തിരുവനന്തപുരം|ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയും സംഘവും കേരളത്തിലെത്തും. മെസി ഉള്‍പ്പെടുന്ന അര്‍ജന്റീയുടെ ഫുട്ബോള്‍ ടീം കേരളത്തില്‍ എത്തുമെന്ന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ ഔദ്യോഗികമായി അറിയിച്ചു. സാമൂഹികമാധ്യമങ്ങള്‍ വഴി ഈ വര്‍ഷത്തെ സൗഹൃദമത്സരങ്ങള്‍ നടക്കുന്ന വേദികള്‍ സംബന്ധിച്ചുള്ള വിവരമാണ് എഎഫ്എ പുറത്തുവിട്ടത്. നവംബറില്‍ അര്‍ജന്റീന ഫുട്ബോള്‍ ടീം കേരളത്തില്‍ കളിക്കുമെന്നാണ് എഎഫ്എ അറിയിച്ചിട്ടുള്ളത്.കേരളത്തിന് പുറമേ അംഗോളയിലും അര്‍ജന്റീന കളിക്കും. നവംബര്‍ 10 മുതല്‍ 18 വരെയുള്ള ദിവസങ്ങളിലാണ് ഈ സൗഹൃദമത്സരങ്ങള്‍ നടക്കുന്നത്. ഒക്ടോബറില്‍ അമേരിക്കയിലാണ് അര്‍ജന്റീന ടീം കളിക്കുന്നത്. മാസങ്ങള്‍നീണ്ട വിവാദങ്ങള്‍ക്കൊടുവിലാണ് ലയണല്‍ മെസ്സി കേരളത്തിലേക്കെത്തുന്ന കാര്യത്തില്‍ ഔദ്യോഗിക തീരുമാനമുണ്ടാകുന്നത്.2024 സെപ്തംബര്‍ 24നാണ് സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ അര്‍ജന്റീന ഫുട്ബോള്‍ ടീം കേരളത്തില്‍ എത്തുമെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. ഖത്തര്‍ ലോകകപ്പ് സമയത്ത് തങ്ങള്‍ക്കായി ആര്‍ത്തുവിളിച്ച കേരളത്തോടുള്ള ഇഷ്ടം പ്രകടിപ്പിച്ചുകൊണ്ടാണ് അര്‍ജന്റീനയുടെ ദേശീയ ടീം കേരളത്തിലെത്താന്‍ തീരുമാനിച്ചിരിക്കുന്നതെന്നും അബ്ദുറഹിമാന്‍ അന്ന് പറഞ്ഞിരുന്നു. ലയണല്‍ മെസി അടക്കമുള്ള അര്‍ജന്റീന ദേശീയ ടീം ഇന്ത്യയില്‍ കളിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഭീമമായ ചെലവ് താങ്ങാന്‍ കഴിയില്ലെന്ന കാരണത്താല്‍ ഇന്ത്യ ആ അവസരം നഷ്ടപ്പെടുത്തിയെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് കേരളം അര്‍ജന്റീനയുടെ ദേശീയ ടീമിനെ കേരളത്തിലേയ്ക്ക് ക്ഷണിച്ചത്. ഓണ്‍ലൈന്‍ മീറ്റിംഗിലൂടെ വിശദമായ ചര്‍ച്ചയിലാണ് തീരുമാനം ഉണ്ടായതെന്നും മന്ത്രി അറിയിച്ചിരുന്നു.