അമേരിക്കയിലെ മിനസോട്ടയിലെ മിനിയാപൊളിസിലെ അനൗൺസിയേഷൻ കാത്തലിക് സ്‌കൂളിൽ വെടിവയ്‌പ്പ്. അക്രമിയുൾപ്പെടെ മൂന്നു പേർ വെടിവയ്പ്പിൽ കൊല്ലപ്പെട്ടു. എട്ട് ഉം പത്ത് ഉം വയസ്സുള്ള രണ്ട് കുട്ടികളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. 17 പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ അക്രമി സ്വയം ജീവനൊടുക്കുകയാണുണ്ടായത്.395 വിദ്യാർഥികളുള്ള ഒരു സ്വകാര്യ എലിമെന്ററി സ്കൂളിൽ ബുധനാഴ്‌ച രാവിലെയാണ് പ്രാർഥനയ്ക്കിടയിൽ അജ്ഞാതന്റെ വെടിവയ്‌പ്പുണ്ടായത്. മിനിസോട്ടയിലെ തെക്കുകിഴക്കൻ ഭാഗത്തുള്ള ഒരു റെസിഡൻഷ്യൽ ഏരിയയിലാണ് സ്കൂൾ.വെടിവയ്പ്പിൽ അന്വേഷണം ആരംഭിച്ചു. വെടിവയ്പ്പിനെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും എഫ്ബിഐ സ്ഥലത്തുണ്ടെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. കറുത്ത വസ്ത്രം ധരിച്ച് തോക്കുധാരിയായ ഒരാൾ പ്രദേശത്തെത്തിയതായി പോലീസ് റിപ്പോർട്ട് ചെയ്യുന്നു. പ്രാദേശിക അധികാരികളുമായി സഹകരിച്ച് സ്ഥിതിഗതികൾ നിരീക്ഷിക്കുകയും ചെയ്യുന്നുണ്ടെന്ന് ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോം സോഷ്യൽ മീഡിയയിൽ അറിയിച്ചു.