പ്രവാസ ലോകത്തെ ഞെട്ടിച്ച് കൊണ്ട്  വീണ്ടും പെട്ടെന്നുള്ള മരണങ്ങൾ; പ്രവാസികൾ ശ്രദ്ധിക്കേണ്ടത്

Wait 5 sec.

ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾക്കിടയിലെ പെട്ടെന്നുള്ള മരണങ്ങൾ സമീപ ദിനങ്ങളിൽ വലിയ തോതിൽ തന്നെ വർദ്ധിക്കുന്നതായി കാണാൻ സാധിക്കുന്നുണ്ട്. കൗമാരക്കാരോ അല്ലാത്തവരോ എന്ന വകഭേദമില്ലാതെ നിരവധി പ്രവാസി സുഹൃത്തുക്കളാണു സമീപ ദിനങ്ങളിൽ ഹൃദയാഘാത മരണങ്ങൾക്ക് വിധേയരായത്.നാട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങൾ നടത്തുന്നവർ മുതൽ നാട്ടിലേക്ക് പോകുന്ന സന്ദർഭത്തിൽ വിമാനത്തിൽ.വെച്ച് തന്നെയും മരിച്ച റിപ്പോർട്ടുകൾ അറേബ്യൻ മലയാളി തന്നെ നേരത്തെ  പ്രസിദ്ധീകരിച്ചിരുന്നു.അത് പോലെത്തന്നെ അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് മടങ്ങിയ ഉടൻ മരിച്ചവരും ദീർഘകാലമായി നാട്ടിൽ പോകാതെയിരുന്ന് പെട്ടെന്ന് മരണത്തിനു കീഴ്പ്പെട്ടവരും എല്ലാം ധാരാളം ഉണ്ട്.ഈ സാഹചര്യത്തിൽ പ്രവാസികൾ നിർബന്ധമായും തങ്ങളുടെ ശാരീരീക മാനസിക ആരോഗ്യത്തിനു പ്രാധാന്യം നൽകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ് വിദഗ്ധർ പറയുന്നത്. ശാരീരിക മാനസികാരോഗ്യത്തിനായി ഭക്ഷണത്തിൽ ചിട്ടയും ക്രമവും കൊണ്ട് വരേണ്ടതുണ്ട്. അതോടൊപ്പം വ്യായാമം കുറച്ച് സമയമെങ്കിലും പതിവാക്കുകയും ചെയ്യുക.റൂമുകളിൽ എല്ലാവർക്കും ചെയ്യാൻ പറ്റുന്ന മികച്ച ഒരു വ്യായാമ മുറയാണു വള്ളിച്ചാട്ടം (റോപ് ജംബിംഗ്). വള്ളിച്ചാട്ടം റൂമിലുള്ളവർ തമ്മിൽ ഒരു മത്സരമായി എന്നും രസകരമായി എടുത്താൽ അതിനു മുടക്കം വരികയുമില്ല. നീന്തലിനേക്കാൾ മികച്ച ഫലമാണ് വള്ളിച്ചാട്ടം കൊണ്ട് ലഭിക്കുന്നത് എന്നാണ് പഠനങ്ങൾ പറയുന്നത്.ഇനി അത് സാധ്യമല്ലെങ്കിൽ സാധ്യമായ മറ്റേതെങ്കിലും വ്യായാമ മുറകൾ പതിവാക്കുക. കളികൾ, നടത്തം, ഓട്ടം, നീന്തൽ എന്നിവയെല്ലാം സ്വീകരിക്കാം. ഒന്ന് ഗുഗിൾ ചെയ്താൽ നിരവധി ലഘു വ്യായാമ മുറകളുടെ വീഡിയോകൾ ലഭ്യമാണ്.