എ ഐ എഫ് എഫ് ഭരണഘടനാ പ്രതിസന്ധി: വിധി തിങ്കളാഴ്ചയിലേക്കു മാറ്റി സുപ്രീം കോടതി

Wait 5 sec.

ന്യൂഡല്‍ഹി | അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എ ഐ എഫ് എഫ്) ഭരണഘടന പരിഷ്‌കരിച്ച് നടപ്പില്‍വരുത്തുന്നതില്‍ വീഴ്ച വരുത്തിയെന്ന വിഷയത്തില്‍ വിധി പറയുന്നത് സുപ്രീം കോടതി സെപ്തം: ഒന്ന് തിങ്കളാഴ്ചയിലേക്കു മാറ്റി. 2017-ലാണ് ഫെഡറേഷന്‍ ഭരണഘടന പരിഷ്‌കരിക്കാന്‍ ആരംഭിച്ചത്. 2022 ജൂലായില്‍ ഇത് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. കോടതി റിട്ട. ജസ്റ്റിസ് എല്‍. നാഗേശ്വരറാവുവിനെ അന്തിമരൂപം നല്‍കാന്‍ നിയോഗിക്കുകയും ചെയ്തിരുന്നു. എന്നാല്‍, അന്തിമ തീരുമാനം മാത്രം നീണ്ടുപോവുകയാണ്.ഭരണഘടന പരിഷ്‌കരിച്ച് നടപ്പില്‍ വരുത്തുന്നതിലെ വീഴ്ച ചൂണ്ടിക്കാട്ടി ആഗോള ഫുട്‌ബോള്‍ സംഘടനയായ ഫിഫയും ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനും (എ എഫ് സി) ഇന്ത്യന്‍ ഫുട്‌ബോളിന് വിലക്കുഭീഷണി ഉയര്‍ത്തിയിട്ടുണ്ട്. പരിഷ്‌കരിച്ച ഭരണഘടന ഒക്ടോബര്‍ 30-നകം നടപ്പാക്കിയില്ലെങ്കില്‍ ഫെഡറേഷന്‍ സസ്‌പെന്‍ഷന്‍ അടക്കമുള്ള അച്ചടക്ക നടപടികള്‍ നേരിടേണ്ടിവരുമെന്ന് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന് ഫിഫയും എ എഫ് സിയും സംയുക്തമായി അയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പരിഷ്‌കരിച്ച ഭരണഘടന നടപ്പാക്കുന്നതില്‍ കാലാവധി നിശ്ചയിച്ച കാര്യം കോടതിയെയും കേന്ദ്ര കായിക മന്ത്രാലയത്തെയും അറിയിക്കാന്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.വിലക്ക് നേരിട്ടാല്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന് ഫുട്‌ബോള്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയില്ല. ദേശീയ ടീമിനും ക്ലബുകള്‍ക്കും അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കാനും സാധിക്കില്ല. ഒളിമ്പിക്‌സ് ആതിഥ്യത്തിനായുള്ള ശ്രമങ്ങള്‍ക്കും തിരിച്ചടിയാകും.ഡിസംബറില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ എസ് എല്‍) തുടങ്ങാനിരിക്കേയാണ് എ ഐ എഫ് എഫ് ഭരണഘടനാ പ്രതിസന്ധി പരിഹരിക്കാനാവാതെ നീണ്ടുപോവുന്നത്. 2022-ല്‍ ഫെഡറേഷനെ ഫിഫ സസ്‌പെന്‍ഡ് ചെയ്തിരുന്നു.