കല്യാണിക്കും നസ്‌ലനുമൊപ്പം മമ്മൂട്ടിയുമുണ്ടാകും; 'ലോക'യ്ക്കൊപ്പം 'കളങ്കാവൽ' ടീസർ തിയറ്ററുകളിൽ പ്രദർശിപ്പിക്കും

Wait 5 sec.

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിക്കുന്ന 'കളങ്കാവൽ' എന്ന ക്രൈം ഡ്രാമ ചിത്രത്തിന്റെ ടീസർ അപ്ഡേറ്റ് പുറത്ത്. ഓഗസ്റ്റ് 28 ന് ആഗോള റിലീസായി എത്തുന്ന "ലോക" എന്ന മലയാളം സൂപ്പർഹീറോ ചിത്രത്തിനൊപ്പം തിയറ്ററുകളിൽ "കളങ്കാവൽ" ടീസർ പ്രദർശിപ്പിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ടീസർ അപ്ഡേറ്റ് പുറത്ത് വിട്ടത് ചിത്രത്തിൻ്റെ ഒരു പുതിയ പോസ്റ്ററും റിലീസ് ചെയ്ത് കൊണ്ടാണ്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. വേഫറർ ഫിലിംസ് തന്നെയാണ് 'ലോക' നിർമ്മിച്ചിരിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്നാണ് കളങ്കാവലിൻ്റെ തിരക്കഥ രചിച്ചത്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം 'കുറുപ്പ്'ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്. വിനായകൻ ജയകൃഷ്ണൻ എന്ന പോലീസ് ഓഫീസർ കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ, സ്റ്റാൻലി ദാസ് എന്ന് പേരുള്ള ഒരു സീരിയൽ കില്ലറുടെ വേഷമാണ് മമ്മൂട്ടി ചെയ്യുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.ജിബിൻ ഗോപിനാഥ് ആണ് ചിത്രത്തിലെ മറ്റൊരു നിർണ്ണായക വേഷം ചെയ്യുന്നത്. ആനന്ദ് എന്നാണ് ജിബിൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ പേര്. നേരത്തെ പുറത്ത് വന്ന, ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്, സെക്കൻ്റ് ലുക്ക് പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. അധികം വൈകാതെ തന്നെ ചിത്രത്തിൻ്റെ റിലീസ് അപ്‌ഡേറ്റും പുറത്ത് വരുമെന്നാണ് സൂചന.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ജോർജ് സെബാസ്റ്റ്യൻ, ഛായാ​ഗ്രഹണം- ഫൈസൽ അലി, സംഗീതം - മുജീബ് മജീദ്, എഡിറ്റർ - പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബോസ്, മേക്കപ്പ്- അമൽ ചന്ദ്രൻ, ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം-അഭിജിത്ത് സി, സ്റ്റിൽസ്- നിദാദ്, പബ്ലിസിറ്റി ഡിസൈൻസ്- ആൻ്റണി സ്റ്റീഫൻ, ഡിജിറ്റൽ മാർക്കറ്റിംഗ്- വിഷ്ണു സുഗതൻ, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്, പിആർഓ - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.