗൗരവത്തില്‍ കാണുന്നു. ഇത്തവണ എയര്‍ ഇന്ത്യയ്ക്ക് പുറമേ സൗദി എയര്‍ലൈന്‍സിനെയും മറ്റു വിമാന കമ്പനികളെയും ടെന്‍ഡറില്‍ പങ്കെടുപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇത് തുക കുറയുന്നതിന് സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ഫെഡറല്‍ ബാങ്കിന്റെ സി എസ് ആര്‍ ഫണ്ടില്‍ നിന്ന് 10 ലക്ഷം രൂപ ഉള്‍പ്പെടെ 15 ലക്ഷം രൂപ ചെലവിലാണ് സോളാര്‍ പ്ലാന്റ് സ്ഥാപിച്ചത്. പദ്ധതി പൂര്‍ണമായി പ്രവര്‍ത്തനക്ഷമമായാല്‍ നിലവിലെ വൈദ്യുതി ഉപയോഗത്തില്‍ ഗണ്യമായ കുറവ് വരുത്താന്‍ സാധിക്കും. പ്രതിവര്‍ഷം ശരാശരി 6 ലക്ഷത്തില്‍ പരം രൂപ വൈദ്യുത ചാര്‍ജ് ഇനത്തില്‍ ചിലവ് വരുന്നുണ്ട്. ഇന്ത്യയില്‍ ആദ്യമായി കരിപ്പൂര്‍ ഹജ്ജ് ഹൗസിലാണ് ഗ്രീന്‍ എനര്‍ജി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇതോടൊപ്പം പൂര്‍ത്തിയാക്കിയ ഹജ്ജ് ഹൗസ് മുറ്റം നവീകരണം, 2025 ലെ ഹജ്ജ് വളണ്ടിയര്‍മാരുടെ കൂട്ടായ്മ കോണ്‍ഫ്രന്‍സ് ഹാളിലേക്കായി നല്‍കുന്ന എക്‌സിക്യൂട്ടീവ് ചെയറുകള്‍ക്കായി 4.1 ലക്ഷം രൂപയുടെ ചെക്ക് കൈമാറ്റം, വിവിധ വ്യക്തികള്‍ക്കുള്ള ഉപഹാര സമര്‍പ്പണം തുടങ്ങിയവയും നടന്നു.രണ്ട് മാസത്തിനകം രാജ്യറാണിക്ക് രണ്ട് അധിക കോച്ചുകള്‍-റയില്‍വേയുടെ ഉറപ്പ്‌പരിപാടിയില്‍ ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ് മുഖ്യാതിഥിയായി. ഹജ്ജ് കമ്മിറ്റി അംഗങ്ങളായ പിടിഎ റഹീം എംഎല്‍എ , അഡ്വ. പി മൊയ്തീന്‍കുട്ടി, ഉമ്മര്‍ ഫൈസി മുക്കം, അഷ്‌കര്‍ കോറാട്, ഒ വി ജാഫര്‍ , ഷംസുദ്ദീന്‍ അരിഞ്ചീറ, ഫെഡറല്‍ ബാങ്ക് സോണല്‍ ഹെഡ് എ.സുധീഷ് , ഹജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ജാഫര്‍ കെ കക്കൂത്ത്, ബാപ്പു ഹാജി, ഡോ: സുലൈമാന്‍ മേല്‍പ്പത്തൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.