സുപ്രധാനവും നിർണായകവുമാണ് 16 വയസ്സായ മുസ്‌ലിം പെൺകുട്ടിക ളുടെ വിവാഹത്തിന് സാധൂകരണം നൽകുന്ന സുപ്രീം കോടതിയുടെ ഉത്തരവ്. ഇതുസംബന്ധിച്ച് 2022 ജൂണിൽ പഞ്ചാബ്-ഹരിയാന ഹൈക്കോടതി നടത്തിയ വിധിപ്രസ്താവം ശരിവെക്കുകയായിരുന്നു ജസ്റ്റിസ് നാഗരത്‌ന, ജസ്റ്റിസ് ആർ മഹാദേവൻ എന്നിവരടങ്ങിയ സുപ്രീം കോടതി ബഞ്ച്. പ്രണയത്തെ തുടർന്ന് വിവാഹിതരായ 21കാരനായ പഞ്ചാബ് സ്വദേശിയും 16കാരിയായ ഭാര്യയും കുടുംബത്തിൽ നിന്ന് ഭീഷണി നേരിടുന്നതിനാൽ തങ്ങളുടെ ജീവൻ രക്ഷിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിലായിരുന്നു ഹൈക്കോടതി ഇവരുടെ വിവാഹം ശരിവെച്ചതും സംരക്ഷണത്തിന് ഉത്തരവിട്ടതും. ഇസ്‌ലാമികാചാര പ്രകാരമാണ് വിവാഹമെങ്കിലും കുടുംബം വിവാഹത്തിനെതിരായിരുന്നു.മുസ്‌ലിം വ്യക്തിനിയമത്തിലെ 195ാമത് അനുഛേദ പ്രകാരം 16 വയസ്സുള്ള പെൺകുട്ടിക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാനുള്ള അവകാശമുണ്ട്. ഇതനുസരിച്ച് ഇവരുടെ വിവാഹം നിയമപരമാണെന്നാണ് ജസ്റ്റിസ് ജസ്തിത് സിംഗിന്റെ നേതൃത്വത്തിലുള്ള ഹൈക്കോടതി ബഞ്ച് പ്രസ്താവിച്ചത്. ഹരജിക്കാരുടെ അവകാശങ്ങൾക്കു നേരെ കണ്ണടക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, അവരുടെ സുരക്ഷക്കാവശ്യമായ നടപടികൾ കൈക്കൊള്ളാൻ പത്താൻകോട് പോലീസ് സൂപ്രണ്ടിന് നിർദേശം നൽകുകയും ചെയ്തു. ഈ ഉത്തരവിനെതിരെ ദേശീയ ബാലാവകാശ സംരക്ഷണ സമിതി നൽകിയ ഹരജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതി ബുധനാഴ്ച ഹൈക്കോടതി വിധിക്ക് പച്ചക്കൊടികാട്ടിയത്.ഈ കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതി മറ്റു ചില ശ്രദ്ധേയമായ കാര്യങ്ങളും ചൂണ്ടിക്കാട്ടി. “ഇന്ത്യൻ നിയമപ്രകാരം പ്രായപൂർത്തിയായില്ലെങ്കിലും പ്രായപൂർത്തിയോടടുത്ത വ്യക്തികൾ തമ്മിലുള്ള പ്രണയങ്ങളെ വ്യത്യസ്തമായി കാണണം. ഇത്തരം കേസുകളെയെല്ലാം പോക്‌സോ ഇനത്തിൽ ഉൾപ്പെടുത്ത രുത്. പ്രായപൂർത്തിയാകാത്ത കൗമാരക്കാർ ഒളിച്ചോടുന്ന പ്രണയ കേസുകളുണ്ട്. യഥാർഥ പ്രണയമുള്ളിടത്ത് അവർ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു.ഇതിനെ ക്രിനൽ കേസുകളായി കാണരുത്. ക്രിമിനൽ കേസുകളും അവയും തമ്മിൽ തിരിച്ചറിയണം. ഒരു പെൺകുട്ടി ആൺകുട്ടിയെ സ്‌നേഹിക്കുകയും അവൻ ജയിലിലേക്ക് അയക്കപ്പെടുകയും ചെയ്താൽ അവൾക്ക് ഉണ്ടാകുന്ന ആഘാതമെന്തായിരിക്കും. ഒളിച്ചോട്ടം മറച്ചുവെക്കാൻ ചിലപ്പോൾ മാതാപിതാക്കൾ പോക്‌സോ ഫയൽ ചെയ്‌തെന്നിരിക്കും. ശരിയായ പോക്‌സോ കേസുകളിൽ ഇടപെടുന്നതാണ് ബാലാവകാശ സംരക്ഷണ സമിതിക്ക് ഉചിതമെന്നും ജസ്റ്റിസ് നാഗരത്‌ന ഉദ്‌ബോധിപ്പിച്ചു.