ദുബൈ | അവധിക്കാലം കഴിഞ്ഞ് വിദ്യാലയങ്ങളിലേക്ക് വിദ്യാർഥികൾ മടങ്ങിയെത്തി. പുതിയൊരു ഉണർവും ഊർജവും നിറഞ്ഞ അന്തരീക്ഷമായിരുന്നു എല്ലായിടത്തും. രണ്ട് മാസത്തെ വേനലവധിക്കാലത്തിന് ശേഷം ഇന്നലെ മുതൽ രാവിലെ യു എ ഇയിലെ റോഡുകളിൽ മഞ്ഞ നിറമുള്ള സ്‌കൂൾ ബസുകൾ ഓടിത്തുടങ്ങി.പ്രഭാതം പുലരും മുമ്പേ സ്‌കൂൾ പരിസരങ്ങളിൽ തിരക്ക് ആയിരുന്നു. പൊതുവിദ്യാലങ്ങളിൽ ആദ്യമായി വിദ്യാലയത്തിലെത്തുന്ന കുരുന്നുകളെ രക്ഷിതാക്കൾ ആശങ്കയോടെയും സ്‌നേഹത്തോടെയും യാത്രയാക്കി. കുട്ടികളെ വരവേൽക്കാൻ അധ്യാപകർ നേരത്തെ തന്നെ എത്തി. ക്ലാസ് മുറികൾ ഒരുക്കി. ചിലർ സാധനങ്ങളുമായി ഓടിനടന്നു. മറ്റുചിലർ പരസ്പരം ആശംസകൾ കൈമാറി ചിരിയും സന്തോഷവും പങ്കുവെച്ചു.വേനലവധിക്കാലത്തെ യാത്രകളുടെയും വീട്ടുവിശേഷങ്ങളുടെയും കഥകൾ പറഞ്ഞും വിദ്യാർഥികൾ ഇന്നലത്തെ ദിനം നീക്കി. അധ്യാപകരെയും സഹപാഠികളെയും കാണുന്നതിന്റെ സന്തോഷമായിരുന്നു അവർക്ക്. രക്ഷിതാക്കളെ സംബന്ധിച്ചിടത്തോളം മാറ്റത്തിന്റെ ദിനം കൂടിയായിരുന്നു. രണ്ടുമാസത്തെ പതിവ് രീതിയിൽ നിന്ന് മാറി കുട്ടികളെ ഒരുക്കാനും യാത്രയാക്കാനും അവർ നേരത്തെ തന്നെ സജ്ജമായി. സ്‌കൂളുകളിൽ കുട്ടികളെ കൊണ്ടുവിടുന്നവർ റോഡിലെ ട്രാഫിക് എങ്ങിനെ ആയിരിക്കുമെന്നറിയാതെ നേരത്തെ തന്നെ പുറപ്പെടാനും ശ്രമിച്ചിരുന്നു. രാജ്യത്തെ പത്ത് ലക്ഷത്തിലധികം വിദ്യാർഥികളാണ് ഇന്നലെ പുതിയ വിദ്യാഭ്യാസ വർഷത്തിലേക്ക് കാലെടുത്തുവെച്ചത്.