തൃശ്ശൂര്‍ | തൃശ്ശൂര്‍ വോട്ട് വിവാദത്തില്‍ മാധ്യമങ്ങൾക്കെതികെ ബി ജെ പി നേതാവും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. മാധ്യമപ്രവര്‍ത്തകര്‍ തൻ്റെ ജീവിതത്തില്‍ കയറി കൊത്തിയെന്ന് തൃശൂർ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി കൂടിയായ സുരേഷ് ഗോപി വ്യക്തമാക്കി.മാധ്യമങ്ങള്‍ തന്നെ നാളുകളായി വേട്ടയാടുകയാണ്. തനിക്ക് കുടുംബം ഉണ്ടെന്ന് മറന്നു. തന്റെ വ്യക്തി ജീവിതത്തിലും കുടുംബപരമായ കാര്യങ്ങളിലും മാധ്യമങ്ങള്‍ ഇടപെടുകയാണെന്നും കൊച്ചിയില്‍ മാധ്യമങ്ങളോട് സുരേഷ് ഗോപി പ്രതികരിച്ചു.‘എന്റെ ജീവിതത്തിലാണ് നിങ്ങള്‍ കയറി കൊത്തിയത്. എന്നില്‍ ഒരു വ്യക്തിയുണ്ട്. ഒരുപാട് കാര്യങ്ങളുണ്ട്. കുടുംബസ്ഥന്‍, ഭര്‍ത്താവ്, അച്ഛന്‍, മകന്‍ അങ്ങനെ ഒരുപാട് ബന്ധങ്ങളുണ്ട് എനിക്ക്. അതിനെയെല്ലാം ഹനിക്കുന്ന രീതിയിലാണ് വാര്‍ത്തകള്‍ വന്നത്. ഞാന്‍ എന്ത് തെറ്റ് ചെയ്തിട്ടാണ്?. എവിടെ നിന്ന് നിങ്ങള്‍ തുടങ്ങി?. കലാമണ്ഡലം ഗോപി ആശാന്‍, ആര്‍ എല്‍ വി രാമകൃഷ്ണന്‍ അങ്ങനെ എവിടെയൊക്കെ നിങ്ങള്‍ കയറി. അതിന് ഞാന്‍ എന്ത് പാപം ചെയ്തു. ഞാന്‍ ആരെയും വിമര്‍ശിച്ചിട്ടില്ല. ആരെയും ദ്രോഹിച്ചിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണത്തെ കുറിച്ചുള്ള ചോദ്യത്തോടും സുരേഷ് ഗോപി കൃത്യമായ മറുപടി നൽകിയില്ല. രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ ആരെയും വിമർശിക്കില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. വോട്ട് വിവാദത്തിൽ ഏറെ കാലത്തിന് ശേഷമാണ് സുരേഷ് ഗോപി പ്രതികരിക്കുന്നത്.