അതോടൊപ്പം മറ്റുള്ളവരുമായി ബന്ധങ്ങൾ വർദ്ധിപ്പിക്കുകയും പറ്റുന്ന കാര്യങ്ങൾ തുറന്ന് പറഞ്ഞ് മാനസിക ഭാരം കുറക്കുകയും (കുടുംബ, ബിസിനസ് രഹസ്യങ്ങൾ പങ്ക് വെക്കാൻ പോകരുത്) നേരത്തെ ഉറങ്ങുകയും നേരത്തെ ഉണരുകയും ചെയ്യുക.ഫാസ്റ്റ് ഫുഡ്‌, സോഫ്റ്റ്‌ ഡ്രിംഗ്സ് എന്നിവ സാധ്യമാകും വിധം ഒഴിവാക്കാൻ ശ്രമിക്കുകയും പുക വലി പോലുള്ള ദുശീലങ്ങൾ ഒഴിവാക്കുകയും നല്ല ഭക്ഷണം ഒരു ശീലമാക്കുകയും ചെയ്യേണ്ടതുണ്ട്. രാത്രി  ഭക്ഷണം നേരത്തെ കഴിക്കുന്ന ശീലവും വലിയ ഗുണം ചെയ്യും. അതോടൊപ്പം വലിയ ഒരു വില്ലനാണ് നിർജ്ജലീകരണം എന്നുമോർക്കുക.നിർജ്ജലീകരണം തടയാൻ ആവശ്യമായ വെള്ളം കുടിക്കൽ അനിവാര്യമാണ്.നമ്മുടെ വരുമാനത്തിനനുസരിച്ചുള്ള ചെലവ് മാത്രം ചെയ്യുകയും മറ്റുള്ളവരുടെ വരുമാനം കണ്ട് ആധി കൊള്ളാതിരിക്കുകയും എത്ര പ്രയാസമുണ്ടെങ്കിലും ഒരു നിശ്ചിത സംഖ്യ (അത് ചെറു സംഖ്യ ആണെങ്കിലും)  സേവിംഗ് ആയി നാട്ടിലെ തന്റെ പേഴ്സണൽ അക്കൗണ്ടിലേക്ക് അയക്കുകയും ചെയ്യുന്നത് മാനസികാരോഗ്യത്തെ വലിയ രീതിയിൽ തന്നെ സഹായിക്കും.ഇവക്കെല്ലാം പുറമേ സ്വയം ചികിത്സകൾ ഒഴിവാക്കി എന്തെങ്കിലും ഒരു അസ്വസ്ഥതയോ മറ്റോ തോന്നിയാൽ നിസ്സാരമാക്കാതെ പരിചയക്കാരായ ഡോക്ടർമാരുമായി ബന്ധപ്പെട്ട് ചികിത്സ തേടണം.ചുരുക്കത്തിൽ, നല്ല ഭക്ഷണം, നല്ല ഉറക്കം, നേരത്തെ ഉണരൽ, കൃത്യമായ വ്യായാമം, മാനസിക ഉല്ലാസം പകരുന്ന കൂട്ട് കെട്ടുകൾ, വിനോദങ്ങൾ എന്നിവയിലെല്ലാം ശ്രദ്ധ പതിപ്പിക്കുകയും ആരോഗ്യത്തിനും മനസ്സിനും ഹാനികരമാകുന്ന എല്ലാ തരം ഭക്ഷണ ശീലങ്ങളും പ്രവർത്തനങ്ങളും വെടിയുകയും ചെയ്യുക എന്നത് പ്രവാസികൾ നിർബന്ധമായും പുലർത്തേണ്ടിയിരിക്കുന്നു എന്ന് സാരം.ജിഹാദുദ്ദീൻ.അരീക്കാടൻ.The post പ്രവാസ ലോകത്തെ ഞെട്ടിച്ച് കൊണ്ട്  വീണ്ടും പെട്ടെന്നുള്ള മരണങ്ങൾ; പ്രവാസികൾ ശ്രദ്ധിക്കേണ്ടത് appeared first on Arabian Malayali.