പരാതി ഇല്ലെങ്കില്‍ ക്രൈം നടന്നിട്ടില്ല എന്നാണോ? രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് എന്തുകൊണ്ട് നിയന്ത്രിച്ചില്ല?

Wait 5 sec.

കുറ്റകൃത്യം നടന്നിരിക്കുന്നു, അത് ചെയ്തിരിക്കുന്നത് ഒരു പൊതുപ്രവര്‍ത്തകനാണ്. കുറ്റകൃത്യത്തെക്കുറിച്ച് അയാളുടെ രാഷ്ട്രീയ പ്രസ്ഥാനവും അറിഞ്ഞിരുന്നതായാണ് വിവരങ്ങള്‍, നടപടിയുണ്ടായില്ല. പരാതിയില്ല എന്നത് കുറ്റകൃത്യത്തെ പൊതിഞ്ഞു പിടിക്കാനും അങ്ങനെയൊന്ന് നടന്നിട്ടില്ല എന്ന് സ്ഥാപിക്കാനുമുള്ള കാരണമാണോ? കേവലം സാങ്കേതികത്വം പറഞ്ഞാല്‍ ചെയ്ത കുറ്റം ഇല്ലാതാകുമോ?അറസ്റ്റിലായ മന്ത്രിമാരെ നീക്കാനുള്ള ബില്ലിലൂടെ ലക്ഷ്യമിടുന്നത് എന്ത്?രാഹുല്‍ മാങ്കൂട്ടത്തിലിന് നേരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പ്രതികരിച്ചു കൊണ്ട് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ പറഞ്ഞ ചില കാര്യങ്ങളുണ്ട്. കോണ്‍ഗ്രസിനുള്ളില്‍ ആരെങ്കിലും ഇതുപോലെ ഗുരുതരമായ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ല. കര്‍ശനമായി പാര്‍ട്ടി അത് കൈകാര്യം ചെയ്യും. മുഖം നോക്കാതെ നടപടിയെടുക്കുമെന്ന്. അതിനൊപ്പം അദ്ദേഹം പറഞ്ഞ മറ്റൊരു കാര്യമുണ്ട്. പാര്‍ട്ടിക്ക് മുന്നില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ല. മെസേജ് അയച്ചുവെന്ന് മകളെപ്പോലെ കാണുന്ന ഒരു കുട്ടി വന്ന് പറഞ്ഞാല്‍ ഒരു പിതാവ് എന്ത് ചെയ്യും? അത് ഞാന്‍ ചെയ്തിട്ടുണ്ട്. സ്വന്തം മകളാണ് വന്നു പറഞ്ഞാല്‍ ഒരു പിതാവ് എന്ത് ചെയ്യും. മെസേജ് അയച്ചാല്‍ തൂക്കിക്കൊല്ലാന്‍ പറ്റില്ലല്ലോ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നുണ്ട്. മകളെപ്പോലെ കാണുന്നുവെന്ന് അദ്ദേഹം പറഞ്ഞ ആ പെണ്‍കുട്ടി പരാതി പറഞ്ഞിട്ടുണ്ടെന്നാണ് സതീശനും സമ്മതിക്കുന്നത്. എന്നാല്‍ പാര്‍ട്ടിക്ക് പരാതിയൊന്നും കിട്ടിയിട്ടില്ലെന്ന് സാങ്കേതികമായി പറയുകയും ചെയ്യുന്നു. പരാതിയില്ലെങ്കില്‍ ക്രൈം നടന്നിട്ടില്ല എന്ന് ധരിക്കുന്ന ഒരു പൊതുബോധം നമ്മുടെ സമൂഹത്തിനുണ്ട്. പല കുറ്റകൃത്യങ്ങളിലും പരാതികള്‍ ഉണ്ടാകാത്തതിന് കാരണങ്ങള്‍ ഏറെയുണ്ടാകാം. കുറ്റവാളികളുടെ ഭീഷണികള്‍ മുതല്‍ ഇരയാക്കപ്പെടുന്നവരുടെ സാഹചര്യങ്ങള്‍ വരെ കാരണമാകാം. ഇവിടെ വരുന്ന വെളിപ്പെടുത്തലുകളില്‍ തെളിവുകള്‍ കാര്യമായി ഇല്ലാത്തതാണ് പലരെയും ഔദ്യോഗികമായി പരാതി പറയുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്. ടെലഗ്രാമില്‍ വാനിഷിംഗ് മോഡില്‍ സന്ദേശങ്ങള്‍ അയച്ചുവെന്ന് ഒരു പരാതിക്കാരി പറഞ്ഞത് ഇവിടെ ചേര്‍ത്ത് വായിക്കാം. ആ പൊതുബോധവും സാഹചര്യങ്ങളും രാഹുലും കോണ്‍ഗ്രസും ഇവിടെ ഉപയോഗിക്കുകയാണെന്ന് പറയേണ്ടി വരും. രാഹുല്‍ മാങ്കൂട്ടത്തിലെതിരെ ഉണ്ടായിരിക്കുന്ന വെളിപ്പെടുത്തലുകളും പുറത്തു വന്നിരിക്കുന്ന ഓഡിയോയും ഇത് സമാനതകളില്ലാത്ത ഒരു സംഭവമാണെന്ന് വ്യക്തമാക്കുന്നുണ്ട്. ഇതിന് മുന്‍പ് രാഷ്ട്രീയ നേതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്കും എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഏതെങ്കിലും ഒരാളുമായി ബന്ധപ്പെട്ടതായിരുന്നു. രാഹുലിന്റെ കാര്യത്തില്‍ ഒന്നിലേറെയാളുകളുടെ വെളിപ്പെടുത്തലുകള്‍ പുറത്തു വന്നിട്ടുണ്ട്. ഇവ കൂടാതെ അഭ്യൂഹങ്ങള്‍ വേറെയുണ്ട്. ഉറപ്പിക്കാന്‍ കഴിയാത്ത പരാതികള്‍ ഉന്നത നേതാക്കള്‍ക്ക് ലഭിച്ചതായുള്ള വിവരങ്ങളും പുറത്തു വരുന്നു. അതായത് ഒറ്റപ്പെട്ട ഒരു സംഗതിയല്ല ഇതെന്ന് സാരം. രാഹുലിനെ പാലക്കാട്ട് സ്ഥാനാര്‍ത്ഥിയാക്കുന്നതിന് മുന്‍പ് തന്നെ ഇത്തരം പരാതികള്‍ നേതൃത്വത്തിലുള്ളവര്‍ക്ക് ലഭിച്ചിരുന്നുവെന്നാണ് വെളിപ്പെടുത്തലുകളില്‍ നിന്ന് മനസിലാക്കാനാകുന്നത്. അങ്ങനെയെങ്കില്‍ രാഹുലിനെ നിയന്ത്രിക്കാനോ അയാള്‍ക്കെതിരെ നടപടിയെടുക്കാനോ പാര്‍ട്ടി തയ്യാറായിരുന്നില്ല എന്നതല്ലേ മനസിലാക്കേണ്ടത്. ഇനി നടപടിയെടുക്കാനുള്ള വിധത്തില്‍ പരാതികളുണ്ടായിരുന്നില്ല എന്ന് വാദിച്ചാലും ആരോപണ വിധേയനായ ഒരാളെ പദവികള്‍ കൊടുത്ത് അംഗീകാരം നല്‍കിയെന്നത് വീഴ്ചയായി തന്നെ കാണണം. കോണ്‍ഗ്രസിന് അങ്ങനെ ചെയ്യാതിരിക്കാമായിരുന്നു. പരാതി കിട്ടിയിട്ടും അതില്‍ നടപടിയെടുക്കാതിരുന്നതാണ് രാഹുല്‍ മാങ്കൂട്ടത്തിലിന് പരാതിക്കാരെ പരസ്യമായി വെല്ലുവിളിച്ച് നില്‍ക്കാന്‍ ശക്തി നല്‍കുന്നത്. കോണ്‍ഗ്രസ് ഒരു മൗനാനുവാദം നല്‍കുകയായിരുന്നു എന്ന് പറഞ്ഞാല്‍ നിഷേധിക്കാനാകുമോ? രാഷ്ട്രീയത്തില്‍ ഭാവിയുണ്ടായിരുന്ന ഒരു യുവ നേതാവിനെതിരെ പരാതികള്‍ വന്നിട്ടുണ്ടായിരുന്നെങ്കില്‍ ആ തെറ്റുകള്‍ തടഞ്ഞ്, അവയെ തിരുത്തി മുന്നോട്ടു കൊണ്ടുപോകാന്‍ ആ പാര്‍ട്ടിക്കുള്ളില്‍ ആരുമുണ്ടായിരുന്നില്ല എന്നതല്ലേ മനസിലാക്കേണ്ടത്. ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും പൗരന്‍ എന്ന നിലയിലും പൊതുസമൂഹത്തില്‍ കാണിക്കേണ്ട ഉത്തരവാദിത്തം രാഹുല്‍ കാണിച്ചില്ല എന്നതാണ് വാസ്തവം. പരാതികള്‍ ഉയര്‍ന്ന സമയത്തെ പ്രതികരണങ്ങളും ഇതാണ് കാണിക്കുന്നത്. സാങ്കേതികത പറഞ്ഞ് ആരോപിക്കപ്പെട്ട കുറ്റകൃത്യങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞേക്കും. പക്ഷേ, ആ ആരോപണങ്ങള്‍ പൊതുസമൂഹത്തില്‍ എന്നുമുണ്ടാകും.