ഷാർജ| യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടുക എന്ന ലക്ഷ്യത്തോടെ, ദിബ്ബ അൽ ഹിസ്ൻ കോട്ടയുടെ വികസന പദ്ധതി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പ്രഖ്യാപിച്ചു. കോട്ടയുടെ സാംസ്കാരിക പൈതൃകത്തിന്റെ ദീർഘകാല സംരക്ഷണം ഉറപ്പാക്കിയാണ് വികസനം. മഴയിൽ നിന്നും വെയിലിൽ നിന്നും സംരക്ഷണം നൽകുന്നതിനായി കോട്ടക്ക് മുകളിൽ മേലാപ്പ് നിർമിക്കുമെന്നും അദ്ദേഹം പറഞ്ഞു.വിവിധ കാലഘട്ടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന മൂന്ന് പുരാവസ്തു പാളികൾ സംരക്ഷിക്കാൻ ഈ പദ്ധതി സഹായിക്കുമെന്നും ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി തന്റെ പ്രതിവാര റേഡിയോ പരിപാടിയായ ദി ഡയറക്ട് ലൈനിൽ പറഞ്ഞു. അറേബ്യൻ ഉപദ്വീപിലെ തന്നെ ചരിത്രപരമായ പ്രാധാന്യമുള്ള നഗരമാണ് ദിബ്ബ അൽ ഹിസ്ൻ. അടുത്തിടെ നടന്ന ഖനനങ്ങളിൽ ഇവിടെ മനുഷ്യ അസ്ഥികൂടങ്ങൾ അടങ്ങിയ ഒരു വലിയ പൊതു ശ്മശാനം കണ്ടെത്തിയിരുന്നു. ഇതിൽ സ്വർണവും രത്നക്കല്ലുകളും കൊണ്ടുണ്ടാക്കിയ ആഭരണങ്ങൾ, പുരാതന വസ്തുക്കൾ, ആയുധങ്ങൾ, റോമൻ കാലഘട്ടത്തിലെ അപൂർവ ഗ്ലാസ് കുപ്പികൾ എന്നിവയും ഉൾപ്പെടുന്നു.