സപ്ലൈകോ ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ (ആഗസ്റ്റ് 25) വൈകുന്നേരം 4.00 മണിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം കിഴക്കേകോട്ടയിലെ ഇ.കെ.നായനാർ പാർക്കിൽ നിർവ്വഹിക്കും.ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി.ആർ.അനിൽ അധ്യക്ഷനാകുന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പുമന്ത്രി വി.ശിവൻകുട്ടി തിരുവനന്തപുരം നഗരസഭാ മേയർ ആര്യാ രാജേന്ദ്രൻ, എം.എൽ.എ.മാരായ ആന്റണി രാജു, കടകംപള്ളി സുരേന്ദ്രൻ, വി.ജോയ്, വി.കെ.പ്രശാന്ത്, ഡെപ്യൂട്ടി മേയർ പി.കെ.രാജു, പൊതു വിതരണ വകുപ്പ് സെക്രട്ടറിയും സപ്ലൈകോ ചെയർമാനുമായ എം.ജി.രാജമാണിക്യം, പൊതുവിതരണ, ഉപഭോക്തൃകാര്യ കമ്മിഷണർ കെ.ഹിമ, സപ്ലൈകോ മാനേജിംഗ് ഡയറക്ടർ ഡോ.അശ്വതി ശ്രീനിവാസ്, നഗരസഭ കൗൺസിലർ സിമി ജ്യോതിഷ്, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ, പൗരപ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.സപ്ലൈകോ സബ്സിഡി-നോൺ സബ്സിഡി ഉത്പന്നങ്ങൾക്കു പുറമെ കൈത്തറി, കുടുംബശ്രീ, മിൽമ ഉത്പന്നങ്ങളും പച്ചക്കറിയും പ്രത്യേക സ്റ്റാളുകളിൽ ലഭ്യമാവും. കരകുളം സ‍ർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിലുള്ള കാസ്ക്കോ വില്ലേജിൽ നിന്നും വിളവെടുത്ത ജൈവ പച്ചക്കറി ഉത്പന്നങ്ങളാണ് ചന്തയിൽ ലഭ്യമാക്കുക.Also read:എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാനതല – ജില്ലാതല സമിതികൾ: മന്ത്രി വി ശിവൻകുട്ടി ഓണത്തിനായി സപ്ലൈകോ രണ്ടര ലക്ഷത്തോളം ക്വിന്റൽ ഭക്ഷ്യധാന്യങ്ങൾ സംഭരിച്ചിട്ടുണ്ട്. ഓണക്കാലത്ത് നിലവിൽ നല്കിവരുന്ന 8 കിലോ സബ്സിഡി അരിയ്ക്കു പുറമെ കാർഡൊന്നിന് 20 കിലോ പച്ചരിയോ/പുഴുക്കലരിയോ 25 രൂപ നിരക്കിൽ സ്പെഷ്യൽ അരിയായി ലഭ്യമാക്കും. സബ്സിഡി നിരക്കിൽ നല്കുന്ന മുളകിന്റെ അളവ് അരക്കിലോയിൽ നിന്നും ഒരു കിലോയായി വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മറ്റ് പ്രമുഖ റീട്ടെയിൽ ചെയിനുകളോട് കിടപിടിക്കുന്ന ബ്രാൻഡഡ് എഫ്.എം.സി.ജി. ഉല്പന്നങ്ങളുടെ ഒരു നിര തന്നെ ഇത്തവണ സപ്ലൈകോ ഒരുക്കിയിട്ടുണ്ട്. 250 ൽ അധികം ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് ഓഫറുകളും വിലക്കുറവും നല്കുന്നുണ്ട്. സെപ്റ്റംബർ 4 വരെയാണ് ജില്ലാ ഫെയറുകൾ സംഘടിപ്പിക്കുക. എല്ലാ നിയോജകമണ്ഡലങ്ങളിലും ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 4 വരെ ഒരു പ്രധാന ഔട്ട് ലെറ്റിനോട് അനുബന്ധിച്ച് ഫെയറുകൾ സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ സഞ്ചരിക്കുന്ന ഓണച്ചന്തകളും ഒരുക്കിയിട്ടുണ്ട്. സാധാരണയിൽ നിന്ന് വ്യത്യസ്തമായി ഈ വർഷം സഞ്ചരിക്കുന്ന ഓണച്ചന്തകൾ മുഖേന മിതമായ നിരക്കിൽ നിത്യോപയോഗസാധനങ്ങൾ കൂടാതെ സബ്സിഡി ഉല്പന്നങ്ങളും ലഭിക്കും.ജൂലൈ മാസത്തിൽ 168 കോടി രൂപയുടെ വിറ്റുവരവാണ് സപ്ലൈകോയ്ക്ക് ഉണ്ടായത്. 60 കോടി രൂപയുടെ സബ്സിഡി ഉല്പന്നങ്ങളാണ് കഴിഞ്ഞ മാസം സപ്ലൈകോ വഴി പൊതുജനങ്ങൾക്ക് വിതരണം ചെയ്തത്. 32 ലക്ഷത്തോളം ഉപഭോക്താക്കൾ കഴിഞ്ഞ മാസം സപ്ലൈകോ വില്പനശാലകളെ ആശ്രയിച്ചിരുന്നു. ഓണത്തിരക്ക് ആരംഭിച്ച ഈ മാസം ആഗസ്റ്റ് 23 വരെയുള്ള വിറ്റുവരവ് 190 കോടി രൂപയാണ്. ആഗസ്റ്റ് 11 മുതൽ എല്ലാ പ്രവൃത്തിദിവസങ്ങളിലും പ്രതിദിന വിറ്റുവരവ് 10 കോടിയ്ക്ക് മുകളിലാണ്. ആഗസ്റ്റ് 23 വരെ 30 ലക്ഷത്തോളം ഉപഭോക്താക്കൾ സപ്ലൈകോ വില്പനശാലകൾ സന്ദർശിച്ചിട്ടുണ്ട്. അഗസ്റ്റ് മാസത്തിൽ 50 ലക്ഷം ഉപഭോക്താക്കളേയും, 300 കോടിയുടെ വിറ്റുവരവുമാണ് പ്രതീക്ഷിക്കുന്നത്. ഓണം പ്രമാണിച്ച് ഉപഭോക്താക്കൾക്ക് സെപ്റ്റംബർ മാസത്തെ സബ്സിഡി സാധനങ്ങൾ മുൻകൂറായി ആഗസ്റ്റ് 25 മുതൽ വാങ്ങുന്നതിനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.The post സപ്ലൈകോ ഓണം ഫെയർ; സംസ്ഥാനതല ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിർവഹിക്കും appeared first on Kairali News | Kairali News Live.