തിരുവനന്തപുരം | എ ടി എമ്മില്‍ പണമെടുക്കാനെത്തിയ പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം തട്ടാമല സ്വദേശി അനിരുദ്ധനെ(45)യാണ് പള്ളിക്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്.മടവൂര്‍ ജംഗ്ഷനിലുള്ള സ്വകാര്യ ബാങ്കിന്റെ എ ടി എമ്മില്‍ പണമെടുക്കാന്‍ എത്തിയ പെണ്‍കുട്ടിയെ ആണ് ഇയാള്‍ പീഡനത്തിന് ഇരയാക്കിയത്. പെണ്‍കുട്ടി എ ടി എമ്മിലേക്ക് കയറവേ അകത്തുണ്ടായിരുന്ന പ്രതി, അവിടെ പണമില്ലെന്ന് പറഞ്ഞ് കുട്ടിയെ അടുത്തുള്ള എസ് ബി ഐ എടിഎമ്മിലേക്ക് കൂട്ടിക്കൊണ്ടുപോയി. എ ടി എമ്മില്‍ കയറിയ പ്രതി മെഷീനില്‍ കാര്‍ഡ് ഇട്ട ശേഷം പെണ്‍കുട്ടിയോട് ഭാഷ തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടു. കുട്ടി മെഷീനില്‍ ബട്ടന്‍ അമര്‍ത്തുന്നതിനിടെ ഇയാള്‍ പിറകിലൂടെ വന്ന് ലൈംഗികാതിക്രമം നടത്തിയെന്നാണ് പോലീസ് പറയുന്നത്.പെട്ടെന്ന് കുതറി ഓടിയ പെണ്‍കുട്ടി വിവരം മാതാവിനോട് പറയുകയും തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. സമീപത്തുണ്ടായിരുന്നവര്‍ പ്രതിയെ തിരിച്ചറിഞ്ഞിരുന്നെങ്കിലും സി സി ടി വി പരിശോധിച്ച് പോലീസ് ആളെ സ്ഥിരീകരിച്ചു. പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ രാത്രിയോടെ ഇയാളെ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.