ആനന്ദ് അംബാനിയുടെ മൃഗസംരക്ഷണ കേന്ദ്രം; ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ച് സുപ്രിം കോടതി

Wait 5 sec.

ന്യൂഡൽഹി | ഗുജറാത്തിലെ ജാംനഗറിൽ ആനന്ത് അംബാനിയുടെ നേതൃത്വത്തിലുള്ള ഗ്രീൻസ് സുവോളജിക്കൽ റെസ്‌ക്യൂ ആൻഡ് റീഹാബിലിറ്റേഷൻ സെന്റർ അഥവാ വന്താരയിലേക്ക് മൃഗങ്ങളെ എത്തിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കാൻ സുപ്രീം കോടതി പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയോഗിച്ചു. സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് ജെ. ചെലമേശ്വർ ആണ് സംഘത്തലവൻ.ജസ്റ്റിസുമാരായ പങ്കജ് മിത്തൽ, പ്രസന്ന ബി വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർദേശം നൽകിയത്. യഥാർത്ഥ വസ്തുതകൾ കണ്ടെത്താനും തുടർനടപടികൾ സ്വീകരിക്കാനും കോടതിയെ സഹായിക്കുക മാത്രമാണ് ഈ അന്വേഷണ സംഘത്തിന്റെ ദൗത്യമെന്ന് കോടതി വ്യക്തമാക്കി.അഭിഭാഷകനായ സി.ആർ. ജയ സുകിൻ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച പൊതുതാൽപര്യ ഹർജികളിലാണ് കോടതിയുടെ ഈ ഉത്തരവ്. ആരോപണങ്ങളുടെ വസ്തുതാപരമായ പരിശോധന നടത്തി 2025 സെപ്റ്റംബർ 12-നകം റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചു.ജസ്റ്റിസ് രാഘവേന്ദ്ര ചൗഹാൻ (ഉത്തരാഖണ്ഡ്, തെലങ്കാന ഹൈക്കോടതികളിലെ മുൻ ചീഫ് ജസ്റ്റിസ്), ഹേമന്ത് നഗ്രാലെ (ഐ പി എസ്, മുംബൈ മുൻ പോലീസ് കമ്മീഷണർ), അനീഷ് ഗുപ്ത (ഐ ആർ എസ്, അഡീഷണൽ കമ്മീഷണർ, കസ്റ്റംസ്) എന്നിവരാണ് സമിതിയിലെ മറ്റു അംഗങ്ങൾ.1972-ലെ **വന്യജീവി (സംരക്ഷണ) നിയമം, അതുമായി ബന്ധപ്പെട്ട മൃഗശാലാ നിയമങ്ങൾ എന്നിവ പാലിച്ചോയെന്ന് പരിശോധിക്കുക, മൃഗങ്ങളുടെ ഇറക്കുമതി/കയറ്റുമതി സംബന്ധിച്ച CITES ഉടമ്പടി, മറ്റ് നിയമങ്ങൾ എന്നിവ പാലിച്ചോയെന്ന് പരിശോധിക്കുക, മൃഗസംരക്ഷണം, മൃഗചികിത്സ, അവയുടെ ക്ഷേമം എന്നിവയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ, മരണങ്ങൾ, മരണകാരണങ്ങൾ എന്നിവ പരിശോധിക്കുക, വ്യാവസായിക മേഖലക്ക് സമീപം മൃഗശാല സ്ഥാപിച്ചതിലെ കാലാവസ്ഥാ സംബന്ധമായ പരാതികൾ, സ്വകാര്യ ശേഖരം, വ്യാപാരം, വന്യജീവി കള്ളക്കടത്ത്, സാമ്പത്തിക ക്രമക്കേടുകൾ, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ട മറ്റ് പരാതികൾ തുടങ്ങിയ വിഷയങ്ങളാണ് സമിതിയുടെ പരിഗണനാ വിഷയങ്ങൾ.