കോഴിക്കോട്: സ്കൂട്ടറിൽ ബസിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞയാൾ മരിച്ചു. കോഴിക്കോട് നടുവണ്ണൂര്‍ ജവാന്‍ ഷൈജു സ്മാരക ബസ് സ്റ്റോപ്പിന് പിറകില്‍ താമസിക്കുന്ന കരുണാലയത്തില്‍ നൊച്ചോട്ട് മുരളീധരൻ (57) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി നിർവാഹക സമിതി അംഗം ഷൈജ നെച്ചോട്ടിൻ്റെ ഭർത്താവാണ് മുരളീധരൻ.ഇന്നലെ വൈകിട്ട് മൂന്നരയോടെ നടുവണ്ണൂരിനടുത്ത് തെരുവത്ത് കടവിൽ വച്ചാണ് അപകടമുണ്ടായത്. കുറ്റ്യാടി-കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന എസി ബസുമായാണ് മുരളീധരൻ ഓടിച്ച സ്കൂട്ടർ കൂട്ടിയിടിച്ചത്. മുന്നിലുണ്ടായിരുന്ന വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ മുരളീധരൻ ഓടിച്ച സ്കൂട്ടറും എതിരെ വന്ന ബസും കൂട്ടിയിടിക്കുകയായിരുന്നു.അപകടത്തിൽ മുരളീധരന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇദ്ദേഹത്തെ ഉടൻ തന്നെ മൊടക്കല്ലൂരിൽ പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇവിടെ നിന്നും കോഴിക്കോട്ടെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും പിന്നീട് കോഴിക്കോട് ഗവൺമെൻ്റ് മെഡിക്കൽ കോളേജിലേക്കും മാറ്റി. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെ ഇന്ന് പുലർച്ചെയോടെ മരണം സംഭവിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.