ആരോപണങ്ങള്‍ ഉയര്‍ന്ന ആദ്യ ഘട്ടത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ചതിന് ശേഷം മൗനത്തിലായിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. രാഹുല്‍ രാജി വെക്കണമെന്ന ആവശ്യം കോണ്‍ഗ്രസിനുള്ളില്‍ ശക്തമാകുന്നതിനിടെയായിരുന്നു രാഹുല്‍ മാധ്യമങ്ങളെ കണ്ടത്. എന്നാല്‍ രാജിക്കാര്യത്തിലും ഗര്‍ഭച്ഛിദ്രം നടത്താന്‍ ആവശ്യപ്പെടുന്ന കോള്‍ റെക്കോര്‍ഡിലും രാഹുല്‍ പ്രതികരിച്ചില്ല. അവന്തിക ഉന്നയിച്ച ആരോപണങ്ങളെ ചെറുക്കാന്‍ ഓഗസ്റ്റ് ഒന്നിന് നടത്തിയ വോയ്‌സ് ചാറ്റ് പുറത്തു വിട്ട് പ്രതിരോധിക്കാനാണ് രാഹുല്‍ ശ്രമിച്ചത്. ഈ വോയ്‌സ് ചാറ്റിലുണ്ടായിരുന്ന, രാഹുല്‍ തന്റെ നല്ല സുഹൃത്താണെന്നും തന്നോട് മോശമായി പെരുമാറിയിട്ടില്ലെന്നും അവന്തിക ഒരു മാധ്യമപ്രവര്‍ത്തകനോട് സംസാരിക്കുന്നതിന്റെ വോയ്‌സ് റെക്കോര്‍ഡാണ് പുറത്തു വിട്ടത്. അതേസമയം വിവാദമുണ്ടാകുന്നതിന് മുന്‍പുള്ള വോയ്‌സ് റെക്കോഡിംഗാണ് ഇതെന്നും അന്ന് തുറന്നു പറയാതിരുന്നത് ഭയന്നിട്ടാണെന്നും അവന്തിക പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. ടെലഗ്രാം ചാറ്റുകള്‍ എന്തുകൊണ്ടാണ് രാഹുല്‍ പുറത്തു വിടാത്തതെന്നും അവന്തിക ചോദിച്ചു. രാഹുല്‍ പറഞ്ഞത്നിങ്ങള്‍ക്ക് ഒരുപാട് ചോദ്യങ്ങളുണ്ടെന്ന് എനിക്കറിയാം. ചോദ്യങ്ങള്‍ക്ക് എനിക്ക് ഉത്തരങ്ങളുണ്ട്. പക്ഷേ ചോദ്യങ്ങളുടെ ഉത്തരങ്ങളിലേക്ക് കടക്കാതെ തന്നെ നിങ്ങള്‍ പലരും വാര്‍ത്തകള്‍ ചെയ്യുന്നുണ്ട്. ആ വാര്‍ത്തകള്‍ തുടരും. ആ വാര്‍ത്തകള്‍ക്കുള്ള പരിഹാരമൊന്നും അല്ല ഇത് എന്ന് എനിക്ക് നല്ല ബോധ്യമുണ്ട്. ഞാന്‍ കുറ്റം ചെയ്‌തോ ഇല്ലയോ എന്നതിന് അപ്പുറം എല്ലാ പ്രതിസന്ധിയിലും പാര്‍ട്ടിക്ക് വേണ്ടി ന്യായീകരിക്കാനും പ്രതിരോധിക്കാനും സാമൂഹിക മാധ്യമങ്ങളിലും മാധ്യമങ്ങളിലും സമരങ്ങളിലും പ്രവര്‍ത്തിച്ച ആളെന്ന നിലയിലാണ് എനിക്ക് നേരെ ആക്രമണം ഉണ്ടാകുന്നത്. പക്ഷേ ഞാന്‍ കാരണം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് തല കുനിക്കേണ്ടി വരുന്ന സാഹചര്യം ഉള്‍ക്കൊള്ളാനാകില്ല. ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. ബാക്കിയുള്ള കാര്യങ്ങള്‍ക്ക് പിന്നീട് മറുപടി പറയും. താന്‍ കുറ്റക്കാരനാണെന്ന് കോടതിയും നിയമങ്ങളുമാണ് പറയേണ്ടത്. പിന്നാലെ രാഹുല്‍ ഗാന്ധിയുടെ ചിത്രവുമായി ഒരു ഫേസ്ബുക്ക് പോസ്റ്റും രാഹുല്‍ പങ്കുവെച്ചു. പരിഹസിച്ചു, കുറ്റപ്പെടുത്തി, സംഘടിതമായി അയാളെ ആക്രമിച്ചു, വീഴ്ത്താന്‍ ശ്രമിച്ചു, സ്തുതിപാടിയവര്‍ വിമര്‍ശകരായി, കുത്തിയിട്ടും പരിഭവങ്ങള്‍ ഇല്ലാതെ അയാള്‍ പോരാടുന്നു കാരണം അയാള്‍ക്ക് ഈ പ്രസ്ഥാനമാണ് വലുത്. പദവികള്‍ക്കപ്പുറം അയാള്‍ കോണ്‍ഗ്രസുകാരനാണ്. രാഹുല്‍ ഗാന്ധി എന്നാണ് പോസ്റ്റിലെ വരികള്‍.ഞാന്‍ എന്റെ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കാന്‍ ആഗ്രഹിച്ചയാളല്ല. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അങ്ങനെ ചെയ്യേണ്ടി വരുന്നത് ഞാന്‍ കാണുന്നുണ്ട്. ഞാന്‍ ഈ പാര്‍ട്ടിയെ ഒരുപാട് പ്രതിരോധിച്ചയാളാണ്. അങ്ങനെ പ്രതിരോധിച്ച ഒരാള്‍ക്ക് വേണ്ടി പ്രതിരോധം തീര്‍ക്കുന്ന പ്രവര്‍ത്തകരോട് എനിക്ക് ആകെ പറയാനുള്ളത് ഞാന്‍ കാരണം ഒരു പ്രയാസം അവര്‍ക്കുണ്ടാകുന്നതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. ഒരുപാടാളുകള്‍ വിളിക്കുന്നുണ്ട്. ചിലര്‍ കുറ്റപ്പെടുത്തുന്നുണ്ട്. ചിലയാളുകള്‍ നിശിതമായി വിമര്‍ശിക്കുന്നുണ്ട്. ചിലയാളുകള്‍ സങ്കടപ്പെടുന്നുണ്ട്. അത്തരമൊരു സാഹചര്യമുണ്ടായതില്‍ അവരോട് മാപ്പ് ചോദിക്കാന്‍ മാത്രമേ കഴിയൂ. രാഹുല്‍ രാജിവെക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസിലെ വനിതാ നേതാക്കള്‍ അടക്കം രംഗത്തെത്തിയിരുന്നു. രാഹുല്‍ പൊതുരാഷ്ട്രീയ രംഗത്ത് നിന്ന് മാറിനില്‍ക്കുന്നതാണ് ഉചിതമെന്ന് ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. ഷാനിമോള്‍ ഉസ്മാന്‍എംഎല്‍എ സ്ഥാനത്ത് നിന്ന് അടക്കം മാറി നില്‍ക്കുന്നതാണ് ഉചിതം. ഇതുവരെ കേള്‍ക്കാത്ത ആരോപണങ്ങള്‍ തുടരെ തുടരെ വരുമ്പോള്‍ സ്ഥാനത്തു നിന്ന് സ്വയം മാറിനില്‍ക്കാന്‍ രാഹുല്‍ അറച്ച് നില്‍ക്കേണ്ട കാര്യമില്ല. നിയമപരമായി പരാതിയുണ്ടോ എന്ന് നോക്കുന്നതിന് പകരം ധാര്‍മികമായിട്ടുള്ള ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ മാറി നില്‍ക്കുകയാണ് വേണ്ടത്.രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെച്ച് മാറി നില്‍ക്കണമെന്ന് തൃക്കാക്കര എംഎല്‍എ ഉമ തോമസ് പറഞ്ഞു. ഉമ തോമസ് കോണ്‍ഗ്രസ് പ്രസ്ഥാനം സ്ത്രീകളോട് ചേര്‍ന്ന് നില്‍ക്കും. രാഹുല്‍ ഉറപ്പായിട്ടും രാജിവെച്ച് മാറി നില്‍ക്കണം. ആരോപണങ്ങള്‍ ഒന്നിന് പിറകെ ഒന്നായി വന്നിട്ടും അദ്ദേഹം ഒരു മാനനഷ്ടക്കേസിന് പോലും മൂവ് ചെയ്തിട്ടില്ല. അങ്ങനെ ചെയ്യാത്തിടത്തോളം രാജി ആവശ്യപ്പെടണ്ടത് തന്നെയാണ്. ഒരു നിമിഷം മുന്‍പ് രാഹുല്‍ രാജി വെക്കേണ്ടതാണ്.