മുസ്‌ലിംവ്യക്തി നിയമത്തെ മാത്രം അടിസ്ഥാനമാക്കിയല്ല, കൗമാരക്കാരിയായ പെൺകുട്ടിയുടെ മാനസിക നിലയും ലൈംഗിക താത്പര്യവും കണക്കിലെടുത്ത് വേണം ഇത്തരം കേസുകളിൽ വിധി തീർപ്പാക്കേണ്ടതെന്നും വിവാഹം 18 വയസ്സിന് ശേഷം മാത്രമെന്ന നിലപാട് എല്ലാ കേസുകളിലും പ്രായോഗികമല്ലെന്നുമാണ് സുപ്രീം കോടതി പറഞ്ഞുവെക്കുന്നത്. മാത്രമല്ല, 16നും18നുമിടയിൽ പ്രായമുള്ളവർക്കിടയിലെ ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം കുറ്റകരമായി കണക്കാക്കാനാകില്ലെന്നും പോക്‌സോ നിയമം, ഭാരതീയ ന്യായ സംഹിത തുടങ്ങിയവയിൽ ബലാത്സംഗം നിർവചിക്കുന്ന വകുപ്പുകളിൽ മാറ്റം വരുത്തണമെന്നും സുപ്രീം കോടതി നിയോഗിച്ച അമിക്കസ്‌ക്യൂറിയായ മുതിർന്ന അഭിഭാഷക ഇന്ദിര ജയ്‌സിംഗ് കഴിഞ്ഞ മാസം സമർപ്പിച്ച റിപോർട്ടിൽ നിർദേശിക്കുന്നുമുണ്ട്. പിന്നെന്തിനാണ് പതിനഞ്ചും പതിനാറും വയസ്സുള്ള പെൺകുട്ടികളുമായി സദുദ്ദേശ്യത്തോടെ നടക്കുന്ന വിവാഹത്തെ വലിയ അപരാധമായും കടുത്ത ക്രിമിനൽ കുറ്റമായും കാണുന്നത്?ഇന്ത്യയിൽ വിവാഹ പ്രായത്തിനുള്ള വയസ്സ് 18 ആയി ഉയർത്തിയത് ആർത്തവകാരിയാവുകയും ലൈംഗിക താത്പര്യം ഉടലെടുക്കുകയും ചെയ്ത പെൺകുട്ടികളോട് ചെയ്യുന്ന നീതികേടാണെന്ന അഭിപ്രായം നിയമജ്ഞർക്കിടയിൽ തന്നെയുണ്ട്. കൗമാരപ്രണയവും കൗമാര പ്രായത്തിലെ ലൈംഗിക ബന്ധങ്ങളും യഥേഷ്ടം നടക്കുന്നുണ്ട് രാജ്യത്ത്.സ്‌കൂൾ വിദ്യാർഥികളിൽ ഒരു വിഭാഗം സഹപാഠികളുമായോ പുറത്തുള്ളവരുമായോ പ്രണയത്തിൽ ഏർപ്പെടുന്നവരാണ്. വിജനമായ സ്ഥലങ്ങളിലോ ആളൊഴിഞ്ഞ കെട്ടിടങ്ങളിലോ നഗരത്തിലെ ലോഡ്ജുകളിലോ ചെന്ന് ചിലരെങ്കിലും ലൈംഗിക ബന്ധത്തിലേർപ്പെടുന്നുമുണ്ട്. ഈയൊരു സാഹചര്യത്തിൽ പതിനെട്ട് വയസ്സിനു മുമ്പുള്ള വിവാഹത്തെ കർശനമായി നിരോധിക്കുന്നത് കൗമാരക്കാർക്കിടയിൽ അവിഹിത വേഴ്ചക്ക് പ്രോത്സാഹനം നൽകലായി മാറും.സ്ത്രീകളുടെ ക്ഷേമത്തിനും ശാക്തീകരണത്തിനും വിഘാതമാണ് പതിനെട്ട് വയസ്സിന് മുമ്പ് വിവാഹിതരാകുന്നത്, അതവരുടെ വിദ്യാഭ്യാസത്തിന് തടസ്സമാകുമെന്നൊക്കെയാണ് വിവാഹ പ്രായം ഉയർത്തിയതിന് കാരണമായി പറയാറ്. എന്നാൽ വിവാഹിതയായ ശേഷവും ഉന്നത വിദ്യാഭ്യാസം നേടുകയും വിദ്യാഭ്യാസ-തൊഴിൽ മേഖലകളിൽ ഉന്നതങ്ങൾ എത്തിപ്പിടിക്കുകയും ചെയ്ത സ്ത്രീകൾ എത്രയോ ഉണ്ട്.മാത്രമല്ല മിക്ക വിദേശ രാജ്യങ്ങളിലും വിവാഹപ്രായം ഇന്ത്യയിലേതിനേക്കാൾ കുറവാണ്. അമേരിക്ക, ബ്രിട്ടൻ, റഷ്യ, ഫിലിപ്പൈൻസ് തുടങ്ങിയ വികസിത രാജ്യങ്ങളിൽ പതിനാറ് വയസ്സാണ് വിവാഹപ്രായം. ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ 11 ഉം ജപ്പാനിൽ 13ഉം വയസ്സാണ്. ഈ സാഹചര്യത്തിൽ 15, 16 വയസ്സ് പ്രായത്തിൽ പെൺകുട്ടികളെ വിവാഹം ചെയ്യുന്നത് വലിയ അപരാധവും കടുത്ത ക്രിമിനൽ കുറ്റവുമായി കാണുന്നതിന് ന്യായീകരണമില്ല. വിവാഹപ്രായം ചുരുങ്ങിയത് 16ലേക്കെങ്കിലും ചുരുക്കുകയാണ് സർക്കാർചെയ്യേണ്ടത്.