യുഎഇയുടെ ബോട്ടിം ആപ്പില്‍ സ്വ‍ർണനിക്ഷേപ അവസരം

Wait 5 sec.

യുഎഇയിലെ പ്രധാന കമ്മ്യൂണിക്കേഷന്‍ പ്ലാറ്റ് ഫോമായ ബോട്ടിം വഴി സ്വർണനിക്ഷേപ അവസരമൊരുങ്ങുന്നു. അസ്ട്രാ ടെക് സ്ഥാപനമായ ബോട്ടിം യുഎഇയിലെ പ്രാദേശിക സ്വർണവ്യാപാര ആപ്പായ ഒ ഗോള്‍ഡുമായി സഹകരിച്ചാണ് ഉപയോക്താക്കള്‍ക്ക് സ്വർണ നിക്ഷേപ അവസരമൊരുക്കുന്നത്. ഗള്‍ഫ് -ആഫ്രിക്ക മേഖലയിലെ ആദ്യത്തെ സ്വർണനിക്ഷേ ഫിന്‍ടെക് സേവനമാണിതെന്ന് ബോട്ടിം -ഒ ഗോള്‍ഡ് അവകാശപ്പെടുന്നു. യുഎഇയിലെ ജനപ്രിയ കമ്മ്യൂണിക്കേഷന്‍ ആപ്പായ ബോട്ടിമിന് 85 ലക്ഷം ഉപയോക്താക്കളാണ് ഉളളത്. ഈ ഉപയോക്താക്കള്‍ക്ക് 0.1 ഗ്രാം മുതലുള്ള സ്വര്‍ണ്ണം നിക്ഷേപിക്കാന്‍ അവസരമൊരുക്കുകയാണ് ലക്ഷ്യം. വര്‍ഷംതോറും മൂന്ന് ശതമാനം ലാഭം ഉറപ്പാക്കും എന്നതാണ് സവിശേഷത. ഒ ഗോള്‍ഡ് ഉപയോക്താക്കളെ ബോട്ടിമിലേക്ക് ആകർഷിക്കാനും സഹകരണം സഹായകരമാകും. 2023 ല്‍ ഇരു കമ്പനികളും ഒപ്പുവച്ച കരാർ അടിസ്ഥാനത്തിലാണ് പുതിയ പദ്ധതിയ്ക്ക് തുടക്കമാകുന്നത്. സാധാരണക്കാർക്കും സ്വർണനിക്ഷേപം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി തുടങ്ങുന്നതെന്ന് ആസ്ട്രാ ടെക് (ബോട്ടിം) ചീഫ് ഓപറേറ്റിങ് ഓഫീസര്‍ അഹമ്മദ് മുറാദ് പറഞ്ഞു. ഒരു എമിറാത്തി കമ്പനിയെന്ന നിലയ്ക്ക് ഒ ഗോള്‍ഡിന്റെ ലക്ഷ്യം സ്വര്‍ണ്ണം, വെള്ളി എന്നിവയുടെ ഉടമസ്ഥത ലളിതവും സുരക്ഷിതവും എല്ലവര്‍ക്കും ലഭ്യവും ആക്കിമാറ്റുകയെന്നതാണെന്ന് സ്ഥാപകന്‍ ബന്ദര്‍ അല്‍ ഉത് മാൻ പറഞ്ഞു സ്വർണവില ഓരോ ദിവസവും ഉയരുന്ന സാഹചര്യത്തില്‍ ദീർഘകാല നിക്ഷേപമായി സ്വർണത്തെ കണക്കാക്കുന്നവരുടെ എണ്ണവും വർദ്ധിക്കുകയാണ്. 22 ഗ്രാം സ്വർണം ഗ്രാമിന് 379.25 എന്നതാണ് ആഗസ്റ്റ് 28 ന് വില. ഇക്കഴിഞ്ഞ ജൂണില്‍ സ്വർണവില ഗ്രാമിന് 383.75 ലെത്തിയിരുന്നു. വരും ദിവസങ്ങളില്‍ 22 കാരറ്റ് സ്വർണം ഗ്രാമിന് വില 378 - 384 ദിർഹത്തിനിടയിലായിരിക്കുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.