രാഹുല്‍ തന്നെ ഇക്കാര്യത്തില്‍ ഒരു വിശദീകരണം പൊതുസമൂഹത്തിനും പാര്‍ട്ടിക്കും കൊടുക്കണമെന്ന് ജോസഫ് വാഴക്കന്‍. ഏതെങ്കിലും ഒരു വ്യക്തിയുടെ വിഴുപ്പ് ചുമക്കാനുള്ളതല്ല ഈ പാര്‍ട്ടിയെന്നും വാഴക്കൻ കൂട്ടിച്ചേർത്തു. ജോസഫ് വാഴക്കന്‍.പുറത്തുവന്ന വാര്‍ത്തകളെല്ലാം ഗൗരവമുള്ളതാണ്. രാഹുല്‍ തന്നെ ഇതില്‍ ഒരു വിശദീകരണം പാര്‍ട്ടിക്കും പൊതുസമൂഹത്തിനും നല്‍കണം. വാര്‍ത്തകള്‍ പാര്‍ട്ടിയെ പ്രതിരോധത്തില്‍ ആക്കിയിട്ടുണ്ട്. പാര്‍ട്ടി ഇത് ചുമക്കേണ്ട ഒരു കാര്യവും ഇല്ല. വ്യക്തമായ മറുപടി നല്‍കാന്‍ രാഹുലിന് സാധിക്കുന്നില്ലെങ്കില്‍ അദ്ദേഹം രാജിവെച്ച് പുറത്തുപോണം. പാര്‍ട്ടിക്ക് വളരെ പ്രതീക്ഷ ഉണ്ടായിരുന്ന ഒരു ചെറുപ്പക്കാരനായിരുന്നു രാഹുല്‍. ഒരാളും പാര്‍ട്ടിക്ക് മുകളിലല്ല. ഒരു വ്യക്തി പാര്‍ട്ടിയെയും സംവിധാനങ്ങളെയും പ്രതിരോധത്തില്‍ ആക്കുന്നുവെങ്കില്‍ തീര്‍ച്ചയായിട്ടും പുറത്തു പോയേ പറ്റൂ. കോണ്‍ഗ്രസ് കോടിക്കണക്കിന് ആളുകളുള്ള ഒരു വലിയ പാര്‍ട്ടിയാണ്. രാജ്യം പ്രതീക്ഷയോടെ നോക്കിയിരിക്കുന്ന ഒരു പാര്‍ട്ടി. അല്ലാതെ ഏതെങ്കിലും ഒരു വ്യക്തിയുടെ വിഴുപ്പ് ചുമക്കാനുള്ളതല്ല ഈ പാര്‍ട്ടി.രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് അഭിപ്രായമെന്ന് കെ.കെ.രമ. കെ.കെ.രമഇത്തരം വിഷയങ്ങളില്‍ ആരോപിതരായവര്‍ക്ക് എതിരെ സ്വീകരിച്ച നിലപാടുകളുണ്ട്. ആരോപണ വിധേയരായവര്‍ ഇത്തരം സ്ഥാനങ്ങളില്‍ ഇരിക്കാന്‍ അര്‍ഹരല്ല. രാഹുലിന് എതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ കോണ്‍ഗ്രസ് അഭിപ്രായം പറയുകയും വിഷയത്തില്‍ തീരുമാനം എടുക്കുകയും വേണം.രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ കെ.സി.വേണുഗോപാലിന്റെ ഭാര്യ ഡോ.ആശ കെയുടെ ഫേസ്ബുക്ക് പോസ്റ്റും ഇതിനിടെ ചര്‍ച്ചയായി. സ്ത്രീകള്‍ ഭയന്ന് ഇയാളെപ്പറ്റി ചര്‍ച്ച ചെയ്യുകയാണ്. മാധ്യമങ്ങള്‍ ദിവസവും പുറത്തുവിടുന്ന വാര്‍ത്തകള്‍ ഏറെ ആശങ്കപ്പെടുത്തുന്നതാണ്. വല്ലാത്ത വിഷമമുണ്ട്, ഒന്നും പറയാതെ മിണ്ടാതിരിക്കാന്‍ ആവുന്നില്ലെന്നും ആശ ഫേസ്ബുക്കില്‍ കുറിച്ചെങ്കിലും അല്‍പ സമയത്തിന് ശേഷം പോസ്റ്റ് നീക്കം ചെയ്തു.