അന്തരിച്ച പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്റെ സംസ്‌കാരം ഇന്ന്

Wait 5 sec.

 ഇടുക്കി|അന്തരിച്ച പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്റെ സംസ്‌കാരം ഇന്ന് വണ്ടിപ്പെരിയാറില്‍ നടക്കും. വണ്ടിപ്പെരിയാറിലെ വാളാടിയിലുള്ള വീട്ടിലേക്ക് എത്തിച്ച മൃതദേഹം രാവിലെ 11 മണിക്ക് ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് വൈകിട്ട് നാലുമണിയോടെ പഴയ പമ്പനാറിലുള്ള എസ് കെ ആനന്ദന്‍ സ്മൃതി മണ്ഡലത്തിന് സമീപമാണ് സംസ്‌കാരം.സംസ്‌കാര ചടങ്ങിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സിപിഐ ഇടുക്കി ജില്ലാ നേതൃത്വം അറിയിച്ചു.തിരുവനന്തപുരത്ത് പിടിപി നഗറിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കേന്ദ്രത്തില്‍ നടന്ന റവന്യൂ അസംബ്ലിയില്‍ പങ്കെടുക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് ഇന്നലെ വൈകിട്ട് അഞ്ചോടെ പീരുമേട് എം എല്‍ എയും മുതിര്‍ന്ന സി പി ഐ നേതാവുമായ വാഴൂര്‍ സോമന്‍ (72) മരിച്ചത്. യോഗത്തിനിടെ കുഴഞ്ഞു വീണ എം എല്‍ എയെ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം ഉടന്‍ തന്നെ ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 2021-ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ സിറിയക് തോമസിനെ 1,835 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് വാഴൂര്‍ സോമന്‍ നിയമസഭയിലേക്ക് എത്തിയത്.വെയര്‍ ഹൗസിങ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍, എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. ഭാര്യ: ബിന്ദു, മക്കള്‍: അഡ്വ. സോബിന്‍, അഡ്വ. സോബിത്ത്.