അഞ്ച് സെൻ്റില്‍ ചെണ്ടുമല്ലി വസന്തം തീര്‍ത്ത് യുവ കര്‍ഷകന്‍

Wait 5 sec.

നീലേശ്വരം | അഞ്ച് സെന്റ് ഭൂമിയില്‍ ചെണ്ടുമല്ലി വസന്തം തീര്‍ത്തിരിക്കുകയാണ് മടിക്കൈ തെക്കന്‍ ബങ്കളത്തെ തത്വമസി രാജന്‍ എന്ന യുവ കര്‍ഷകന്‍. കഴിഞ്ഞ ഓണക്കാലത്തെ പൂകൃഷി ലാഭകരമായപ്പോഴാണ് ഇത്തവണയും കൃഷിയിറക്കിയത്. കാര്‍ഷിക കോളജില്‍ നിന്ന് വാങ്ങിയ ചെടികളും സ്വന്തമായി വിത്തിട്ട് വളര്‍ത്തിയ ചെടികളുമാണ് കൃഷിക്കായി ഉപയോഗിച്ചത്. ഒരു ചെടിയില്‍ നിന്ന് ഏഴ് മാസം വിളവെടുക്കാമെന്നതിനാല്‍ പൂകൃഷി ലാഭകരം തന്നെയാണെന്ന് രാജന്‍ പറയുന്നു.പച്ചക്കറി കൃഷി, പശു വളര്‍ത്തല്‍, മീന്‍കൃഷി എന്നിവയും ഇദ്ദേഹം നടത്തുന്നുണ്ട്. ഇക്കഴിഞ്ഞ പരിസ്ഥിതി ദിനത്തില്‍ കക്കാട്ട് ജി എച്ച് എസ് എസിലെ ആറാം ക്ലാസ് വിദ്യാര്‍ഥി കിരണ്‍ രാജന്റെ ആവശ്യപ്രകാരം സ്‌കൂളിലെ എണ്ണായിരത്തോളം ഇലഞ്ഞി മരത്തൈകള്‍ രാജന്‍ മുളപ്പിച്ചെടുത്തിരുന്നു.പൂകൃഷിയുടെ വിളവെടുപ്പ് മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ് പ്രീത നിര്‍വഹിച്ചു. മടിക്കൈ കൃഷി ഓഫീസര്‍ സി പ്രമോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. കെ പ്രഭാകരന്‍, കൃഷി അസിസ്റ്റന്റ് പി വി നിഷാന്ത്, ടി ചോയ്യമ്പു എന്നിവര്‍ സംസാരിച്ചു. ഭാര്യ ഹൊസ്ദുര്‍ഗ് ബാറിലെ അഭിഭാഷകയായ അഡ്വ പി കവിത, മക്കളായ രേവതി, കിരണ്‍രാജ് എന്നിവരും കൃഷിയില്‍ രാജനെ സഹായിക്കാനുണ്ട്.